പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി മവാഖിഫിന് കീഴിലുള്ള പൊതുപാർക്കിങ്ങുകൾ സൗജന്യമാക്കിയതായി അധികൃതർ അറിയിച്ചു. ജനുവരി രണ്ടിന് രാവിലെ എട്ട് മണിവരെ പാർക്കിങ് ഫീസ് ഈടാക്കില്ല. മുസഫ എം-18 ട്രക്ക് പാർക്കിങ് ലോട്ടിനും ഈ തീരുമാനം ബാധകമാണെന്ന് എഡി മൊബിലിറ്റി വ്യക്തമാക്കി. പുതുവത്സര ദിനത്തിൽ ദർബ് ടോൾ ഗേറ്റ് സംവിധാനവും ഫീസ് ഈടാക്കില്ല. അതേസമയം, കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ ജനുവരി ഒന്നിന് പ്രവർത്തിക്കില്ലെന്നും ജനുവരി രണ്ടുമുതൽ വീണ്ടും തുറക്കുമെന്നും അധികൃതർ അറിയിച്ചു. അബൂദബി മൊബിലിറ്റി വെബ്സൈറ്റ്, ദർബി, ദർബ് വെബ്സൈറ്റുകളും ആപ്പുകളും, താം പ്ലാറ്റ്‌ഫോം എന്നിവ മുഖേന ഉപയോക്താക്കൾക്ക് ഓൺലൈൻ സേവനങ്ങൾ തുടർന്നും ലഭ്യമാകുമെന്നും എഡി മൊബിലിറ്റി അറിയിച്ചു. പൊതു ബസ് സർവീസുകൾ ആഴ്ചാന്ത്യവും പൊതു അവധി ദിനങ്ങളും കണക്കിലെടുത്തുള്ള സമയക്രമത്തിൽ പ്രവർത്തിക്കും. യാത്രക്കാരുടെ ആവശ്യകത അനുസരിച്ച് അധിക റീജ്യനൽ, ഇന്റർസിറ്റി ബസ് സർവീസുകൾ അനുവദിക്കുമെന്നും അറിയിച്ചു. ബസുകളുടെ സമയംക്രമവും റൂട്ടുകളും അബൂദബി മൊബിലിറ്റി വെബ്സൈറ്റ്, ദർബി ആപ്പ്, അല്ലെങ്കിൽ ഗൂഗിൾ മാപ്സ് വഴി അറിയാൻ സാധിക്കും.
ഉപയോക്താക്കൾക്ക് സഹായത്തിനായി 800850 എന്ന ടോൾഫ്രീ നമ്പറും പ്രവർത്തനക്ഷമമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം, പുതുവത്സര ദിനത്തിൽ എമിറേറ്റിലെ പൊതുപാർക്കിങ്ങുകൾ സൗജന്യമാക്കുമെന്ന് ഷാർജ മുനിസിപ്പാലിറ്റിയും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ നീല അടയാളങ്ങളാൽ വ്യക്തമാക്കിയിട്ടുള്ളതും എല്ലാ ദിവസവും, പൊതു അവധി ദിവസങ്ങളിലും പ്രവർത്തിക്കുന്നതുമായ സ്മാർട്ട് പാർക്കിങ് ലോട്ടുകളും പെയ്ഡ് പബ്ലിക് പാർക്കിങ് മേഖലകളും ഈ ഇളവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
മാതൃകയായി മടക്കം; യുഎഇയിൽ ആറു പേർക്ക് പുതുജീവൻ നൽകി പ്രവാസി മലയാളി
അബുദാബിയിൽ ഇ-സ്കൂട്ടറിടിച്ച് മസ്തിഷ്ക മരണം സംഭവിച്ച മലയാളി പ്രവാസി എം. ബാബുരാജൻ മരണാനന്തരവും ആറുപേരിലൂടെ ജീവിതത്തിലേക്ക് മടങ്ങിവരുന്നു. പുതുവർഷത്തിന് തൊട്ടുമുൻപ് ആറ് കുടുംബങ്ങൾക്ക് പ്രത്യാശയുടെ വെളിച്ചം നൽകിക്കൊണ്ടാണ് ബാബുരാജന്റെ അവയവങ്ങൾ ദാനം ചെയ്യാൻ അദ്ദേഹത്തിന്റെ കുടുംബം തീരുമാനമെടുത്തത്. സ്വർണ്ണപ്പണിക്കാരനായ ബാബുരാജൻ ഈ മാസം 16-ന് അബുദാബി വേൾഡ് ട്രേഡ് സെന്ററിന് സമീപമുണ്ടായ വാഹനാപകടത്തിലാണ് അന്തരിച്ചത്.
അബുദാബി വേൾഡ് ട്രേഡ് സെന്ററിനടുത്തുള്ള ട്രാഫിക് സിഗ്നലിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് ഇലക്ട്രിക് സ്കൂട്ടർ ബാബുരാജനെ ഇടിച്ചത്. ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയുണ്ടായ അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. പ്രിയപ്പെട്ടവന്റെ വിയോഗവാർത്ത കേട്ട ആഘാതത്തിനിടയിലും മറ്റുള്ളവർക്ക് ജീവൻ പകർന്നു നൽകുക എന്ന പുണ്യപ്രവൃത്തിയിലേക്ക് അദ്ദേഹത്തിന്റെ കുടുംബം ധീരമായ ചുവടുവെച്ചു.
യുഎഇ ആരോഗ്യ മന്ത്രാലയത്തിന്റെ അവയവദാന സംരംഭമായ ‘ഹയാത്ത് പ്രോഗ്രാമുമായി’ ഏകോപിപ്പിച്ചാണ് ഹൃദയം, വൃക്കകൾ, പാൻക്രിയാസ്, കരൾ, ശ്വാസകോശം എന്നിവ ദാനം ചെയ്തത്. തങ്ങൾക്ക് പ്രിയപ്പെട്ടവനെ നഷ്ടപ്പെട്ടെങ്കിലും മറ്റുള്ളവരിലൂടെ അദ്ദേഹം ജീവിക്കട്ടെ എന്ന കുടുംബത്തിന്റെ ആഗ്രഹം മനുഷ്യത്വത്തിന്റെ വലിയൊരു മാതൃകയാണ് സമൂഹത്തിന് മുന്നിൽ വെക്കുന്നത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളിൽ ഹയാത്ത് ടീം കുടുംബത്തെ സഹായിക്കുന്നുണ്ട്. കുമാരിയാണ് ബാബുരാജന്റെ ഭാര്യ. പ്രീതി, കൃഷ്ണ പ്രിയ എന്നിവർ മക്കളാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
കനത്ത മഴ; യുഎഇയിൽ പല റോഡുകളിലും വെള്ളക്കെട്ട്, ജാഗ്രതാ നിർദ്ദേശം
യുഎഇയുടെ വിവിധ മേഖലകളിൽ കഴിഞ്ഞ ദിവസം ശക്തമായ മഴ പെയ്തു. കനത്ത മഴയെ തുടർന്ന് നിരവധി റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. വടക്കൻ, കിഴക്കൻ എമിറേറ്റുകളിൽ മഴ ശക്തമായതോടെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോയും ആംബർ അലർട്ടുകളും പ്രഖ്യാപിച്ചിരുന്നു. ദുബൈ, റാസൽഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിലാണ് പ്രധാനമായും മഴ ലഭിച്ചത്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കെട്ടിനിന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കി. പർവത മേഖലകളിൽ നിന്നുള്ള മഴവെള്ളം കുത്തിയൊഴുകി റോഡുകളിലേക്ക് എത്തിയതോടെ റാസൽഖൈമയിലും ഫുജൈറയിലും ഗതാഗതം ഏറെക്കുറെ താറുമാറായി. നിരവധി വാഹനങ്ങൾ വെള്ളക്കെട്ടിൽ കുടുങ്ങിയതായി റിപ്പോർട്ടുണ്ട്.
ഫുജൈറയിലെ മസാഫി, ആസ്മ, മുർബാദ് മേഖലകളിൽ മിതമായതും ചിലയിടങ്ങളിൽ അതിശക്തമായതുമായ മഴ രേഖപ്പെടുത്തി. ദുബൈയിലെ അൽ ലിസൈലി പ്രദേശത്തും ശക്തമായ മഴ അനുഭവപ്പെട്ടു. റാസൽഖൈമയിലെ മസാഫി മേഖലയിലും മഴ റിപ്പോർട്ട് ചെയ്തു. ഖോർഫക്കാൻ റോഡിലും മുർബാദ്–മസാഫി പാതയിലും കനത്ത മഴയ്‌ക്കൊപ്പം ചെറിയ തോതിൽ ആലിപ്പഴ വർഷവും ഉണ്ടായതായി അധികൃതർ അറിയിച്ചു. മഴയെ തുടർന്ന് റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് വാഹനയാത്രക്കാർക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. യാത്രയ്ക്കിടെ വേഗത കുറയ്ക്കാനും മുൻപിലുള്ള വാഹനങ്ങളുമായി ആവശ്യമായ സുരക്ഷാ അകലം പാലിക്കാനും നിർദേശിച്ചിരുന്നു. റോഡ് സുരക്ഷ ഉറപ്പാക്കാൻ ജാഗ്രത പാലിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകൾ അഭ്യർത്ഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt





























































































