ഇന്ത്യയിലെ സ്വകാര്യ ടെലികോം കമ്പനികള്‍ മൊബൈല്‍ നിരക്കുകള്‍ 10% മുതല്‍ 12% വരെ കൂട്ടിയേക്കും
ദീപാവലിയോടെ പ്രീപെയ്ഡ് താരിഫുകള്‍ 10 ശതമാനം മുതല്‍ 12 ശതമാനം വരെ വര്‍ധിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഒക്ടോബറിലോ നവംബറിലോ താരിഫ് വര്‍ധനവ് ഉണ്ടായേക്കാം. ഈ താരിഫ് വര്‍ധനയോടെ ഓരോ ഉപയോക്താവില്‍ നിന്നും ഈടാക്കുന്ന ശരാശരി നിരക്ക് (ARPU) 10 ശതമാനം കൂടി ഉയരുമെന്ന് വിശകലന വിദഗ്ധര്‍ പ്രവചിക്കുന്നു. ടെലികോം കമ്പനികള്‍ 10 ശതമാനം മുതല്‍ 12 ശതമാനം നിരക്കില്‍ മറ്റൊരു പ്രീപെയ്ഡ് താരിഫ് വര്‍ധന കൂടി നടപ്പിലാക്കുമെന്നാണ് ഇക്വിറ്റി റിസര്‍ച്ച് വിദഗ്ധന്‍ മയൂരേഷ് ജോഷി പറഞ്ഞത്. ഭാരതി എയര്‍ടെല്‍, ജിയോ, വി എന്നിവയുടെ എആര്‍പിയു യഥാക്രമം 200, 185, 135 രൂപയായി ഉയര്‍ത്താനാണ് സാധ്യത.
അതേ സമയം ഭാരതി എയര്‍ടെലും റിലയന്‍സ് ജിയോയും 2023 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളെ ചേര്‍ക്കാനാണ് നീക്കം നടത്തുന്നത്. എന്നാല്‍, പുതിയ വരിക്കാരെ സ്വന്തമാക്കുന്നതില്‍ വി ഇപ്പോഴും പ്രതിസന്ധിയില്‍ തന്നെയാണ്. രാജ്യത്തുടനീളം ശക്തമായ 4ജി നെറ്റ്വര്‍ക്ക് ഉള്ളതിനാല്‍ ഭാരതി എയര്‍ടെലും റിലയന്‍സ് ജിയോയും 2023 സാമ്പത്തിക വര്‍ഷത്തില്‍ കൂടുതല്‍ ഉപഭോക്താക്കളെ ചേര്‍ക്കാന്‍ പുതിയ തന്ത്രങ്ങള്‍ പ്രയോഗിച്ചേക്കും. ബാഹ്യ നിക്ഷേപകര്‍ മുഖേന ഫണ്ട് സ്വരൂപിക്കാന്‍ പാടുപെടുന്നതിനാല്‍ വരിക്കാരെ കൂട്ടിച്ചേര്‍ക്കുന്നതില്‍ ഓരോ മാസവും വി യുടെ പ്രകടനം താഴോട്ടുമാണ്.
എന്നാല്‍ പ്രീപെയ്ഡ് പ്ലാനുകളുടെ താരിഫ് വര്‍ധന എയര്‍ടെല്ലിനെ ഹ്രസ്വകാല ലക്ഷ്യമായ 200 രൂപ ആര്‍പു സംഖ്യയിലെത്താന്‍ സഹായിച്ചേക്കും. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആര്‍പു 300 രൂപയിലേക്ക് എത്തിക്കാനാണ് എയര്‍ടെല്‍ ആഗ്രഹിക്കുന്നത്. ഇതിനര്‍ഥം വരും വര്‍ഷങ്ങളില്‍ ഒന്നിലധികം താരിഫ് വര്‍ധനകള്‍ വന്നേക്കുമെന്നാണ്. താരിഫ് വര്‍ധനയുടെ കാര്യത്തില്‍ വോഡഫോണ്‍ ഐഡിയയും എയര്‍ടെല്ലിനെ പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എയര്‍ടെല്‍ താരിഫ് വര്‍ധിപ്പിക്കുന്നത് വി യ്ക്ക് ഗുണകരമാകും. എന്നാല്‍ നിരക്ക് വര്‍ധിപ്പിച്ചാല്‍ വിയുടെ ആര്‍പു 150 രൂപ കടന്നേക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, ജിയോ നിരക്ക് വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് ഇതുവരെ സൂചനകളൊന്നും നല്‍കിയിട്ടില്ല.
Comments (0)