കേള്‍വി ശക്തിയില്ലാത്തവര്‍ക്കും വീഡിയോ ആസ്വദിക്കാം; സംഭവം കിടിലനാ; വിശദാംശം ചുവടെ
പുതിയ സവിശേഷതകളുമായി ആപ്പിള്‍ കമ്പനി രംഗത്തെത്തിയിരിക്കുകയാണ്. ശാരീരിക പരിമിതകളുള്ളവരെ സഹായിക്കുന്നതിനായി പുതിയ ചില ഫീച്ചറുകളാണ് ആപ്പിള്‍ പ്രഖ്യാപിച്ചത്.
വീഡിയോകളിലെ ലൈവ് കാപ്ഷന്‍ ഫീച്ചറാണ് അതില്‍ പ്രധാനപ്പെട്ട ഒന്ന്. ഐഫോണുകള്‍, ഐപാഡുകള്‍, മാക്ക് കംപ്യൂട്ടറുകള്‍ എന്നിവയിലെല്ലാം കാണുന്ന വീഡിയോകളില്‍ സംസാരിക്കുന്നത് എന്താണെന്ന് കാപ്ഷനുകളായി സ്‌ക്രീനില്‍ കാണിക്കുന്ന സംവിധാനമാണിത്. അതേ സമയം കേള്‍വിക്ക് പ്രശ്നങ്ങളുള്ളവര്‍ക്കും ശബ്ദമില്ലാതെ തന്നെ വീഡിയോ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ സാധിക്കും. സ്ട്രീമിങ് സേവനങ്ങള്‍, ഫേസ് ടൈം കോളുകള്‍, മറ്റ് വീഡിയോ കോണ്‍ഫറന്‍സിങ് ആപ്പുകള്‍ എന്നിവയിലെല്ലാം ഈ സൗകര്യം പ്രയോജനപ്പെടുത്താനാവും.
എന്നാല്‍ സമാനമായൊരു ഫീച്ചര്‍ നിലവില്‍ ഗൂഗിള്‍ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ ലഭ്യമാണ്. ഈ വര്‍ഷം അവസാനത്തോടെ പുതിയ ഫീച്ചര്‍ ഉപഭോക്താക്കളിലേക്ക് എത്തും. കാഴ്ചയില്ലാത്തവര്‍ക്കും കാഴ്ചക്കുറവുള്ളവര്‍ക്കും സഹായകമായ ഡോര്‍ ഡിറ്റക്ഷന്‍ ഫീച്ചറും ആപ്പിള്‍ അവതരിപ്പിച്ചു. പരിചയമില്ലാത്ത സ്ഥലങ്ങളിലെ വാതിലുകള്‍ ഐഫോണ്‍, ഐപാഡ് എന്നിവ ഉപയോഗിച്ച് തിരിച്ചറിയാന്‍ സാധിക്കുന്ന സംവിധാനമാണിത്. വാതില്‍ തുറന്നിട്ടുണ്ടോ, അടച്ചിട്ടിരിക്കുകയാണോ എന്നും തള്ളിത്തുറക്കാനാവുമോ, അതോ നോബ് തിരിച്ച് തുറക്കണോ തുടങ്ങിയ വിവരങ്ങളും ഈ ഫീച്ചറിലൂടെ അറിയാന്‍ സാധിക്കും. ലിഡാര്‍ സാങ്കേതിക വിദ്യയും മെഷീന്‍ ലേണിങും ഉപയോഗിച്ചാണ് ഡോര്‍ ഡിറ്റക്ഷന്‍ ഫീച്ചറിന്റെ പ്രവര്‍ത്തനം. ഐഫോണ്‍ പ്രോയിലും, ഐപാഡ് പ്രോ മോഡലിലും ലിഡാര്‍ സൗകര്യമുണ്ട്.
Comments (0)