അതിവേഗത്തില്‍ തീ കെടുത്തുന്ന റോബോട്ടിനെയറിയാമോ? ഡല്‍ഹി ഫയര്‍ഫോഴ്സില്‍ 2 റോബോട്ടുകള്‍
ഡല്‍ഹി: ഡല്‍ഹി നഗരത്തിലെ തീപ്പിടിത്തങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി റോബോട്ടുകള്‍ ഉപയോഗിക്കാന്‍ ഡല്‍ഹി ഭരണകൂടം. ഇതിന്റെ ഭാഗമായി ഡല്‍ഹിയിലെ അഗ്‌നിരക്ഷാ സേനയ്ക്ക് വേണ്ടി രണ്ട് റോബോട്ടുകള്‍ രംഗത്തിറക്കി. അതേ സമയം വീതിയില്ലാത്തെ വഴികളിലൂടെയും സംഭരണ ശാലകളിലും കാടുകളിലുമെല്ലാം സഞ്ചരിച്ച് തീയണക്കാന്‍ ഈ റോബോട്ടുകള്‍ക്ക് സാധിക്കും. രക്ഷാപ്രവര്‍ത്തകര്‍ നേരിട്ട് പോവുന്നത് അപകരമായ ഓയില്‍, കെമിക്കല്‍ ഫാക്ടറികളിലും മറ്റും ഈ റോബോട്ടുകള്‍ ഉപയോഗിക്കാനാവും. റിമോട്ട് നിയന്ത്രിതമായി പ്രവര്‍ത്തിക്കുന്ന ഈ റോബോട്ട് വലിയ വാഹനങ്ങള്‍ക്കും ആളുകള്‍ക്കും ചെന്നെത്താന്‍ സാധിക്കാത്ത സങ്കീര്‍ണമായ സ്ഥലങ്ങളില്‍ ഉപയോഗിക്കാന്‍ സാധിക്കും.
ഇന്ത്യയില്‍ ആദ്യമായാണ് അഗ്‌നിരക്ഷാ സേനയ്ക്ക് വേണ്ടി ഇത്തരം റോബോട്ടുകള്‍ അവതരിപ്പിക്കുന്നത് എന്ന് ഡല്‍ഹി ആഭ്യന്തര മന്ത്രി സത്യേന്ദര്‍ ജെയ്ന്‍ പുറഞ്ഞു. റോബോട്ടിന്റെ പരീക്ഷണം വിജയകരമായിരുന്നു. നിലവില്‍ രണ്ട് റോബോട്ടുകളാണ് എത്തിച്ചിട്ടുള്ളത്. കൂടുതല്‍ റോബോട്ടുകള്‍ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു മിനിറ്റില്‍ 2400 ലിറ്റര്‍ വെള്ളം പുറത്തേക്ക് പ്രവഹിപ്പിക്കാന്‍ സാധിക്കും വിധം സമ്മര്‍ദ്ദം ചെലുത്താനുള്ള ശക്തി റോബോട്ടിനുണ്ട്. വെള്ളം എങ്ങനെ പ്രവഹിപ്പിക്കണം എന്ന് റിമോട്ട് ഉപയോഗിച്ച് നിയന്ത്രിക്കാം. 300 മീറ്റര്‍ അകലത്ത് നിന്ന് ഇത് നിയന്ത്രിക്കാനാവും. തീയും പുകയും ചൂടും റോബോട്ടിനെ ബാധിക്കില്ല.
റോബോട്ടുകള്‍ക്ക് പടികള്‍ കയറിപ്പോവാനും സാധിക്കും എന്നതും ഒരു പ്രത്യേകതയാണ്. മണിക്കൂറില്‍ നാല് കിലോമീറ്റര്‍ വേഗതയില്‍ ഇതിന് സഞ്ചരിക്കാനാവും. ഇതിന് മുന്നില്‍ സ്ഥാപിച്ചിടുള്ള ക്യാമറയും സെന്‍സറും ഉപയോഗിച്ച് തീയുള്ള ഇടം തിരിച്ചറിഞ്ഞ് വെള്ളമടിക്കാന്‍ റോബോട്ടിനാവും. ക്യാമറ ഉപയോഗിച്ച് തീപ്പിടിച്ച സ്ഥലത്തെ അവസ്ഥ നിരീക്ഷിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കും. പുറത്തുള്ള ടാങ്കറുകളില്‍ നിന്ന് വലിച്ച പൈപ്പിലൂടെയാണ് റോബോട്ടിലേക്ക് വെള്ളമെത്തുക. റോബോട്ട് ചൂടാവാതിരിക്കുന്നതിന് ഒരു വെന്റിലേഷന്‍ ഫാനും ഇതില്‍ ഘടിപ്പിച്ചിട്ടുണ്ട്. റോബോട്ട് കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനം ഡല്‍ഹി ഫയര്‍ സര്‍വീസിന് നല്‍കിയിട്ടുണ്ട്.
Comments (0)