ഓണ്‍, ഓഫ് സ്വിച്ച് പോലുമില്ലാത്ത ഐഫോണ്‍ ഇറങ്ങുന്നു
ആപ്പിളിന്റെ അടുത്ത സ്വപ്നമാണ് ബട്ടണുകൾ ഇല്ലാത്ത ഉപകരണങ്ങള്‍ ഇറക്കുക എന്നത്. 2012 മുതല്‍ ഇത്തരം ഒരു ആശയം മുന്നോട്ടു വെച്ചിരുന്നു. ഒരു എന്നാൽ അത്തരം ഒരു ഭാവിയിലേക്ക് കമ്പനി അടുത്തിരിക്കുന്നു എന്നുള്ളതിനുള്ള തെളിവായിരിക്കാം ആപ്പിള്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്ന പേറ്റന്റ് അപേക്ഷ എന്നാണ് ആപ്പിള്‍ ഇന്‍സൈഡര്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.
ബട്ടണുകള്‍ക്കും സ്വിച്ചുകള്‍ക്കും പകരമായി പ്രത്യക്ഷത്തില്‍ തിരിച്ചറിയാനാകാത്ത ഇന്‍പുട്ട് പ്രതലങ്ങള്‍ ഉള്‍ക്കൊള്ളിക്കാനായിരിക്കും കമ്പനി ഉദ്ദേശിക്കുന്നത്.
‘ഇലക്ട്രോണിക് ഉപകരണങ്ങളില്‍ മറച്ചുവയ്ക്കാവുന്ന തരത്തിലുള്ള ഇന്‍പുട്ട് മേഖലകള്‍’ എന്ന വിവരണത്തോടെ ആപ്പിള്‍ നല്‍കിയിരിക്കുന്ന പേറ്റന്റ് അപേക്ഷയാണ് കമ്പനി ഒരുപക്ഷേ പുതിയ മേഖലയിലേക്ക് കടക്കാനുള്ള തയാറെടുപ്പു നടത്തുകയായിരിക്കാം എന്ന ചര്‍ച്ചകള്‍ക്കു വഴിവച്ചിരിക്കുന്നത്. ഇത്തരത്തിലൊരു പേറ്റന്റ് 2022 ഫെബ്രുവരിയില്‍ ആപ്പിള്‍ സ്വന്തമാക്കിക്കഴിഞ്ഞു. ഈ പേറ്റന്റ് അപേക്ഷയേയും ഇപ്പോള്‍ നല്‍കിയിരിക്കുന്ന പേറ്റന്റ് അപേക്ഷയെയും കുറിച്ച് ആപ്പിള്‍ വിശദീകരിക്കുന്നും ഉണ്ട്.
അതേസമയം ഉപകരണങ്ങളിലുള്ള വലിയ ബട്ടണുകള്‍ ഇല്ലാതാക്കാനാണ് ഇവ എന്നാണ് കമ്പനി പറയുന്നത്. ബട്ടണുകള്‍, കീകള്‍ തുടങ്ങി മെക്കാനിക്കലായുള്ള ഘടനകള്‍ ഒഴിവാക്കിയുള്ള നിര്‍മാണമാണ് കമ്പനിയുടെ പദ്ധതിയിലുള്ളത്. പഴയ തരത്തിലുള്ള മെക്കാനിക്കല്‍ സ്വിച്ചുകളും ബട്ടണുകളും പലതരം കാര്യങ്ങള്‍ക്ക് ഉപയോഗിക്കാനാവില്ല. അവ ഒരു ഇന്‍പുട്ട് ഡിവൈസിന്റെ സാന്നിധ്യം വെളിപ്പെടുത്തുകയും ചെയ്യുന്നു.
ഫോണിൽ ബട്ടണുകള്‍ക്കു പകരമായി നിരകളായി വച്ചിരിക്കുന്ന മൈക്രോപെര്‍ഫൊറേഷന്‍സ് (microperforations-നന്നേ ചെറിയ സുഷിരങ്ങള്‍) ആയിരിക്കും ഉണ്ടായിരിക്കുക. ഇത്തരം ഒരു മേഖല അവിടെ ഉണ്ടെന്ന് പ്രത്യക്ഷത്തില്‍ തോന്നില്ല. എന്നാല്‍ ഇത് ആക്ടിവേറ്റു ചെയ്യപ്പെടുമ്പോള്‍ അവിടം പ്രകാശമാനമാകുകയും വെര്‍ച്വല്‍ കീകളും ബട്ടണുകളും നോട്ടിഫിക്കേഷന്‍ ഗ്രാഫിക്‌സുമെല്ലാം കാണാന്‍ സാധിക്കുകയും ചെയ്യും. ഈ അദൃശ്യ മേഖല പല തരം ഇന്‍പുട്ടുകള്‍ സ്വീകരിച്ചേക്കും. സ്പര്‍ശം തിരിച്ചറിയാനായേക്കും. മറ്റു രീതികളായ കാന്തികവും ഓപ്ടിക്കലും കപ്പാസിറ്റന്‍സ് (capacitance) കേന്ദ്രീകൃതവുമായ സെന്‍സറുകളും ഉള്‍പ്പെടുത്തിയേക്കും. സ്പര്‍ശത്തിനനുസരിച്ച് പ്രതികരിക്കുന്നതിനായി ഹാപ്റ്റിക് പ്രദേശവും ഉണ്ടായിരിക്കാം
Comments (0)