ഗൂഗിളിനെ നേരിടാൻ സ്വന്തം സെർച്ച് എന്‍ജിനുമായി ആപ്പിൾ
സെർച്ച് എൻജിൻ മേഖലയിലേക്ക് ആപ്പിളും വരുന്നു. വാർത്ത നിങ്ങൾക്ക് അത്ഭുതമായി തോന്നിയേക്കാം. പക്ഷെ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇത് സത്യമാണ്. നിലവിൽ സേർച്ച് എൻജിൻ മേഖലയിൽ ഗൂഗിളിന് കാര്യമായ എതിരാളികളില്ല. ഈ മേഖലയിലേക്കാണ് ഐഫോൺ നിർമാതാക്കളായ ആപ്പിളും എത്തുന്നത്. ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുന്നതായിരിക്കും ആപ്പിളിന്റെ സെർച്ച് എൻജിൻ എന്നും പ്രതീക്ഷിക്കുന്നു. ആപ്പിൾ പുതിയ ഉപയോക്തൃ കേന്ദ്രീകൃത വെബ് സെർച്ചിങ് അവതരിപ്പിക്കാൻ സാധ്യതയുണ്ട്. എന്നാൽ, 2023 ജനുവരിയിൽ ഇത് സംബന്ധിച്ച് ആപ്പിൾ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് കരുതുന്നത്. 2023 ഡബ്ല്യുഡബ്ല്യുഡിസി യിൽ ആപ്പിൾ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്ന കാര്യങ്ങളുടെ ലിസ്റ്റിൽ സെർച്ച് എന്‍ജിനും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ടെക് ബ്ലോഗർ റോബർട്ട് സ്‌കോബിൾ പറയുന്നു. ഒരു സെർച്ച് എൻജിൻ തുടങ്ങുന്നതിനെക്കുറിച്ച് ആപ്പിൾ ഒന്നിലധികം തവണ ചർച്ച നടത്തിയിട്ടുമുണ്ട്.
ഡബ്ല്യുഡബ്ല്യുഡിസി 2023 എക്കാലത്തെയും ഏറ്റവും വലിയൊരു ഉൽപന്ന ലോഞ്ചായിരിക്കുമെന്നും സെർച്ച് എൻജിൻ മിക്കവാറും ജനുവരിയിൽ പ്രഖ്യാപിക്കുമെന്നും റോബർട്ട് സ്‌കോബിൾ പറഞ്ഞു. ആ വർഷം തന്നെ ആപ്പിൾ ഏറ്റവും പുതിയ ഐഒഎസ് 16, ഐപാഡ് ഒഎസ് 16, വാച്ച്ഒഎസ്, മാക്ഒഎസ് 13 എന്നിവ പുറത്തിറക്കുമെന്നും പ്രതീക്ഷിക്കുന്നു. പുതിയ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഓൾവെയ്സ്–ഓൺ ഡിസ്പ്ലേ (AoD) ഫീച്ചർ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. സാംസങ്, വൺപ്ലസ് തുടങ്ങി ബ്രാൻഡുകൾ ഇതിനകം തന്നെ ഓൾവെയ്സ്-ഓൺ ഡിസ്‌പ്ലേകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. 2022 സെപ്‌റ്റംബറിൽ ലോഞ്ച് ചെയ്യാനിരിക്കുന്ന ഐഫോൺ 14 സീരീസിൽ ആപ്പിൾ ഈ ഫീച്ചർ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഐഫോൺ 14 പ്രോ മോഡലുകൾ 120Hz റിഫ്രഷ് റേറ്റുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ പതിപ്പുകൾക്ക് 1Hz മുതൽ 120Hz വരെ റിഫ്രഷ് റേറ്റ് ക്രമീകരിക്കാൻ കഴിയുമെന്ന് റിപ്പോർട്ടിലുണ്ട്. ഇത് ഒരു നിശ്ചിത അളവ് ബാറ്ററി ലാഭിക്കാൻ സഹായിക്കും. ഇതിനാൽ എഒഡി ഫീച്ചർ പ്രവർത്തനക്ഷമമാകുമ്പോൾ റിഫ്രഷ് റേറ്റ് സ്വയമേവ 1Hz ആയി കുറയും. ഡബ്ല്യുഡബ്ല്യുഡിസിയിൽ എം2 മാക്ബുക്, എം2 മാക്ബുക് എയർ, എം2 മാക്ബുക് മിനി എന്നിവ ആപ്പിൾ പുറത്തിറക്കുമെന്ന് ടിപ്സ്റ്റർ ലീക്സ്ആപ്പിൾ പ്രോ പറയുന്നു.
Comments (0)