Posted By editor1 Posted On

ഇനി വാക്കുകളുടെ എണ്ണം കൂടും : ട്വിറ്ററില്‍ പുതിയ ‘നോട്ട്‌സ്’ ഫീച്ചര്‍ പരീക്ഷിക്കുന്നു

പുതിയ പ്രത്യേകതകളുമായി സാങ്കേതികരംഗത്ത് കുതിച്ചുയരുകയാണ് ട്വിറ്റെർ
. ദൈര്‍ഘ്യമുള്ള ലേഖനങ്ങള്‍ പങ്കുവെക്കുന്നതിന് സഹായിക്കുന്ന നോട്ട്‌സ് ഫീച്ചറുമായി ട്വിറ്റര്‍ എത്തുന്നു. 2500 വാക്കുകള്‍ ഉപയോഗിച്ചുള്ള ലേഖനങ്ങള്‍ എഴുതാന്‍ അനുവദിക്കുന്ന സൗകര്യമാണിത്.

അതേസമയം സാധാരണ ട്വീറ്റില്‍ 280 അക്ഷരങ്ങള്‍ മാത്രമാണ് ട്വിറ്റര്‍ അനുവദിക്കുന്നത്. ഇതേ തുടര്‍ന്ന് വലിയ കുറിപ്പുകള്‍ പങ്കുവെക്കാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ അവ ചിത്രങ്ങളാക്കി മാറ്റി പങ്കുവെക്കുന്നതും കുറിപ്പുകള്‍ വായിക്കാന്‍ പുറത്തുള്ള വെബ് പേജുകളിലേക്ക് ഫോളോവര്‍മാരെ ക്ഷണിക്കുന്നതും ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് പുതിയ നീക്കം.കാനഡ, ഘാന, യുകെ, യുഎസ് എന്നിവിടങ്ങളിലെ ഏഴുത്തുകാരായ വളരെ കുറച്ച് ഉപഭോക്താക്കള്‍ക്കിടയില്‍ രണ്ട് മാസത്തോളം നോട്ട്‌സ് ഫീച്ചര്‍ പരീക്ഷിക്കും. ട്വിറ്ററില്‍നിന്ന് പുറത്തുപോവാതെ നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് ഈ നീക്കം. നോട്ട്‌സ് ഫീച്ചര്‍ ഉപയോഗിച്ച് കുറിപ്പുകള്‍ എഴുതി പങ്കുവെക്കുമ്പോള്‍ ആ കുറിപ്പിന്റെ തലക്കെട്ടും ഒരു ലിങ്കുമാണ് ഫോളോവര്‍മാര്‍ കാണുക. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോഴാണ് മുഴുവന്‍ ലേഖനവും വായിക്കാന്‍ സാധിക്കുക.
ട്വിറ്ററില്‍ സ്വീകാര്യതയുള്ള എഴുത്തുകാര്‍ക്ക് അവരുടെ സൃഷ്ടികള്‍ പങ്കുവെക്കുന്നതിന് അവസരമൊരുക്കുകയാണ് നോട്ട്‌സ് ഫീച്ചറിന്റെ മുഖ്യ ലക്ഷ്യം. കഴിഞ്ഞ വര്‍ഷം ഒരു ഡച്ച് ന്യൂസ് ലെറ്റര്‍ സ്റ്റാര്‍ട്ട് അപ്പ് ആയ റെവ്യൂവിനെ (Revue) ട്വിറ്റര്‍ ഏറ്റെടുത്തിരുന്നു. നോട്ട്‌സ് ഫീച്ചറിന് വേണ്ടി ഉപയോഗിച്ചിരിക്കുന്നത് റിവ്യൂവിനെയാണെന്ന് ട്വിറ്റര്‍ വ്യക്തനമാക്കിയിട്ടുണ്ട്. നോട്ട്‌സില്‍ എഴുതുന്ന ലേഖനത്തില്‍ ജിഫുകള്‍, ചിത്രങ്ങള്‍ ഉള്‍പ്പടെയുള്ളവ ചേര്‍ത്ത് മികച്ച ഉള്ളടക്കമാക്കിമാറ്റാനും സാധിക്കും. പങ്കുവെച്ച നോട്ടുകള്‍ എഡിറ്റ് ചെയ്യാനും സൗകര്യമുണ്ട്.

മൈക്രോ ബ്ലോഗിങ് വെബ്‌സൈറ്റ് എന്ന് വിളിക്കപ്പെടുന്ന ട്വിറ്ററില്‍ തുടക്കത്തില്‍ 140 അക്ഷരങ്ങള്‍ മാത്രമേ ഉപയോഗിക്കാന്‍ സാധിച്ചിരുന്നുള്ളൂ. ഇത് പിന്നീട് 2017-ല്‍ 280 ആക്കി വര്‍ധിപ്പിച്ചു. ഇത് കൂടാതെ പങ്കുവെച്ച ട്വീറ്റുകള്‍ എഡിറ്റ് ചെയ്യാനുള്ള സൗകര്യം ഒരുക്കാനുള്ള ശ്രമവും കമ്പനി നടത്തുന്നുണ്ട്. ഇലോണ്‍ മസ്‌ക് ഏറ്റെടുക്കുന്നതോടെ നിലവിലുള്ള പ്രവര്‍ത്തന രീതിയില്‍ ട്വിറ്ററിന് അടിമുടി മാറ്റങ്ങളുണ്ടാവുമെന്നാണ് കരുതുന്നത്. പുതിയ ഈ മാറ്റം ലോകത്ത് വലിയ മാറ്റങ്ങൾ ഉണ്ടാകും എന്നാണ് കരുതുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *