Posted By editor1 Posted On

ഇന്‍സ്റ്റാഗ്രാമിൽ കൗമാരക്കാരുടെ പ്രായം സ്ഥിരീകരിക്കാന്‍ ഇതാ പുതിയ വിദ്യ

വളരെ പ്രായം കുറഞ്ഞ കുട്ടികൾ വരെ ഇൻസ്റ്റഗ്രാം വളരെയധികം ഉപയോഗിച്ചുവരുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇന്‍സ്റ്റാഗ്രാമില്‍ നിര്‍ദേശിച്ച പ്രായപരിധിയ്ക്ക് താഴെയുള്ള കുട്ടികളെ നിയന്ത്രിക്കുന്നതിനായി കുട്ടികളുടെ പ്രായം പരിശോധിക്കുന്നതിനുള്ള പുതിയ സംവിധാനം വരുന്നു. ഇതിനായി ഫേഷ്യല്‍ അനാലിസിസ് സോഫ്റ്റ് വെയറോടുകൂടിയ വീഡിയോ സെല്‍ഫി ഫീച്ചര്‍ പരീക്ഷിക്കുകയാണ് ഇന്‍സ്റ്റാഗ്രാം.

അതേസമയം ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്നവര്‍ 13 വയസിന് മുകളില്‍ പ്രായമുള്ളവരായിരിക്കണം എന്നാണ് നിബന്ധന. എന്നാല്‍ ജനന തീയ്യതി മാറ്റി നല്‍കി ഈ നിയന്ത്രണം വളരെ എളുപ്പം മറികടക്കുകയാണ് കുട്ടികള്‍.എന്നാല്‍ യുഎസില്‍ ജനന തീയ്യതി നല്‍കുന്നതിനൊപ്പം ഐഡി കാര്‍ഡ് അപ് ലോഡ് ചെയ്യുന്നതിനോ, പ്രായപൂര്‍ത്തിയായ മൂന്ന് ഉപഭോക്താക്കള്‍ സാക്ഷ്യപ്പെടുത്തുന്നതിനോ സെല്‍ഫി വീഡിയോ എടുക്കുന്നതിനോ ഇന്‍സ്റ്റാഗ്രാം ആവശ്യപ്പെടും.

എന്നാൽ, പുതിയ രീതികളിലൂടെ ഇന്‍സ്റ്റാഗ്രാമില്‍ കൗമാരക്കാര്‍ക്ക് പ്രായത്തിനനുയോജ്യമായ അനുഭവം ഉറപ്പുവരുത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്‍സ്റ്റാഗ്രാമിന്റെ മാതൃസ്ഥാപനമായ മെറ്റ പറയുന്നു. കുട്ടികളുടേയും കൗമാരക്കാരുടേയും സുരക്ഷയുടെ പേരില്‍ വ്യാപകമായ വിമര്‍ശനങ്ങള്‍ നേരിടുന്ന സേവനമാണ് ഇന്‍സ്റ്റാഗ്രാം. കുട്ടികളുടെ മാനസികാരോഗ്യത്തില്‍ ഇന്‍സ്റ്റാഗ്രാം വിപരീത സ്വാധീനമുണ്ടാക്കുന്നുണ്ടെന്ന് കമ്പനിയുടെ തന്നെ ഗവേഷണ പഠനങ്ങളില്‍ കണ്ടെത്തിയതായി മുന്‍ ഫേസ്ബുക്ക് ജീവനക്കാരി ഫ്രാന്‍സിസ് ഹൂഗന്‍ വെളിപ്പെടുത്തിയിരുന്നു. ഈ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ വിവിധ യുഎസ് സംസ്ഥാനങ്ങളില്‍ ഇന്‍സ്റ്റാഗ്രാമിനെതിരെ അന്വേഷണം നടക്കുന്നുണ്ട്.

വിവിധ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ വീഡിയോ സെല്‍ഫി വഴിയുള്ള വെരിഫിക്കേഷന്‍ നിലവിലുണ്ട്. പ്രായവും വ്യക്തിത്വവും തെളിയിക്കുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്.
അക്കൗണ്ട് ലോക്ക് ചെയ്യപ്പെടുമ്പോള്‍ അത് തിരികെ ലഭിക്കുന്നതിന് വ്യക്തിത്വം സ്ഥിരീകരിക്കുന്നതിന് വേണ്ടി നിലവില്‍ ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ സെല്‍ഫി വെരിഫിക്കേഷന്‍ ഉപയോഗിക്കുന്നുണ്ട്.
യുകെ ഡിജിറ്റല്‍ ഐഡന്റിഫിക്കേഷന്‍ സേവനദാതാവായ യോറ്റിയുമായി സഹകരിച്ചാണ് ഇന്‍സ്റ്റാഗ്രാം വീഡിയോ സെല്‍ഫികളില്‍ നിന്നും മുഖം വിശകലനം ചെയ്യുന്ന സാങ്കേതിക വിദ്യ ഒരുക്കുന്നത്. ആളുകളുടെ മുഖ ചിത്രം പരിശോധിച്ച് പ്രായം തിരിച്ചറിയാന്‍ യോറ്റിയുടെ അല്‍ഗൊരിതത്തിന്‍ സാധിക്കും.

അതേസമയം ആറ് മുതല്‍ 12 വയസ് വരെയുള്ള വരില്‍ ഈ ഈസാങ്കേതിക വിദ്യ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. പിഴവുകളുണ്ടായാല്‍ തന്നെ 1.36 വയസിന്റെ വ്യത്യാസമേ ഉണ്ടാവുന്നുള്ളൂ. അത് പോലെ 13-19 വയസുവരെയുള്ളവരില്‍ പിഴവുണ്ടായാല്‍ 1.52 വയസിന്റെ വ്യത്യാസമേയുള്ളൂ.

പ്രായം പരിശോധിച്ചുകഴിഞ്ഞാല്‍ ഈ ചിത്രങ്ങള്‍ നീക്കം ചെയ്യുമെന്ന് കമ്പനികള്‍ ഉറപ്പുനല്‍കുന്നു.
മ്യൂച്വല്‍ ഫോളോവര്‍മാരായ മൂന്ന് പ്രായപൂര്‍ത്തിയായവര്‍ക്കും ഒരാളുടെ പ്രായം സ്ഥിരീകരിക്കാന്‍ കഴിയും എന്നതാണ് പ്രത്യേകത.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *