Posted By editor1 Posted On

ടെസ്‌ലയുടെ എഐ റോബട്ടിനെ മൂന്നു മാസത്തിനുള്ളില്‍ പ്രദർശിപ്പിക്കുമെന്ന് റിപ്പോർട്ട്

ഈ കാലഘട്ടത്തിൽ സ്മാർട്ട്ഫോൺ ഉപയോഗിക്കാത്തവർ വളരെ
കുറവായിരിക്കും. എന്നാല്‍, അടുത്ത പതിറ്റാണ്ടിനുള്ളില്‍ മിക്ക വീടുകളിലും പുതിയൊരു അംഗം കൂടി കണ്ടേക്കാം. അതാരാണെന്ന് അല്ലേ?? നിങ്ങൾ കൂടുതൽ ഞെട്ടണ്ട. ഹ്യൂമനോയിഡ് റോബട് ആണ് പുതിയ അവതാരം. ഇത്തരം റോബട്ടുകള്‍ നിർമിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന കമ്പനികളില്‍ ഒന്നായ ടെസ്‌ല തങ്ങള്‍ നിര്‍മിക്കുന്ന യന്ത്രമനുഷ്യന്റെ പ്രാഥമിക രൂപം സെപ്റ്റംബര്‍ 30 ന് പ്രദര്‍ശിപ്പിക്കുമെന്ന് കമ്പനി മേധാവി ഇലോണ്‍ മസ്‌ക് ഖത്തര്‍ ഇക്കണോമിക് ഫോറത്തിൽ പറഞ്ഞതായി
ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ടെസ്‌ലയുടെ എഐ ഡേ ആണ് സെപ്റ്റംബര്‍ 30. റോബട്ടിന്റെ പേര് ഒപ്ടിമസ് എന്നായിരിക്കുമെന്ന് മസ്‌ക് നേരത്തേ വെളിപ്പെടുത്തിയിരുന്നു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ഒപ്ടിമസിനെ ആദ്യമായി പരിചയപ്പെടുത്തിയത്. ഏകദേശം 6 അടിയാണ് പൊക്കം. മണിക്കൂറില്‍ 5 മൈൽ നടക്കാന്‍ സാധിക്കും. കൂടാതെ, 150 പൗണ്ട് ഭാരം ഉയര്‍ത്താനും 45 പൗണ്ട് ഭാരം കൊണ്ടു നടക്കാനും സാധിക്കും. മനുഷ്യന് അപകടകരവും വിരസവുമായ ജോലികള്‍ ചെയ്യിക്കാന്‍ സാധിക്കും. ഒപ്ടിമസില്‍നിന്ന്‌ സൗഹാര്‍ദപരമായ പെരുമാറ്റം പ്രതീക്ഷിക്കാമെന്നതു കൂടാതെ അതിന് ഒരു നല്ല ചങ്ങാതിയാകാനും സാധിക്കുമെന്ന് കമ്പനി പറഞ്ഞിരുന്നു.

കാറിന്റെ ബോള്‍ട്ടുകള്‍ പിടിപ്പിക്കുന്നതിനും കടയില്‍ പോയി പലചരക്കു സാധനങ്ങളും മറ്റും വാങ്ങിവരാനും സാധിക്കുമെന്നും കരുതുന്നു. നേരത്തേ കാണിച്ച രൂപകല്‍പനയുമായാണ് കമ്പനി മുന്നോട്ടുപോകുന്നതെങ്കില്‍ ഹോളിവുഡ് സയന്‍സ് ഫിക്‌ഷന്‍ സിനിമയായ ‘ഐ റോബട്ടി’ല്‍ ഉള്ള എന്‍എസ്5 റോബട്ടിനോട് സാമ്യമുള്ളതായിരിക്കും ഇത്.

ഒപ്ടിമസിന്റെ പ്രാഥമികരൂപം (prototype) ആയിരിക്കും സെപ്റ്റംബര്‍ 30ന് പ്രദര്‍ശിപ്പിക്കുക. അതു ജനങ്ങള്‍ക്ക് താൽപര്യജനകമായിരിക്കുമെന്ന് മസ്‌ക് പ്രത്യാശ പ്രകടിപ്പിച്ചു. ഒപ്ടിമസിനെ വികസിപ്പിക്കാന്‍ തങ്ങള്‍ക്ക് പ്രഗത്ഭരായ ഒരു കൂട്ടം എൻജിനീയര്‍മാരുണ്ടെന്നും മസ്‌ക് കൂട്ടിച്ചേര്‍ത്തു. സെപ്റ്റംബര്‍ 30ന് തന്നെ പ്രദര്‍ശിപ്പിക്കാമെന്നാണ് ഇപ്പോള്‍ കരുതുന്നതെന്നു അദ്ദേഹം പറഞ്ഞു.

ടെസ്‌ല ബോട്ടിന് ടെസ്‌ല കാറുകളിലുള്ള ഓട്ടോപൈലറ്റ് സംവിധാനവും പ്രയോജനപ്പെടുത്തുന്നുണ്ടെന്നാണ് കരുതുന്നത്. യഥാര്‍ഥ ജീവിതത്തിലുള്ള വസ്തുക്കളെ തിരിച്ചറിയാനായിരിക്കും ഇതു പ്രയോജനപ്പെടുത്തുക. ഇതിനു പുറമെ ഒപ്ടിമസിനായി പ്രത്യേകം വികസിപ്പിച്ച സെന്‍സറുകളും ആക്ച്യുവേറ്ററുകളും ഉണ്ടായിരിക്കുമെന്നും കരുതപ്പെടുന്നു. ഒപ്ടിമസിന്റെ തലയില്‍ ടെസ്‌ലയുടെ ഓട്ടോപൈലറ്റ് ക്യാമറകള്‍ പിടിപ്പിച്ചേക്കാം. ഉള്ളിലാകട്ടെ കമ്പനിയുടെ സമ്പൂര്‍ണ സെല്‍ഫ് ഡ്രൈവിങ് കംപ്യൂട്ടറും ഉള്‍ക്കൊള്ളിച്ചേക്കാം.

ഒപ്ടിമസിന് ക്രമേണ തനതു വ്യക്തിത്വം പോലും ആര്‍ജിക്കാനുള്ള സാധ്യതയുണ്ടെന്നാണ് മസ്‌ക് നല്‍കുന്ന സൂചന. അതായത്, എല്ലാ ഒപ്ടിമസ് ബോട്ടുകളും ഒരുപോലെ ആയിരിക്കണമെന്നില്ല. കാലക്രമത്തില്‍ അവയുടെ സ്വഭാവം മാറാം. അവയുടെ ഉടമയുടെ രീതികളായിരിക്കാം അവ പഠിച്ചെടുക്കുക. എന്നാല്‍, ശരാശരി ആരോഗ്യമുള്ള ഒരാളിന് കീഴ്‌പ്പെടുത്താന്‍ പാകത്തിനായിരിക്കും ഒപ്ടിമസിനെ രൂപപ്പെടുത്തുക എന്നും മസ്‌ക് നേരത്തേ പറഞ്ഞിരുന്നു. ആഗോള തലത്തില്‍ ജോലിക്കാരുടെ കുറവു പരിഹരിക്കാനായി ഒപ്ടിമസിനെ 2022ല്‍ പുറത്തിറക്കാന്‍ സാധിച്ചേക്കുമെന്ന പ്രതീക്ഷ അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. പക്ഷേ, അതു നടന്നേക്കില്ല.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *