അമേരിക്കയിലും tiktok പിൻവലിക്കുമോ? ആപ്പ്‌സ്റ്റോറുകളില്‍ നിന്ന് ടിക് ടോക്ക് പിന്‍വലിക്കണമെന്ന് യുഎസ് എഫ്‌സിസി
ചൈനീസ് ഹ്രസ്വ വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക്ക് ആപ്പ്‌സ്റ്റോറുകളില്‍ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഗൂഗിളിനും, ആപ്പിളിനും യുഎസ് ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്‍ (എഫ്‌സിസി) കമ്മീഷണര്‍ ബ്രന്‍ഡന്‍ കാറിന്റെ കത്ത്. ചൈനയിലെ ബൈറ്റ്ഡാന്‍സ് ജീവനക്കാര്‍ക്ക് യുഎസിലെ പബ്ലിക്ക് അല്ലാത്ത യൂസര്‍ ഡാറ്റ ലഭിക്കുന്നുണ്ടെന്ന ബസ്സ്ഫീഡ് ന്യൂസ് റിപ്പോര്‍ട്ട് ഉദ്ധരിച്ചാണ് ബ്രണ്ടന്‍ കാര്‍ കത്തയച്ചിരിക്കുന്നത്.
ടിക് ടോക്കിന്റെ ഒരു യോഗത്തിന്റെ ശബ്ദ റെക്കോര്‍ഡിങ് ബസ് ഫീഡ് ന്യൂസിന് ലഭിച്ചിട്ടുണ്ട്. ഇതില്‍ 2021 സെപ്റ്റംബര്‍ മുതല്‍ 2022 ജനുവരി വരെയുള്ള അമേരിക്കന്‍ ഉപഭോക്താക്കളുടെ ഡാറ്റ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന ഒമ്പത് വ്യത്യസ്ത ജീവനക്കാരുടെ പ്രസ്താവനകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതേസമയം നേരത്തെ രാജ്യ സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ച് ട്രംപ് ഭരണകൂടവും ടിക് ടോക്കിനെതിരെ രംഗത്തുവന്നിരുന്നു. ഇതിനകം പല ചൈനീസ് സേവനങ്ങള്‍ക്കും കമ്പനികള്‍ക്കും എതിരെ യുഎസ് കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഈ നടപടികളില്‍ നിന്നും ഇത്രയും നാള്‍ രക്ഷപ്പെട്ടുനിന്ന ടിക് ടോക്കിന് ഇക്കാലയളവില്‍ ആഗോള തലത്തില്‍ വലിയ സ്വീകാര്യത നേടാനും വ്യാവസായിക വളര്‍ച്ച നേടാനും സാധിച്ചിരന്നു.
യുഎസിലെ എല്ലാ ഉപഭോക്താക്കളുടേയും ഡാറ്റ യുഎസിലും സിംഗപ്പൂരുമുള്ള സ്വന്തം ഡാറ്റാ സെന്ററുകളില്‍ നിന്ന് യുഎസില്‍ തന്നെയുള്ള ഒറാക്കിള്‍ ക്ലൗഡ് സെര്‍വറുകളിലേക്കാണ് കൊണ്ടുപോവുന്നത് എന്നാണ് ടിക് ടോക്ക് പറയുന്നത്. ബസ്ഫീഡ് റിപ്പോര്‍ട്ട് വന്ന ജൂണ്‍ 17 ന് തന്നെയാണ് ഈ പ്രഖ്യാപനം.റിപ്പോര്‍ട്ടിന് പിന്നാലെ ബൈഡന്‍ ഭരണകൂടം ടിക് ടോക്കിന് മേല്‍ നടത്തിവരുന്ന സുരക്ഷാ പരിശോധന എവിടെയെത്തിയെന്ന് ജൂണ്‍ 24 വെള്ളിയാഴ്ച ആറ് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ യുഎസ് ട്രഷറി സെക്രട്ടറി ജാനെറ്റ് യെല്ലനോട് അന്വേഷിച്ചിരുന്നു.
ടിക് ടോക്ക് മറ്റൊരു വീഡിയോ ആപ്പ് അല്ല. അത് ആട്ടിന്‍ തോലണിഞ്ഞിരിക്കുകയാണ്. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് വലിയ അളവിലുള്ള ഡാറ്റ ചൈനയ്ക്ക് ലഭ്യമാകുന്നുണ്ട്. ബ്രണ്ടന്‍ കാര്‍ കത്തില്‍ പറഞ്ഞു.
അതേസമയം 2020 ജൂണിലാണ് ടിക് ടോക്കിനെ ഇന്ത്യ നിരോധിക്കുന്നത്. ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും എതിരാണെന്ന് കാണിച്ച് ടിക് ടോക്ക് ഉള്‍പ്പടെ 58 ചൈനീസ് ആപ്പുകള്‍ക്കെതിരെയാണ് ഇന്ത്യ നിരോധനം പ്രഖ്യാപിച്ചത്.
Comments (0)