കൂടുതൽ പേർക്ക് ജോലി നൽകുമെന്ന് ഫോക്സ്കോൺ, ലോകത്ത് ഐഫോൺ തരംഗം
2022 ലെ ഐഫോൺ സീരീസ് ലോഞ്ച് ചെയ്യാൻ ആപ്പിൾ തയാറെടുക്കുമ്പോൾ തന്നെ കൂടുതൽ പേരെ ജോലിക്കെടുക്കാനും ബോണസ് നൽകാനും ഐഫോൺ നിർമാതാക്കളായ ഫോക്‌സ്‌കോണും നീക്കം നടത്തുന്നു. ചൈനയിലെ ഷെങ്‌ഷൗവിലെ ഫോക്‌സ്‌കോൺ പ്ലാന്റാണ് കമ്പനിയുടെ ഏറ്റവും വലിയ ഐഫോൺ ഫാക്ടറി.
അതേസമയം ഈ പ്ലാന്റിൽ ഇപ്പോൾ കാര്യമായി തന്നെ നിയമനം നടക്കുന്നുണ്ട്. കൂടാതെ ആപ്പിൾ ഐഫോൺ 14 ലോഞ്ചിനായി തയാറെടുക്കുന്നതിനാൽ പുതിയ തൊഴിലാളികൾക്ക് ബോണസും വാഗ്ദാനം ചെയ്യുന്നുണ്ട്. ചൈനയിൽ കോവിഡ് കേസുകൾ വർധിച്ചതിനെ തുടർന്ന് കഴിഞ്ഞ മാസം ഫോക്‌സ്‌കോൺ പുതിയ നിയമനങ്ങൾ നിർത്തിവച്ചിരുന്നു.
എന്നാൽ, സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ടനുസരിച്ച് ഫോക്സ്കോൺ പുതിയ അസംബ്ലി ലൈൻ തൊഴിലാളികളെയും ട്രെയിനികളെയും നിയമിക്കാൻ തുടങ്ങി. ഇവർക്കെല്ലാം 9,000 യുവാൻ (ഏകദേശം ഒരു ലക്ഷം രൂപ) വരെ ബോണസ് നൽകുമെന്നും അറിയിച്ചിട്ടുണ്ട്.
ബോണസിന് അർഹത നേടാനായി തൊഴിലാളികൾ കുറഞ്ഞത് നാല് മാസമെങ്കിലും ജോലിയിൽ തുടരണമെന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഐഫോൺ 14 ന്റെ നിർമാണം ഏറ്റെടുത്തിട്ടുള്ള ഫോക്‌സ്‌കോണിന്റെ ഡിജിറ്റൽ ഉൽപന്ന ബിസിനസ് ഗ്രൂപ്പിന്റെ റിക്രൂട്ട്‌മെന്റ് അറിയിപ്പ് തിങ്കളാഴ്ചയാണ് പുറത്തുവന്നത്.
അടുത്ത മാസങ്ങളിൽ കൂടുതൽ തൊഴിലാളികളെ ആകർഷിക്കുന്നതിനായി ഫോക്സ്കോൺ ക്യാഷ് റിവാർഡുകൾ വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് കൗണ്ടർപോയിന്റ് റിസർച്ചിലെ ഹോങ്കോങ് ആസ്ഥാനമായുള്ള അനലിസ്റ്റ് ഇവാൻ ലാം പറഞ്ഞു.ലോകമെമ്പാടുമുള്ള ഐഫോണുകളുടെ 80 ശതമാനവും ഉൽപ്പാദിപ്പിക്കുന്നത് ഫോക്‌സ്‌കോൺ പ്ലാന്റാണ്.
Comments (0)