Posted By user Posted On

യുഎഇ: ശമ്പളം വൈകിയാൽ തൊഴിലുടമകൾക്കെതിരെ കടുത്ത നടപടി

തൊഴിലാളികൾക്ക് ശമ്പളം നൽകുന്നത് വൈകിയാൽ തൊഴിലുടമകൾക്ക് എതിരെ കടുത്ത നടപടി. 15 ദിവസത്തിലധികം ശമ്പളം നൽകുന്നത് വൈകിയാൽ ഇത് വേദന നിയമലംഘനമായി കണക്കാക്കും. പതിനേഴാം ദിവസം കമ്പനികൾക്കെതിരെ സർക്കാർ നടപടികൾ സ്വീകരിക്കും. പിഴ ഈടാക്കുന്നതിനു പുറമേ പുതിയ വിസ നൽകുന്നതിനുള്ള അനുമതിയും ഇല്ലാതാകും.

തൊഴിലാളികൾക്ക് വേതന സുരക്ഷാ പദ്ധതി വഴിയാണ് ശമ്പളം നൽകേണ്ടത്. 15 ദിവസത്തിലധികം ശമ്പളം വൈകിയാൽ കുടിശികയായി കണക്കാക്കും. കമ്പനിയിലെ തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് ആയിരിക്കും തൊഴിലുടമയ്ക്കെതിരായ നടപടി. തൊഴിൽ കരാറിൽ ശമ്പളം നൽകുന്നതിന് വ്യക്തമായ ദിവസം രേഖപ്പെടുത്തിയിട്ടില്ലെങ്കിലും, മാസത്തിലൊരിക്കൽ ശമ്പളം നൽകണമെന്നത് നിർബന്ധമാണെന്നും മന്ത്രാലയം അറിയിച്ചു.

വൈകിയാൽ വീസ ലഭിക്കില്ല 

ശമ്പളം നൽകാൻ 17 ദിവസം വൈകിയാൽ കമ്പനികൾക്ക് പുതിയ വീസ നൽകുന്നത് മന്ത്രാലയം നിർത്തും. തൊഴിലുടമയെ ഇക്കാര്യം മുൻകൂട്ടി അറിയിക്കും. 500ൽ കൂടുതൽ തൊഴിലാളികൾ ജോലി ചെയ്യുന്ന ഒരു കമ്പനി ഒരു മാസത്തിലധികം ശമ്പളം നൽകാതിരുന്നാൽ നടപടി കടുത്തതാകും. ഈ കമ്പനികൾക്കെതിരായ നിയമ നടപടി പ്രോസിക്യൂഷനു കൈമാറും. 50 – 499നും ഇടയിൽ തൊഴിലാളികളുള്ള കമ്പനി ഒന്നര മാസത്തിലധികം വേതനം വൈകിപ്പിച്ചാലും കമ്പനിയുടെ ഫയൽ പബ്ലിക് പ്രോസിക്യൂഷനു നൽകും.
ഏതു തരം കമ്പനിയാണെങ്കിലും രണ്ടു മാസത്തിലധികം തൊഴിലാളികൾക്കു ശമ്പളം നൽകാതിരിക്കുന്നതു ഗുരുതര നിയമലംഘനമാണ്. അത്തരം കമ്പനികളുമായുള്ള വീസ സേവനങ്ങൾ തൊഴിൽ മന്ത്രാലയം നിർത്തിവയ്ക്കുകയും പുതിയ വീസ നൽകുന്നത് അവസാനിപ്പിക്കുകയും ചെയ്യും. മുന്നറിയിപ്പുകളും നടപടികളും അവഗണിച്ച് നിയമ ലംഘനം ആവർത്തിക്കുകയാണെങ്കിൽ കമ്പനിക്ക് പിഴ ചുമത്തും. മന്ത്രാലയത്തിന്റെ പട്ടികയിൽ ഇത്തരം സ്ഥാപനങ്ങൾ മൂന്നാം സ്ഥാനത്താവുകയും ചെയ്യും. തുടർച്ചയായ മൂന്ന് മാസമാണ് സ്ഥാപനങ്ങൾ വേതന വിതരണത്തിൽ കാലതാമസം വരുത്തുന്നതെങ്കിൽ ആദ്യം ഓൺലൈൻ വഴി സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകും. അതോടൊപ്പം പിഴ ചുമത്തുകയും വേതനം കൈപ്പറ്റാത്ത തൊഴിലാളികളുടെ വീസ പുതുക്കുന്നതു നിർത്തുകയും ചെയ്യും. 

ഉറപ്പാക്കണം ക്ഷേമം 

വേതനം നൽകാനാകാത്ത കമ്പനികൾ തൊഴിലാളികളുടെ സ്ഥിതി മെച്ചപ്പെടുത്താനുള്ള നിയമാനുസൃത നടപടികൾ സ്വീകരിക്കണം. ആറു മാസം കഴിഞ്ഞിട്ടും വേതനം നൽകാത്ത കമ്പനികൾക്ക് വൻ തുക പിഴയായി നൽകേണ്ടി വരും. ഇത്തരം സ്ഥാപനങ്ങൾ മന്ത്രാലയവുമായി സമ്പർക്കം പുലർത്തുന്നില്ലെങ്കിൽ പ്രോസിക്യൂഷൻ നടപടികളിലേക്ക് കടക്കും.
50 തൊഴിലാളികളുള്ള സ്ഥാപനം വേതന വിതരണം വൈകിപ്പിച്ചാൽ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം ഓൺലൈൻ പരിശോധന പൂർത്തിയാക്കിയ ശേഷം സ്ഥാപനത്തിൽ നേരിട്ടെത്തി സ്ഥിതികൾ വിലയിരുത്തും. മന്ത്രാലയ നടപടികൾ സ്പോൺസറെ നേരിട്ടറിയിക്കും. 500ൽ അധികം തൊഴിലാളികൾ ഉള്ളതാണ് ശമ്പളം കുടിശികയാക്കിയ കമ്പനിയെങ്കിൽ സ്ഥിതി ഗുരുതരമാകുമെന്നു മന്ത്രാലയം മുന്നറിയിപ്പ് നൽകി. യുഎഇയിലെ വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുകhttps://chat.whatsapp.com/GYAWb2aiCgd2jUZB09tboL

Comments (0)

Leave a Reply

Your email address will not be published. Required fields are marked *