Posted By user Posted On

യുഎഇ: തൊഴിലാളികൾക്കിനി 90 ദിവസം ചികിത്സാ അവധി ലഭിക്കും

യുഎഇയിൽ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് വർഷത്തിൽ 90 ദിവസം ചികിത്സാ അവധി ലഭിക്കുമെന്ന് മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. പ്രൊബേഷൻ കാലാവധി പൂർത്തിയാക്കിയവർക്കാണ് ചികിത്സാ അവധിക്ക് അർഹത. പ്രൊബേഷൻ കാലത്ത് ശമ്പളത്തോട് കൂടിയ ചികിത്സാ അവധി ലഭിക്കില്ല.എന്നാൽ ഇക്കാലത്ത് രോഗബാധിതരാകുന്ന തൊഴിലാളികൾക്ക് ശമ്പളമില്ലാത്ത മെഡിക്കൽ ലീവ് നൽകാൻ തൊഴിലുടമകൾ തയാറാകണം.

അവധി ലഭിക്കാൻ നിശ്ചിത ആരോഗ്യ, ചികിത്സാ കേന്ദ്രങ്ങളിൽ നിന്നുള്ള മെഡിക്കൽ റിപ്പോർട്ട് സമർപ്പിക്കണം. രോഗം ബാധിച്ചാൽ 3 ദിവസത്തിനുള്ളിൽ സ്ഥാപനത്തെ വിവരമറിയിക്കണം.പിന്നാലെ മെഡിക്കൽ റിപ്പോർട്ടും നൽകണം. അതേസമയം, രാജ്യത്തെ ആരോഗ്യ സുരക്ഷാ നിയമങ്ങൾ ലംഘിച്ചതു മൂലമുണ്ടാകുന്ന രോഗങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കില്ല.

പ്രകൃതിദുരന്തങ്ങൾ, മഹാമാരികൾ, ഗതാഗത സുരക്ഷാ നിയമങ്ങളുടെ ലംഘനം, സ്ഥാപനം നിശ്ചയിച്ച സുരക്ഷാ നിയമങ്ങൾ എന്നിവ ലംഘിച്ചതുകൊണ്ടുള്ള അപകടങ്ങൾക്കും ആനുകൂല്യമില്ല.ലഹരി ഉപയോഗം മൂലമുള്ള അത്യാഹിതങ്ങൾക്കും തൊഴിൽ മന്ത്രാലയത്തിന്റെ നിയമ പരിരക്ഷ ലഭിക്കില്ല.തൊഴിലാളിയുടെ തെറ്റായ പ്രവൃത്തി മൂലമുള്ള അപകടങ്ങൾക്കോ രോഗങ്ങൾക്കോ പരിരക്ഷയില്ല.
ഇക്കാര്യം പരിശോധിച്ച് ഉറപ്പാക്കിയ ശേഷമാകും മെഡിക്കൽ അവധി നൽകുക. ചികിത്സാ കാലാവധി കഴിഞ്ഞിട്ടും ജോലിയിൽ തിരികെയെത്തിയില്ലെങ്കിൽ തൊഴിലാളിയുടെ സേവനം അവസാനിപ്പിക്കാൻ തൊഴിലുടമയ്ക്ക് അധികാരമുണ്ട്.തൊഴിൽ ചട്ടപ്രകാരമുള്ള മുഴുവൻ അവകാശങ്ങളും നൽകിയ ശേഷമാകണം സേവനം അവസാനിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കേണ്ടതെന്നും മന്ത്രാലയം അധികൃതർ ഓർമിപ്പിച്ചു.

ആദ്യത്തെ 15 ദിവസം പൂർണ വേതനം

തൊഴിൽ പരിശീലന കാലം കഴിഞ്ഞാൽ അവധിക്ക് അപേക്ഷിക്കാം. 90 ദിവസം തുടർച്ചയായോ ഇടവേളകളിലോ അവധിയെടുക്കാം. അവധിയിൽ പ്രവേശിക്കുന്നവർക്ക് ആദ്യത്തെ 15 ദിവസം പൂർണ വേതനത്തിന് അർഹതയുണ്ട്. അടുത്ത 30 ദിവസത്തെ അവധിക്ക് പകുതി വേതനത്തിനുള്ള അർഹതയാണുള്ളത്. ബാക്കിയുള്ള 45 ദിവസം വേതന രഹിത അവധിയായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. യുഎഇയിലെ വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുകhttps://chat.whatsapp.com/GYAWb2aiCgd2jUZB09tboL

Comments (0)

Leave a Reply

Your email address will not be published. Required fields are marked *