Asia cup: ഇന്ന് ഇന്ത്യാ- പാക് പോരാട്ടം;കളികാണാൻ യുഎയിൽ സച്ചിന്റെയും ധോണിടെയും പ്രിയപ്പെട്ട ആരാധകന്മാരും
ഏഷ്യാ കപ്പിൽ(Asia cup) ഞായറാഴ്ച ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പോരാട്ടം നടക്കും. മത്സരത്തിന് ആവേശം പകരാൻ സച്ചിന്റെ ചങ്ക് ആരാധകൻ സുധീർ ചൗധരി ഗൗതമും മഹേന്ദ്രസിങ് ധോണിയുടെ കടുത്ത ആരാധകൻ റാം ബാബുവും കൊടിവീശി ദുബായിലെത്തി കഴിഞ്ഞു. ബിഹാർ സ്വദേശിയായ സുധീറും മൊഹാലിക്കാരനായ റാം ബാബുവും ഇന്നലെയാണ് സച്ചിന്റെയും ധോണിയുടെയും സ്പോൺസർഷിപ്പിൽ യുഎഇയിലെത്തിയത്. ഇരുവരും തങ്ങളുടെ സുഹൃത്തുക്കളുടെ കൂടെയാണ് ദുബായിൽ കഴിയുന്നത്.
2011 ൽ ഏകദിന ലോക കപ്പ് ഇന്ത്യ നേടിയ ശേഷം സച്ചിൻ സുധീറിനെ ആഘോഷത്തിൽ പങ്കുചേരാൻ ഡ്രസിങ് റൂമിലേക്ക് ക്ഷണിച്ചതോടെയാണ് ഇദ്ദേഹം താരമാകുന്നത്.2003 മുതൽ സച്ചിന്റെ ആരാധകനായ സുധീർ ഇന്ത്യയിൽ എവിടെ കളി നടന്നാലും കിലോമീറ്ററുകളോളം സൈക്കിൾ ചവിട്ടിയാണ് എത്തിയിരുന്നത്. മത്സരത്തിന് നാല് മണിക്കൂർ മുൻപ് ശരീരം മുഴുവൻ ത്രിവർണം പൂശി ഗ്യാലറിയിലെത്തും. ടെസ്റ്റ് മത്സരമാണെങ്കിൽ അഞ്ച് ദിവസം കുളിക്കാതെ ത്രിവർണം പൂശിയ ശരീരത്തോടെ ഗ്യാലറിയിൽ കാണും.
ധോണിയുടെ കടുത്ത ആരാധകനായ റാം ബാബു 2008 മുതൽ ഇന്ത്യൻ മത്സരം നടക്കുന്ന വേദിയിലെ സന്ദർശകനായിരുന്നു. ശരീരം മുഴുവനും ത്രിവർണം പൂശുന്ന റാം ബാബു മത്സരം തീരും വരെ ഇന്ത്യൻ പതാക വീശിയാണ് ശ്രദ്ധിക്കപ്പെട്ടത്. ഇത് ധോണിയുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്, റാംബാബുവിന് ലോകത്ത് എവിടെയും ഇന്ത്യയുടെ കളി കാണാനുള്ള സ്പോർണഷിപ്പ് ഏറ്റെടുക്കുകയായിരുന്നു.
ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വൈകിട്ട് യുഎഇ സമയം ആറിനാണ് ഏഷ്യാ കപ്പിലെ ആദ്യ ഇന്ത്യ–പാക്ക് പോരാട്ടം. ഇത് നേരിട്ട് കാണാനുള്ള കാത്തിരിപ്പിലാണ് യുഎഇയിലെ ഇന്ത്യക്കാരോടൊപ്പം സുധീറും റാം ബാബുവും. മത്സരത്തിന്റെ ടിക്കറ്റ് നേരത്തെ വിറ്റു തീർന്നിരുന്നു.
ശനിയാഴ്ച ദുബായ് സ്പോർട്സ് സിറ്റിയിലെ എൈസിസി അക്കാദമി നെറ്റ്‌സിൽ പരിശീലനത്തിന് എത്തിയ ഇന്ത്യൻ ടീമിന് പ്രോത്സാഹനവും ഊർജവും പകരുവാനും ഇരുവരും എത്തിയിരുന്നു.ശരീരത്തിൽ മുഴുവൻ ത്രിവർണം പൂശിയും തലമുടി ഇന്ത്യൻ ഭൂപടത്തിന്റെ അകൃതിയിൽ വെട്ടിയൊരുക്കി കുങ്കുമം, വെളുപ്പ്, പച്ച നിറം ചാർത്തിയും എത്തിയ സുധീറും റാം ബാബുവും ഇന്ത്യൻ ദേശീയ പതാക വീശുകയും ശംഖൊലി മുഴക്കി വന്ദേ മാതരം ചൊല്ലുകയും ചെയ്തു.സുധീർ അഞ്ചാം തവണയും റാം ബാബു മൂന്നാമത്തെ പ്രാവിശ്യവുമാണ് യുഎഇയിൽ കളി കാണാൻ എത്തുന്നത്.യുഎഇയിലെ വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക
https://chat.whatsapp.com/Hvn9LidtHi3GTacBJlugvA
Comments (0)