യുഎഇ: പാക്ക് പ്രളയത്തിന്റെ ആഘാതത്തിൽ പച്ചക്കറിക്ക് തീപിടിച്ച വില
പാക്കിസ്ഥാനിലെ വെള്ളപ്പൊക്കത്തിന്റെ ആഘാതം യുഎഇയിലും ബാധിച്ചു. പാക്കിസ്ഥാനിൽ ഉണ്ടായ പ്രളയത്തെ തുടർന്ന് യുഎഇയിൽ നിത്യോപയോഗ സാധനങ്ങൾക്ക് വൻ വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്. പാക്കിസ്ഥാനിൽ നിന്ന് എത്തുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലയാണ് മൂന്നിരട്ടിയോളം ഉയർന്നിരിക്കുന്നത്. ഇതിന്റെ മറവിൽ മറ്റ് ഉൽപ്പന്നങ്ങളുടെ വിലയും കൂട്ടുന്നതായി ഉപഭോക്താക്കൾ പരാതിപ്പെട്ടിട്ടുണ്ട്.
3 കിലോ വരുന്ന ഒരു ചാക്ക് ഉരുളക്കിഴങ്ങിന് 4ൽനിന്ന് 10 ദിർഹമായാണ് ഉയർന്നത്. മാങ്ങ, ബീൻസ്, കാരറ്റ്, കൂസ (മാരോക്കായ), കുക്കുംമ്പർ തുടങ്ങി പച്ചക്കറികൾക്കും വില കൂടി. പ്രളയം മൂലം കയറ്റുമതി നിലച്ചതാണ് വിലക്കയറ്റത്തിനു കാരണമെന്ന് വ്യാപാരികൾ പറഞ്ഞു. നിലവിൽ സംഭരിച്ച ഉൽപന്നങ്ങൾക്കും കൂടിയ നിരക്കാണ് വ്യാപാരികൾ ഈടാക്കുന്നത്. ചൂട് കൂടിയതോടെ ഒമാനിൽനിന്നുള്ള പഴം, പച്ചക്കറി വരവ് നിലച്ചതും യുഎഇയിൽ വിലക്കയറ്റത്തിനും കാരണമായി.
ബംഗ്ലദേശിൽനിന്നുള്ള പയർ കിലോയ്ക്ക് 22 ദിർഹം. നേരത്തെ 8 ദിർഹത്തിന് ലഭിച്ചിരുന്നു. 3.50 ദിർഹത്തിന് ലഭിച്ചിരുന്ന കക്കരിക്ക് (കുക്കുംബർ) 9 ദിർഹമായി. വെണ്ടയുടെ വില 7ൽ നിന്ന് 14 വരെ ഉയർന്ന് ഇപ്പോൾ 10ൽ എത്തി. കോളിഫ്ലവറിന് 6.50ൽ നിന്ന് 10 ദിർഹമായും വർധിച്ചു. റഷ്യ–യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് നേരത്തെ പാചക എണ്ണയുടെ (സൺഫ്ലവർ ഓയിൽ) വില കുത്തനെ കൂടിയിരുന്നു. ഇതോടെ ഇന്തൊനീഷ്യയിൽനിന്നുള്ള പാം ഓയിലിനും വില കുതിച്ചു. കോഴിയിറച്ചിക്കും വില കൂടി. യുഎഇ സർക്കാരിന്റെ ഇടപെടലിനെ തുടർന്ന് ഇവയുടെ വില അൽപം കുറഞ്ഞുവരുന്നതിനിടെയാണ് പച്ചക്കറികളുടെ വില കൂടിയത്. ഇനി ഓണത്തിന്റെ പേരിലും വിലക്കയറ്റമുണ്ടാകുമോ എന്ന ഭീതിയിലാണ് ജനം. യുഎഇയിലെ വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുകhttps://chat.whatsapp.com/Hvn9LidtHi3GTacBJlugvA
Comments (0)