കൂടുതൽ സാങ്കേതിക വിദ്യകളുമായി ദുബായ് മെട്രോ
നഗരത്തിലെ പൊതുഗതാഗതത്തിന്റെ പ്രധാന ആശ്രയമായ ദുബൈ മെട്രോ സേവനം കൂടുതൽ മെച്ചപ്പെടുത്താൻ പദ്ധതിയുമായി റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ദുബൈ മെട്രോയുടെയും ട്രാമിന്റെയും ഓപറേറ്ററായ കിയോലിസ്-എം.എച്ച്.ഐ കമ്പനിയുടെ പങ്കാളിത്തത്തോടെ മൂന്നു പദ്ധതികളാണ് നടപ്പാക്കുന്നത്.
സങ്കീർണമായ തകരാറുകൾ വേഗത്തിൽ പരിഹരിക്കുന്നതിനും തത്സമയം വിദൂരത്തുള്ള വിദഗ്ധരുടെ സേവനം ലഭ്യമാക്കുന്നതിനും സഹായിക്കുന്ന ഓഗ്മെന്റഡ് റിയാലിറ്റി ആപ്ലിക്കേഷനായ ‘സൈറ്റ്കാൾ’ആണ് ഇതിൽ പ്രധാനം. തകരാർ പരിഹരിക്കുന്നതിലെ സമയനഷ്ടം കുറക്കുന്ന സുപ്രധാന സംവിധാനമാണിത്. തകരാറുകൾ പരിഹരിക്കുന്നതിനുള്ള കേന്ദ്രീകൃത സംവിധാനം ഒരുക്കുന്ന പദ്ധതിയാണ് രണ്ടാമത്തേത്. നെറ്റ്വർക്കിലെ പിഴവുകളും വൈകല്യങ്ങളും റിപ്പോർട്ട് ചെയ്ത് റെക്കോഡ് ചെയ്യുന്ന സംവിധാനം വഴി തകരാറുകൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി ആർ.ടി.എയുടെ റെയിൽ ഏജൻസി മെയിന്റനൻസ് ഡയറക്ടർ മുഹമ്മദ് അൽ അമീരി പറഞ്ഞു.
തെറ്റായ അലാറം മുഴങ്ങുന്നതുമൂലമുണ്ടാകുന്ന സമയനഷ്ടം ഒഴിവാക്കാനാണ് മറ്റൊരു സംവിധാനം. യാത്രക്കാർ അറിയാതെയോ മറ്റോ മെട്രോ ഡോറിൽ തൊടുന്നതുമൂലം അലാറം മുഴങ്ങുകയും യാത്ര വൈകുകയും ചെയ്യുന്നത് ആഗോളതലത്തിൽ തന്നെ ഈ മേഖലയിലെ പ്രധാന പ്രശ്നമാണ്. ഇത് പരിഹരിക്കാനാണ് പുതിയ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി സംവിധാനമൊരുക്കുന്നത്.
നവീകരണത്തിലൂടെ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനും യാത്രക്കാർക്ക് പ്രയോജനം ലഭിക്കുന്ന പുതിയതും ചെലവുകുറഞ്ഞതുമായ രീതികൾ വികസിപ്പിക്കാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി അൽ അമീരി കൂട്ടിച്ചേർത്തു. ലോകോത്തരമായ മികച്ച അനുഭവം നൽകുന്നതിന് കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് കിയോലിസ്-എം.എച്ച്.ഐ കമ്പനി മാനേജിങ് ഡയറക്ടർ വാലസ് വെതറിനും പറഞ്ഞു. യുഎഇയിലെ വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv
Comments (0)