കുട്ടികൾക്കിടയിൽ പകർച്ചപ്പനി വ്യാപകം: വാക്സിൻ എടുക്കണമെന്ന മുന്നറിയിപ്പുമായി ആരോഗ്യവിഭാഗം
അബുദാബി: കുട്ടികൾക്കിടയിൽ പകർച്ചപ്പനി (ഇൻഫ്ലുവൻസ) വർധിക്കുന്നതിനാൽ ഫ്ലൂ വാക്സീൻ എടുത്തു പ്രതിരോധം ശക്തമാക്കണമെന്നു ഡോക്ടർമാർ. ചൂട് കുറയുകയും സ്കൂൾ തുറക്കുകയും ചെയ്തതോടെ പകർച്ചപ്പനിയുമായി ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണം കൂടിയ പശ്ചാത്തലത്തിലാണു മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍ രംഗത്തെത്തിയിരിക്കുന്നത്. സെപ്റ്റംബർ മുതൽ ഫെബ്രുവരി വരെയാണ് ഇൻഫ്ലുവൻസ വൈറസിന്റെ സാന്നിധ്യം കണ്ടുവരുന്നത്.കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായാണിത്. ഉടനടി തന്നെ ഫ്ലൂ വാക്സീൻ എടുക്കുന്നത് രോഗപ്രതിരോധം ശക്തിപ്പെടുത്തുന്നതാണ് ഉചിതമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ത്. ഇൻഫ്ലുവൻസ എ, ബി എന്നിവ പെട്ടെന്ന് പകരാൻ സാധ്യതയുള്ളതിനാൽ രോഗമുള്ളവർ മാസ്ക് ധരിക്കുകയും തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും കൈകൾ കൊണ്ട് മറയ്ക്കുകയും ചെയ്യണം. കടുത്ത പനി, ചുമ, തലവേദന, തൊണ്ടവേദന, തുമ്മൽ, ശരീരവേദന, മൂക്കടപ്പ്, ചർദ്ദി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ശ്വസനേന്ദ്രിയങ്ങളെ ബാധിക്കുന്ന പകർച്ചപ്പനി സാധാരണ 3–4 ദിവസത്തിനകം രോഗം മാറും. എന്നാൽ 4 ദിവസം കഴിഞ്ഞിട്ടും പനി മാറാതിരിക്കുകയോ ശരീര വേദന കൂടുകയോ ചെയ്താൽ വൈദ്യസഹായം തേടണം. 5–9 വയസ്സുവരെ ഉള്ളവരിലാണ് പൊതുവേ ഫ്ലൂ കണ്ടുവരുന്നത്. പ്രമേഹം, ആസ്മ, ശ്വാസകോശ രോഗങ്ങൾ, ഹൃദ്രോഗികൾ, ഗർഭിണികൾ, 65നു മുകളിലും 5ന് താഴെയും പ്രായമുള്ളവർ എന്നിവർക്ക് രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് അബുദാബി മുസഫ എൽഎൽഎച്ച് ആശുപത്രിയിലെ ശ്വാസകോശ രോഗവിദഗ്ധൻ ഡോ. സജീവ് എസ്. നായർ പറഞ്ഞു. സർക്കാർ ആശുപത്രികളിലും സേഹ ക്ലിനിക്കുകളിലും ഫ്ലൂ വാക്സീൻ ലഭിക്കും. ഒക്ടോബർ മുതൽ അബുദാബിയിൽ വാക്സീൻ സൗജന്യമായി നൽകും.
Comments (0)