യുഎഇ: ഒരു വർഷത്തേക്ക് പരിധിയില്ലാത്ത സൗജന്യ വിമാന ടിക്കറ്റുകൾ നൽകി എയർലൈൻ
ഒരു വർഷത്തേക്ക് പരിധിയില്ലാത്ത സൗജന്യ വിമാന ടിക്കറ്റുകൾ യാത്രക്കാരിക്ക് നൽകി എയർലൈൻ. അബുദാബിയിലെ ആദ്യത്തെ ബഡ്ജറ്റ് കാരിയറായ എയര്‍ അറേബ്യയാണ് യാത്രിക്കാരിക്ക് ഇത്തരത്തിലെ അത്യുഗ്രന്‍ ഓഫര്‍ നല്‍കിയത്. 10 ലക്ഷം യാത്രക്കാരെന്ന നേട്ടത്തിലേക്ക് ചൊവ്വാഴ്ചയാണ് എയര്‍ അറേബ്യ എത്തിച്ചേര്‍ന്നത്. ആ സംഖ്യയിലെത്തിച്ച യാത്രക്കാരിയെ അപ്രതീക്ഷിത സമ്മാനം നല്‍കി ഞെട്ടിച്ചതിനെക്കുറിച്ച് എയര്‍ അറേബ്യ തന്നെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റിലിലൂടെ അറിയിക്കുകയായിരുന്നു. സമ്മാനാര്‍ഹയായ വ്യക്തിക്ക് അയാള്‍ക്ക് ഇഷ്ടമുള്ള സ്ഥലങ്ങളിലേക്ക് എത്ര വേണമെങ്കിലും യാത്ര ചെയ്യാനുള്ള ടിക്കറ്റുകള്‍ ലഭ്യമാവുമെന്നും അടുത്ത ഒരു വര്‍ഷത്തേക്ക് ഇത് അവര്‍ക്ക് ഉപയോഗപ്പെടുത്താമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹബ്ബില്‍ നിന്ന് ലോകത്തെമ്പാടുമുള്ള 25 നഗരങ്ങളിലേക്ക് നടത്തിയ എണ്ണായിരത്തിലധികം വിമാന സര്‍വീസുകളിലൂടെയാണ് 10 ലക്ഷം യാത്രക്കാരെന്ന നേട്ടത്തിലേക്ക് എയര്‍ അറേബ്യ എത്തിയത്. ചൊവ്വാഴ്ച അബുദാബിയില്‍ നിന്ന് ജോര്‍ജിയന്‍ തലസ്ഥാനമായ റ്റിബിലിസിയേക്ക് പുറപ്പെടാനെത്തിയ യാത്രക്കാരിക്കായിരുന്നു അപ്രതീക്ഷിത സമ്മാനം ലഭിച്ചത്. അബുദാബി വിമാനത്താവളത്തില്‍ എയര്‍ അറേബ്യ ജീവനക്കാര്‍ ഇവര്‍ക്ക് പ്രത്യേക സ്വീകരണവും ഒരുക്കിയിരുന്നു.
കുറഞ്ഞ സമയത്തിനുള്ളില്‍ എയര്‍ അറേബ്യ അബുദാബി മികച്ച പ്രകടനം കാഴ്ചവെച്ചതായി അബുദാബി എയര്‍പോര്‍ട്ട്‌സ് മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ജമാല്‍ സലേം അല്‍ ദഹേരി പറഞ്ഞു. അബുദാബി എയര്‍പോര്‍ട്ടുകളില്‍, ഞങ്ങളുടെ യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട കണക്റ്റിവിറ്റിയും തടസ്സമില്ലാത്ത യാത്രാ അനുഭവവും നല്‍കുന്നതിന് ഞങ്ങളുടെ പങ്കാളി എയര്‍ലൈനുകളുമായി പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. വ്യോമയാന വ്യവസായം ഇപ്പോള്‍ ലോകമെമ്പാടും ശക്തമായ മുന്നേറ്റം കൈവരിക്കുന്നതിനാല്‍, എയര്‍ അറേബ്യ അബുദാബി നാഴികക്കല്ലുകള്‍ നേടുന്നത് തുടരുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”കോവിഡ് -19 മഹാമാരിയുടെ മധ്യത്തില്‍” എയര്‍ലൈന്‍ ആരംഭിച്ച് രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ നാഴികക്കല്ല് പിന്നിട്ടതില്‍ കാരിയര്‍ അഭിമാനിക്കുന്നുവെന്ന് എയര്‍ അറേബ്യ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അദേല്‍ അല്‍ അലി പറഞ്ഞു. യുഎഇയിലെ വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv
Comments (0)