arrest ദുബായിലെ കുപ്രസിദ്ധ ലഹരിമരുന്ന് കച്ചവടക്കാരൻ പൊലീസ് പിടിയിൽ
ദുബായ് : ദുബായിലെ കുപ്രസിദ്ധ ലഹരിമരുന്ന് കച്ചവടക്കാരൻ പൊലീസിന്റെ പിടിയിൽ. ‘വവ്വാൽ’ (ദി ബാറ്റ്) എന്ന പേരിൽ അറിയപ്പെടുന്നയാളാണ് അറസ്റ്റിലായത്. ഇയാളെ 10 ദിവസത്തെ നിരീക്ഷണത്തിനും നീക്കത്തിനുമൊടുവിലാണ് വലയിലാക്കിയത്. വാട്സ്ആപ് വഴി ലഹരിമരുന്ന് വിൽപന നടത്തുന്ന ഇയാൾ ഏതു രാജ്യക്കാരനാണെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. 200 കിലോ മയക്കുമരുന്നും ഇവ സൂക്ഷിക്കാൻ ഉപയോഗിച്ച രണ്ടു വാഹനങ്ങളും പൊലീസ് ഇതിനോടകം കണ്ടെത്തി. ഇയാളെ പിടിക്കാൻ ദുബായി പോലീസ് പല വഴികളും തേടിയിരുന്നു. അനധികൃതമായി വേദനസംഹാരികൾ, ഹഷീഷ്, ക്രിസ്റ്റൽ മെത്ത് തുടങ്ങിയവ ഓൺലൈൻ വഴി വിൽക്കാൻ ശ്രമിച്ചതിന് പിടിയിലായ 527 പേരെ ചോദ്യംചെയ്തതിൽനിന്നാണ് അയാളിലേക്ക് അന്വേഷണം എത്തിയത്.അന്താരാഷ്ട്ര ലഹരിമാഫിയ തലവന്മാരുടെ വലംകൈയാണിയാളെന്ന് ദുബൈ പൊലീസ് ലഹരിവിരുദ്ധ വിഭാഗം ഡയറക്ടർ ഖാലിദ് ബിൻ മുവൈസ പറഞ്ഞു. കാർ പാർക്കിങ്ങിൽ നിർത്തിയിട്ടിരുന്ന കാറിലായിരുന്നു ഇയാളുടെ താമസം. വാട്സ്ആപ് വഴി ലഹരിമരുന്ന് കച്ചവടം നടത്തിയതിന് 2200 കേസുകളാണ് ഈ വർഷം ആദ്യ പകുതിയിൽ റിപ്പോർട്ട് ചെയ്തത്. ഓൺലൈൻ ഇടപാടിലൂടെ ലഹരിമരുന്നുകൾ വാങ്ങുന്നവർക്ക് 50,000 ദിർഹം പിഴയും ആറു മാസം തടവും ശിക്ഷ ലഭിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY
Comments (0)