Posted By user Posted On

Etihad Rail bridgeചരക്ക് നീക്കത്തിന് 300 ലോറികള്‍ വേണ്ട; 120 വർഷത്തിന്റെ ആയുസ്സുമായി ഇത്തിഹാദ് റെയിലിന്റെ ആദ്യ കടൽപാലം, ചരക്ക് മാർഗം ഇനി വളരെ എളുപ്പം

അബുദാബി∙ വികസന ട്രാക്കിൽ അതിവേഗം കുതിക്കുന്ന ഇത്തിഹാദ് റെയിൽ പദ്ധതിയുടെ ഭാഗമായുള്ള ആദ്യ കടൽ പാലം സജ്ജമായി. ഖലീഫ തുറമുഖവുമായി ബന്ധിപ്പിക്കുന്നതാണ് റെയിൽ പദ്ധതിയിലെ ഏക കടൽപാലം. രാജ്യത്തെ ചരക്കുഗതാഗതം എളുപ്പമാക്കാനും ലോക രാജ്യങ്ങളുമായുള്ള ക്രയവിക്രയം ശക്തമാക്കാനും ഇതുവഴി സാധിക്കുമെന്ന് ഇത്തിഹാദ് റെയിൽ അറിയിച്ചു.

ഖലീഫ തുറമുഖ ചരക്ക് ടെർമിനലിൽ നിന്ന് 69 വാഗണുകളുള്ള 1.2 കിലോമീറ്റർ വരെ നീളുന്ന ട്രെയിനുകൾ പോകുന്നതു കാണാൻ കൗതുകമായിരിക്കും. ഈ പാലത്തിലൂടെ ചരക്കു തീവണ്ടി ഓടിത്തുടങ്ങിയാൽ 300 ലോറികളുടെ സേവനം അവസാനിപ്പിച്ച് ചരക്കുഗതാഗതം എളുപ്പമാക്കാം. ഇതുവഴി കാർബൺ മലിനീകരണവും കുറയ്ക്കാം. 4000 ടൺ സ്റ്റീൽ, 18,300 ക്യുബിക് മീറ്റർ കോൺക്രീറ്റ്, 100 പ്രത്യേക ബീമുകൾ എന്നിവയാണ് ഒരു കി.മീ നീളമുള്ള കടൽപാല നിർമാണത്തിനായി ഉപയോഗിച്ചത്.

പദ്ധതിയിൽ ഏറ്റവും സങ്കീർണവും ബുദ്ധിമുട്ടുള്ളതുമായ പാലങ്ങളിൽ ഒന്നാണിതെന്ന് ഇത്തിഹാദ് റെയിലിലെ എൻജിനീയറിങ് ഡയറക്ടർ അഡ്രിയാൻ വോൾഹൂട്ടർ പറഞ്ഞു. പരിസ്ഥിതി ആഘാത പഠനം നടത്തിയ ശേഷമായിരുന്നു നിർമാണം. നിർമാണ ഘട്ടത്തിൽ കടലിലേക്കു മാലിന്യങ്ങൾ വീഴാതിരിക്കാൻ മണൽ കർട്ടനുകൾ സ്ഥാപിച്ചിരുന്നു. സമുദ്രത്തിന്റെ ഒഴിക്കിനോ പരിസ്ഥിതിക്കോ കോട്ടം തട്ടാതെ രാജ്യാന്തര നിലവാരത്തിൽ നിർമിച്ച പാലം 120 വർഷം നീണ്ടുനിൽക്കും.

ഖലീഫ തുറമുഖത്ത് എത്തുന്ന ചരക്കുകൾ ട്രെയിനിൽ രാജ്യത്തുടനീളം വേഗത്തിലും കാര്യക്ഷമമായും എത്തിക്കാൻ സാധിക്കുമെന്നതും ഇതിന്റെ പ്രത്യേകതയാണ്. ഭാവിയിൽ ജിസിസി റെയിലുമായും ബന്ധിപ്പിക്കും. ഇത്തിഹാദ് റെയിൽ പദ്ധതിയുടെ 265 കിലോമീറ്റർ വരുന്ന ആദ്യഘട്ടം 2015ൽ പൂർത്തിയിരുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *