omicron കോവിഡ് വ്യാപനം കൂടിയ രാജ്യങ്ങളിലെ യാത്രികർ മാസ്ക് ധരിക്കണം, ഈ നിർദേശങ്ങൾ പാലിക്കണം; മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന
വാഷിങ്ടൺ: ലോക രാജ്യങ്ങൾ വീണ്ടും കൊവിഡ് ഭീതിയിലാണ്. ചൈന, ജപ്പാൻ, അമേരിക്ക തുടങ്ങി ഒട്ടേറെ omicron വിദേശ രാജ്യങ്ങളിൽ ഒരിടവേളയ്ക്ക് ശേഷം വീണ്ടും കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. പലയിടത്തും അതിവ്യാപന ശേഷിയുള്ള പുതിയ വകഭേദങ്ങളാണ് പടർന്ന് പിടിക്കുന്നത്. അമേരിക്കയിലെ തീവ്രവ്യാപനത്തിന് പിന്നിൽ XBB.1.5 എന്ന പുതിയ വകഭേദമാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അമേരിക്കക്കയിൽ നിലവിലെ കോവിഡ് വ്യാപനത്തിന്റെ 27.6 ശതമാനവും XBB.1.5 വകഭേദം മൂലമാണെന്നാണ് റിപ്പോർട്ടുകൾ. ചൈന ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലെ വ്യാപനത്തിന് പിന്നിലും ബി.എഫ്.7, XBB.1.5 തുടങ്ങിയ വകഭേദങ്ങളാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ജപ്പാനിൽ കോവിഡ് നിരക്കുകളും മരണനിരക്കുകളും റെക്കോഡ് നില ഭേദിച്ചും കുതിച്ചുകൊണ്ടിരിക്കുകയാണ്. ഒമിക്രോൺ വകഭേദമായ ബി.എഫ്.7 ആണ് ചൈനയിലെ വ്യാപനത്തിനു പിന്നിൽ. തുടർന്ന് ഇന്ത്യയിലും ഈ വകഭേദം സ്ഥിരീകരിച്ച വാർത്ത പുറത്തുവന്നിരുന്നു. കടുത്ത തൊണ്ടവേദന, മൂക്കൊലിപ്പ്, ശരീരവേദന, കടുത്തപനി തുടങ്ങിയവയെല്ലാം ബി.എഫ്-7 വകഭേദത്തിൽ കൂടുതൽ കാണുന്നുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഒമിക്രോണിന്റെ തന്നെ ബി.ജെ.1, ബി.എ.2.75 ഉപവിഭാഗങ്ങൾ ചേർന്നുള്ള പുതിയ വകഭേദമാണ് എക്‌സ്.ബി.ബി. സിങ്കപ്പൂരിൽ ഓഗസ്റ്റിലാണ് കോവിഡ് വകഭേദങ്ങളിൽ ഏറ്റവും രോഗവ്യാപന ശേഷിയുള്ള ഇത് ആദ്യം റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിലുൾപ്പെടെ ഇന്ത്യയിലെ പലയിടങ്ങളിൽ എക്‌സ്.ബി.ബി. റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. XBB പോലുള്ള വകഭേദങ്ങൾ കൂടിവരുന്നത് കോവിഡ് വാക്സിനുകളുടെ ഫലപ്രാപ്തി കുറയ്ക്കുകയും വീണ്ടും വൈറസ് പടരുന്നതിനും ഇടയാക്കുമെന്ന് കൊളംബിയ സർവകലാശാലയിലെ ഗവേഷകർ ഈ മാസമാദ്യം നടത്തിയ പഠനത്തിൽ പറഞ്ഞിരുന്നു. ഇത്തരത്തിൽ ലോകരാജ്യങ്ങൾ വീണ്ടും കൊവിഡിന്റെ പിടിയിൽ ആകുമോ എന്ന ആശങ്കയിലാണ്. ഇതിനു പിന്നാലെ കൊവിഡ് വ്യാപനം കൂടിയ രാജ്യങ്ങളിലെ മാസ്ക് ഉപയോഗം സംബന്ധിച്ച് വീണ്ടും നിർദേശം പുറത്തിറക്കിയിരിക്കുകയാണ് ലോകാരോഗ്യസംഘടന. ദീർഘദൂര വിമാനയാത്രകൾ ചെയ്യുന്നവരോട് മാസ്കുകൾ ധരിക്കാൻ അതാത് രാജ്യങ്ങൾ നിർദേശിക്കണമെന്നാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നത്. അമേരിക്കയിൽ ഉൾപ്പെടെ പുതിയ ഒമിക്രോൺ വകഭേദങ്ങളുടെ തീവ്രവ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിൽ പുതിയ നിർദേശം നൽകുന്നതെന്നും യൂറോപ്പിൽ XBB.1.5 വകഭേദം നിലവിൽ കുറവാണെങ്കിലും പതിയ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി. കോവിഡ് വ്യാപനം രൂക്ഷമായ ഇടങ്ങളിൽ ഉള്ളവരെല്ലാം മാസ്ക് ഉപയോഗം കർശനമാക്കുകയെന്ന നിർദേശം പാലിക്കുന്നതാണ് നല്ലതെന്ന് യൂറോപ്പിലെ ലോകാരോഗ്യസംഘടനയുടെ സീനിയർ എമർജൻസി ഓഫീസറായ കാതറിൻ സ്മാൾവുഡ് അഭിപ്രായപ്പെട്ടു.
.
Comments (0)