റോഡുകളിലെ റെഡ് സിഗ്നൽ മറികടക്കുന്ന ഡ്രൈവർമാർക്ക് 51,000 ദിർഹം പിഴ
അബുദാബി∙ റോഡുകളിലെ റെഡ് സിഗ്നൽ മറികടക്കുന്ന ഡ്രൈവർമാർക്ക് 51,000 ദിർഹം പിഴ ചുമത്താൻ തീരുമാനം. ഇത് സംബന്ധിച്ച് അബുദാബി പൊലീസ് ആണ് പിഴ തുക പുറത്തുവിട്ടത്. നിയമ ലംഘനം ആവർത്തിക്കുന്നവർക്കു ലൈസൻസും നഷ്ടപ്പെടുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. സിഗ്നലുകളിലെ അമിത വേഗം, പച്ച സിഗ്നൽ അണയും മുൻപ് മറികടക്കാനുള്ള കുതിപ്പ് എന്നിവ നിയമ ലംഘനങ്ങളുടെ പരിധിയിൽ വരും. നിരീക്ഷണ ക്യാമറകളുടെ സഹായത്തോടെയാണ് നിയമ ലംഘകരെ കണ്ടെത്തുന്നത്. ചുവപ്പ് സിഗ്നൽ മറികടന്നാൽ 1000 ദിർഹമാണ് സാധാരണ നിലയിൽ പിഴ. ലൈസൻസിൽ ഒറ്റയടിക്ക് 12 ബ്ലാക്ക് മാർക്ക് പതിയും.
പരിഷ്കരിച്ച നിയമ പ്രകാരം റെഡ് സിഗ്നൽ മറികടക്കുന്ന വാഹനം പിടിച്ചെടുക്കും. വിട്ടു കിട്ടണമെങ്കിൽ 50000 ദിർഹം നൽകേണ്ടി വരും. അങ്ങനെ ഒരു പിഴവിനു നഷ്ടമാവുക 51000 ദിർഹമായിരിക്കും. ഡ്രൈവറുടെ ലൈസൻസ് 6 മാസത്തേക്ക് പൊലീസ് പിടിച്ചു വയ്ക്കും. പിടിച്ചെടുത്ത വാഹനങ്ങൾ പിഴയടച്ചു തിരിച്ചെടുത്തില്ലെങ്കിൽ വാഹനം പരസ്യ ലേലത്തിൽ വിൽക്കും.
നിയമലംഘകരെ മൊബൈൽ സന്ദേശം വഴി അറിയിച്ചതിനു ശേഷം പത്രങ്ങളിൽ പരസ്യം ചെയ്തിട്ടായിരിക്കും വാഹനങ്ങൾ ലേലം ചെയ്യുക. വാഹനത്തിനു പിഴയൊടുക്കാനുള്ള മൂല്യം ഇല്ലെങ്കിൽ, ലേലത്തിൽ ലഭിക്കുന്ന തുക കുറച്ചു ബാക്കി പണം വാഹന ഉടമയുടെ പേരിൽ ബാധ്യതയായി ട്രാഫിക് ഫയലിൽ കിടക്കും. ഇത് കൂടാതെ പൊലീസ് പട്രോൾ വാഹനങ്ങളെ ഇടിക്കുകയോ പൊലീസ് സ്വത്ത് വകകൾ അപകടത്തിൽ നാശമാവുകയോ ചെയ്താൽ 50000 ദിർഹം പിഴ. അനുമതി കൂടാതെ നിരത്തുകളിൽ കാർ റേസിങ് നടത്തിയാലും ഇതേ തുകയാണ് പിഴ. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ തുറന്ന് ചാറ്റ് ചെയ്യുക, ഓൺലൈൻ ഇടപെടൽ നടത്തുക എന്നിവയിൽ നിന്നു ഡ്രൈവർമാർ വിട്ടു നിൽക്കണമെന്നു പൊലീസ് ഓർമിപ്പിച്ചു.
വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിക്കുക, കൃത്രിമം നടത്തുക, പ്ലേറ്റിലെ അക്കങ്ങൾ മായ്ച്ചുകളയുക, ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകും വിധത്തിൽ വാഹനമോടിക്കുക തുടങ്ങിയ ട്രാഫിക് കേസുകളിൽ വാഹനങ്ങൾ പിടിച്ചെടുക്കും. ഇവ ഉടമയ്ക്ക് തിരികെ ലഭിക്കണമെങ്കിൽ 50,000 ദിർഹമാണ് പിഴയടയ്ക്കേണ്ടത്. ചില ഡ്രൈവർമാർ വളയം പിടിച്ച് ഫോട്ടോ എടുക്കുന്നതും പുറം കാഴ്ചകൾ മൊബൈലിൽ പകർത്തുന്നതും ട്രാഫിക് നിരീക്ഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിലുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5
Comments (0)