യുഎഇയിൽ ഡെലിവറി ഡ്രൈവർമാർക്കായി മൂന്ന് ഇന്റഗ്രേറ്റഡ് റെസ്റ്റ് സ്റ്റോപ്പുകൾ നിർമ്മിക്കാനൊരുങ്ങി ആർടിഎ
യുഎഇയിൽ ഡെലിവറി മോട്ടോർബൈക്ക് ഡ്രൈവർമാർക്കായി മൂന്ന് ഇന്റഗ്രേറ്റഡ് റെസ്റ്റ് സ്റ്റോപ്പുകൾ നിർമ്മിക്കുന്നതിനുള്ള ടെൻഡറുകൾ ക്ഷണിക്കുന്നതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. മൂന്ന് സുപ്രധാന സ്ഥലങ്ങളിലായാണ് സ്റ്റേഷനുകൾ സ്ഥിതി ചെയ്യുന്നത്: ജബൽ അലി വില്ലേജിലെ ഫെസ്റ്റിവൽ പ്ലാസയ്ക്ക് സമീപമുള്ള ഷെയ്ഖ് സായിദ് റോഡ്, അൽ മുറഖബത്ത് സ്ട്രീറ്റിന് അടുത്തുള്ള പോർട്ട് സയീദ്, അൽ മനാമ സ്ട്രീറ്റിന് സമീപമുള്ള റാസൽ ഖോർ ഇൻഡസ്ട്രിയൽ ഏരിയ 2 എന്നിവിടങ്ങളാണിത്. അറ്റകുറ്റപ്പണികൾ, ഇന്ധനം നിറയ്ക്കൽ, വിശ്രമകേന്ദ്രങ്ങൾ, റെസ്റ്റോറന്റുകൾ തുടങ്ങിയ അടിസ്ഥാന സേവനങ്ങൾ കേന്ദ്രങ്ങൾ ലഭ്യമാക്കും. ഈ സൗകര്യങ്ങളിൽ, RTA പൊതു സുരക്ഷയെയും ഗുണനിലവാര നിയന്ത്രണത്തെയും കുറിച്ചുള്ള വിദ്യാഭ്യാസ സാമഗ്രികളും നൽകും. കഴിഞ്ഞ വർഷങ്ങളിൽ ഡെലിവറി ബിസിനസ്സ് ശ്രദ്ധേയമായ വളർച്ചാ നിരക്ക് രേഖപ്പെടുത്തിയതിനെ തുടർന്നാണ് പുതിയ പദ്ധതി. 2022 ഡിസംബറിലെ കണക്കനുസരിച്ച് ദുബായിൽ 2,891 ഡെലിവറി സേവന കമ്പനികളുണ്ട്. 2021 നെ അപേക്ഷിച്ച് 48 ശതമാനത്തിലധികം വളർച്ചാ നിരക്ക് ഉണ്ടായാതായാണ് വിവരം. 36-ലധികം ഓൺലൈൻ ഡെലിവറി കമ്പനികൾ സ്മാർട്ട് പ്ലാറ്റ്‌ഫോമുകളിലൂടെയും ആപ്ലിക്കേഷനുകളിലൂടെയും പ്രവർത്തിക്കുന്നു. ഈ മേഖലയുടെ കാര്യക്ഷമതയും സുരക്ഷയും വർധിപ്പിക്കുന്നതിനായി ആർടിഎ നിരവധി പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട്. പ്രൊഫഷണൽ റൈഡർ സർട്ടിഫിക്കറ്റ് വിതരണം, ഡെലിവറി സർവീസ് എക്‌സലൻസ് അവാർഡ്, റൈഡർമാർക്കായി ട്രാഫിക് ബോധവൽക്കരണ ശിൽപശാലകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)