നിങ്ങൾക്ക് അപരിചിത മെസേജുകൾ വരാറുണ്ടോ ? എന്തുചെയ്യണം?; നിർദേശവുമായി ദുബൈ പൊലീസ്
ദുബൈ: അപരിചിതമായ നമ്പറുകളിൽനിന്ന് വരുന്ന വാട്സ്ആപ് മെസേജുകൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാതെ പ്രയാസപ്പെടുന്നവർക്ക് നിർദേശങ്ങളുമായി ദുബൈ പൊലീസ്. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോ വഴിയാണ് അധികൃതർ നിർദേശങ്ങൾ പുറപ്പെടുവിച്ചത്. അപരിചത നമ്പറുകളിൽനിന്ന് ലഭിക്കുന്ന മെസേജുകൾക്ക് മറുപടി നൽകരുത്, ഒരുതരത്തിലുള്ള റിയാക്ഷനും ഉണ്ടാകരുത്, മറ്റിടങ്ങളിലേക്ക് പ്രചരിപ്പിക്കരുത് എന്നിവ ശ്രദ്ധിക്കണമെന്നാണ് പ്രധാനമായും നിർദേശിച്ചിട്ടുള്ളത്. പിന്നീട് ദുബൈ പൊലീസിന്റെ ഇ-ക്രൈം വിഭാഗത്തെ ബന്ധപ്പെടുകയും മെസേജിനെ കുറിച്ച് വിവരം കൈമാറുകയും ചെയ്യണമെന്നും വിഡിയോയിൽ പറയുന്നു.
യു.എ.ഇയിൽ വാട്സ്ആപ്പിലേക്ക് മെസേജ് അയച്ച് തട്ടിപ്പുസംഭവങ്ങൾ സമീപകാലത്തായി ധാരാളമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പൊതുജനങ്ങൾക്ക് ജാഗ്രതാനിർദേശങ്ങളുമായി പൊലീസ് ഉത്തരവ് പുറപ്പെടുവിച്ചത്. പ്രധാനമായും മയക്കുമരുന്ന് ചെറുകിട വിതരണക്കാരാണ് ഇതുപയോഗിക്കുന്നത്. എവിടെ വേണമെങ്കിലും എത്തിക്കാമെന്ന് പറഞ്ഞുകൊണ്ട് മയക്കുമരുന്നിന്റെ ചിത്രങ്ങൾ അയക്കുകയാണ് പലപ്പോഴും ചെയ്യുന്നത്. എന്തെങ്കിലും മറുപടിയയച്ചാൽ പിന്നീട് നിരന്തരം ബന്ധപ്പെടുകയും ചെയ്യും.
ഈ സാഹചര്യത്തിലാണ് ഒരുഘട്ടത്തിലും മറുപടി നൽകരുതെന്ന് മുന്നറിയിപ്പ് നൽകിയത്. ഇത്തരം സംഭവങ്ങൾ ഇതിനകം 2200ലധികം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും 527 മയക്കുമരുന്ന് കച്ചവടക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അധികൃതർ വെളിപ്പെടുത്തിയിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)