റമസാൻ: സർക്കാർ ജീവനക്കാർക്ക് വെള്ളിയാഴ്ച വീട്ടിലിരുന്ന് ജോലി
അബുദാബി:∙ റമസാനിലെ വെള്ളിയാഴ്ചകളിൽ സർക്കാർ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അനുമതി നൽകി. 70% ജീവനക്കാർ വീട്ടിലിരുന്നും 30% പേർ ഓഫിസിലെത്തിയും ജോലി ചെയ്യണം.
വെള്ളിയാഴ്ചകളിൽ സർക്കാർ സ്കൂൾ, സർവകലാശാലാ പഠനം എന്നിവ ഓൺലൈനാക്കാം. പരീക്ഷകൾക്ക് സ്കൂളിൽ എത്തുന്നതിന് തടസ്സമില്ല. സ്വകാര്യമേഖലാ സ്കൂളുകളും പൊതുവേ ഇതേ മാതൃകയാണ് പിന്തുടരുന്നത്. സർക്കാർ ജീവനക്കാരുടെ ജോലി സമയം റമസാനിൽ അഞ്ചര മണിക്കൂറാക്കി നേരത്തെ കുറച്ചിരുന്നു. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2.30 വരെയാണ് പ്രവൃത്തി സമയം. വെള്ളിയാഴ്ചകളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും.
സ്വകാര്യമേഖലാ ജീവനക്കാരുടെ പ്രവൃത്തി സമയത്തിൽ 2 മണിക്കൂർ കുറയ്ക്കുകയും ചെയ്തിരുന്നു. ജോലിയുടെ സ്വഭാവം അനുസരിച്ച് റമസാനിൽ അനുയോജ്യമായ സമയം തിരഞ്ഞെടുക്കാനും മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അനുമതി നൽകി. റമസാൻ വ്രതാരംഭം ഈ മാസം 23ന് ആകാനാണ് സാധ്യത.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)