അജ്മാനിലെ റസിഡൻഷ്യൽ ടവറിൽ വൻ തീപിടിത്തം
അജ്മാൻ∙ അജ്മാനിലെ റസിഡൻഷ്യൽ ടവറിൽ വൻ തീപിടിത്തം. ആർക്കും പരുക്കേറ്റതായി റിപോർട്ട് ചെയ്തിട്ടില്ല. വൻ നാശനഷ്ടം കണക്കാക്കുന്നു.
ഇന്ന് പുലർച്ചെ അൽ റഷ്ദിയ മൂന്നിലാണ് അഗ്നിബാധയുണ്ടായത്. ഒട്ടേറെ അപാർട്മെന്റുകൾ കത്തിനശിച്ചതായാണ് വിവരം. തീ നിയന്ത്രണവിധേയമാക്കാൻ അജ്മാൻ പൊലീസിന്റെയും സിവിൽ ഡിഫൻസിന്റെയും എമർജൻസി ടീമുകൾ രക്ഷാപ്രവർത്തനം നടത്തി. കെട്ടിടം ഒഴിപ്പിക്കുകയും സിവിൽ ഡിഫൻസ് ടീമുകൾ ഉടൻ തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തതിനാൽ ആളപായമുണ്ടായില്ലെന്ന് അജ്മാൻ സിവിൽ ഡിഫൻസിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
തീ പിടിത്തമുണ്ടായ ഉടൻ ഇറങ്ങിയോടി സ്ത്രീകളും കുട്ടികളടക്കമുള്ള താമസക്കാർ റോഡരികിലാണ് ഏറെ നേരം കഴിച്ചുകൂട്ടിയത്.ആഭ്യന്തര മന്ത്രാലയത്തിലെ സിവിൽ ഡിഫൻസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഡോ. ജാസിം മുഹമ്മദ് അൽ മർസൂഖി, അജ്മാൻ പൊലീസ് ഓപറേഷൻസ് ഡയറക്ടർ ജനറൽ ബ്രി. ജനറൽ അബ്ദുല്ല സെയ്ഫ് അൽ മത്രൂഷി, ഡപ്യൂട്ടി ഡയറക്ടർ കേണൽ ഖാലിദ് അഹമ്മദ് അൽ ഷംസി എന്നിവർക്കൊപ്പം അജ്മാൻ സിവിൽ ഡിഫൻസ് ജനറൽ അഗ്നിശമന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു.
പൊലിസ് ഓപറേഷൻസ് റൂമുമായി സഹകരിച്ച് സംഭവസ്ഥലത്ത് മൊബൈൽ പൊലീസ് സ്റ്റേഷൻ ആരംഭിച്ചതായി അൽ മത്രൂഷി വ്യക്തമാക്കി. ട്രാൻസ്പോർട്ട് അതോറിറ്റിയുടെ പങ്കാളിത്തത്തോടെയും റെഡ് ക്രസന്റിന്റെ പിന്തുണയോടെയും ടവറിലെ താമസക്കാരെ അജ്മാനിലെയും ഷാർജയിലെയും ഹോട്ടലുകളിലേയ്ക്ക് മാറ്റിപ്പാർപ്പിക്കുന്നതിന് ഏഴ് ബസുകൾ ക്രമീകരിച്ചതായും അറിയിച്ചു.
👆👆
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)