സാങ്കേതിക തകരാറുകൾ കണ്ടെത്തിയതിനെ തുടർന്ന് ജൂണിൽ യുഎഇയിൽ തിരികെ വിളിച്ചത് 15,000 കാറുകൾ
ദുബൈ: വിവിധ സാങ്കേതിക തകരാറുകൾ കണ്ടെത്തിയതിനെ തുടർന്ന് ജൂണിൽ യു.എ.ഇയിൽ തിരികെ വിളിച്ചത് 15,000 കാറുകൾ. പ്രമുഖ സ്പോർട്സ് കാറായ ഫെറാറിയും ഇതിൽ ഉൾപ്പെടും. ഫെറാറി 43, ഷെവർലെ 7,126, ഫോർഡ് 2,665, ലിങ്കൻ ഏവിയേറ്റർ 2,080 എന്നിവയാണ് തിരികെ വിളിച്ച പ്രമുഖ മോഡൽ കാറുകൾ.
ഇതിൽ 2022നും 23നും ഇടയിൽ ഇറ്റലിയിൽ നിർമിച്ച 43 ഫെറാറി 296 ജി.ടി.ബി, ജി.ടി.എസ് കാറുകളിൽ ഇന്ധന ടാങ്കുമായി ബന്ധിപ്പിക്കുന്ന അലൂമിനിയം പൈപ്പ് മാറ്റാനാണ് നിർദേശം. ഇവ ഇന്ധന ചോർച്ചക്ക് കാരണമായേക്കുമെന്നാണ് കണ്ടെത്തിയത്. വാഹന ഉടമകൾ കാറുകളുടെ വിതരണക്കാരായ അൽ തായർ, പ്രീമിയം മോട്ടോഴ്സ് എന്നിവയുമായി ബന്ധപ്പെടണമെന്നും ഇവർ സൗജന്യമായി തകരാറുകൾ പരിഹരിച്ച് നൽകണമെന്നും സാമ്പത്തിക മന്ത്രാലയം അറിയിച്ചു.
ഷെവർലെയുടെ കാപ്റ്റിവ മോഡൽ കാറുകളിൽ 7,126 എണ്ണത്തിന് കൂളിങ് ഫാൻ, എ.സി ബ്ലോവർ ഫ്യൂസ് എന്നിവക്കാണ് തകരാർ. 2020നും 23നും ഇടയിൽ ചൈനയിൽ നിർമിച്ചവയാണിത്. കൂളിങ് ഫാൻ, എ.സി ബ്ലോവർ ഫ്യൂസ് എന്നിവയുടെ തകരാർ നിമിത്തം വാഹനം ഓടിക്കുമ്പോഴോ ശേഷമോ ഉയർന്ന അളവിലുള്ള ചൂട് ഉൽപാദിപ്പിക്കുകയും ഇവ എൻജിൻ കമ്പാർട്ട്മെന്റിൽ പുകക്കും തീപിടിക്കുന്നതിനും കാണമാവുകയും ചെയ്യുന്നുവെന്നാണ് കണ്ടെത്തിയത്.
2015നും ’17നും ഇടയിൽ യു.എസിൽ നിർമിച്ച ഫോർഡിന്റെ മുസ്താങ് കാറുകൾക്ക് പിറകിലെ കാമറക്കും ലഗേജ് കമ്പാർട്ട്മെന്റ് ലീഡ് വയറിങ് ജംബർ ഘടിപ്പിച്ചതിലുമാണ് പിഴവ് കണ്ടെത്തിയത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)