യുഎഇയിൽ പ്രവാസി കുടുംബങ്ങളുടെ ഇഷ്ട താമസയിടമായി ജുമൈറ വില്ലേജ് സർക്കിൾ
ദുബായ്∙ ഇഷ്ട താമസ സ്ഥലങ്ങളുടെ കണക്കെടുപ്പിൽ ദുബായിലെ പ്രവാസി കുടുംബങ്ങളുടെ പിന്തുണ ജുമൈറ വില്ലേജ് സർക്കിളിന്. രണ്ടാം സ്ഥാനം ബർദുബായ്ക്ക്. ജുമൈറ വില്ലേജ് സർക്കിളിൽ ഫ്ലാറ്റുകളാണ് കുടുംബങ്ങൾ കൂടുതലും തിരഞ്ഞെടുക്കുന്നത്.
ആഡംബര ഫ്ലാറ്റുകളാണ് ഇവിടെ കൂടുതലും. ശരാശരി വാർഷിക വാടക 63000 ദിർഹം. ഒറ്റ കിടപ്പുമുറിയും ഹാളും ഉള്ള ഫ്ലാറ്റ് 61,000 ദിർഹത്തിനു ലഭിക്കും. രണ്ട് കിടപ്പുമുറിയുള്ള ഫ്ലാറ്റാണെങ്കിൽ 87,000 ദിർഹമാണ് വാടക. മൂന്ന് മുറികളും ഹാളും അടങ്ങിയ ഫ്ലാറ്റ് ആവശ്യമുള്ളവർക്കുള്ള വാടക1.30 ലക്ഷം ദിർഹമാണ്. ജനസാന്ദ്രമായ ബർദുബായി ആണ് രണ്ടാം സ്ഥാനത്ത്. ഇവിടെ 74,000 ദിർഹമാണ് ഇടത്തരം വാടക നിരക്ക്.
വൺ ബെഡ് റൂം 58,000 ദിർഹം മുതൽ ലഭിക്കും. ഹാളും രണ്ടു കിടപ്പുമുറിയുമാണ് വേണ്ടതെങ്കിൽ വാടക 76,000 ദിർഹം. ത്രീ ബെഡ് റൂം ഫ്ലാറ്റ് ഒരു ലക്ഷം ദിർഹത്തിനു മുകളിലാണ് നിരക്ക്. ഫ്ലാറ്റുകളുടെ സാന്ദ്രതയിൽ മുന്നിലുള്ള അൽ നാഹ്ദയാണ് മൂന്നാം സ്ഥാനത്ത്. ഇടത്തരം കെട്ടിടങ്ങൾക്ക് വാടക 47,000 ദിർഹം.
ഒറ്റമുറിയും ഹാളും 37,000 ദിർഹത്തിനു ലഭിക്കുന്ന സ്ഥലങ്ങളുമുണ്ട്. രണ്ടു മുറി ഫ്ലാറ്റ് 51,000 ദിർഹത്തിനും മൂന്നു മുറി ഫ്ലാറ്റ് 69,000 ദിർഹമിനും കിട്ടും. ആഡംബര മേഖലയായ ബിസിനസ് ബേയാണ് നാലാം സ്ഥാനത്ത്. ഇവിടെ ശരാശരി വാടക 1.11 ലക്ഷം ദിർഹമാണ്. വൺ ബെഡ് റൂം 90,000 ദിർഹത്തിൽ തുടങ്ങും. ടൂ ബെഡ് റൂം 1.37 ലക്ഷം വരെ.ത്രീ ബെഡ് റൂം ഫ്ലാറ്റിനു 1.94 ലക്ഷം ദിർഹമാണ് വാടക.
എമിറേറ്റിന്റെ ഒന്നിലധികം മേഖലകളെ ബന്ധിപ്പിക്കുന്ന ഡൗൺ ടൗൺ ദുബായിയും ആഡംബര ഫ്ലാറ്റുകളുടെ കേന്ദ്രമാണ്. ലോകത്തെ വിനോദസഞ്ചാര മേഖലയുടെ ശ്രദ്ധാകേന്ദ്രമായ ഇവിടെ 2.36 ലക്ഷം ദിർഹമാണ് ശരാശരി വാടക. ഒറ്റമുറി ഫ്ലാറ്റ് 1.33 ലക്ഷം ദിർഹത്തിനു ലഭിക്കും. രണ്ട് കിടപ്പുമുറിയും അനുബന്ധ സൗകര്യങ്ങളുമുള്ള ഫ്ലാറ്റിനു 2.43 ലക്ഷം ദിർഹമാണ് വാടക. ത്രീ ബെഡ് റൂം വാടക 4.16 ലക്ഷം ദിർഹം വരെ.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)