യുഎഇയില്‍ പുനരുപയോഗ ഊർജ പ്ലാന്റിന് തുടക്കം കുറിച്ച് ഷെയ്ഖ് ഹംദാൻ; 135,000 വീടുകൾക്ക് ഊർജം നൽകും
ദുബായ് ∙ ദുബായിൽ 4 ബില്യൻ ദിർഹ (1.09 ബില്യൻ ഡോളർ) ത്തിന്റെ പുനരുപയോഗ ഊർജ പ്ലാന്റിന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് തുടക്കം കുറിച്ചു. മാലിന്യത്തിൽ നിന്ന് ഊർജം എത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലുതും കാര്യക്ഷമവുമായ കേന്ദ്രമായിരിക്കും പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. വാർസനിൽ നിർമിച്ച പ്ലാന്റിന് 220 മെഗാവാട്ട് പുനരുപയോഗ ഊർജം ഉത്പാദിപ്പിക്കാൻ കഴിയും. ഇത് 135,000 വീടുകൾക്ക് ഊർജം നൽകും. പരിസ്ഥിതിക്ക് ദോഷം വരുത്താതെ പ്രതിവർഷം 2 ദശലക്ഷം ടൺ മാലിന്യം സംസ്കരിക്കാനും കേന്ദ്രത്തിന് കഴിയും. പദ്ധതിക്ക് വേണ്ടി അണിനിരന്ന സംഘങ്ങളെ അഭിനന്ദിക്കുന്നുവെന്ന് ഷെയ്ഖ് ഹംദാൻ ട്വിറ്ററിൽ കുറിച്ചു. ശോഭനവും സുസ്ഥിരവുമായ ഭാവി കെട്ടിപ്പടുക്കുന്നതിന് നൂതന സാങ്കേതികവിദ്യകൾ വിന്യസിക്കാൻ പ്രതിജ്ഞാബദ്ധരാണ്. ഈ പദ്ധതി സുസ്ഥിര അടിസ്ഥാന സൗകര്യങ്ങളിൽ ആഗോള നേതാവെന്ന നിലയിൽ ദുബായിയുടെ പദവി ശക്തിപ്പെടുത്തും. പ്ലാന്റ് ഇപ്പോൾ അതിന്റെ ആദ്യ പ്രവർത്തന ഘട്ടത്തിലാണ്. അടുത്ത വർഷം പദ്ധതി പൂർത്തിയാകും. പുനരുപയോഗ ഊർജ മേഖലയിൽ 200 ബില്യൻ ദിർഹം വരെ നിക്ഷേപിക്കുമെന്ന് യുഎഇ അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് ഷെയ്ഖ് ഹംദാന്റെ പ്രഖ്യാപനം. മന്ത്രിസഭാ യോഗത്തിൽ പുതുക്കിയ ദേശീയ ഊർജ തന്ത്രത്തിന് അംഗീകാരം ലഭിച്ചതായി വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. വരാനിരിക്കുന്ന ഏഴു വർഷത്തിനുള്ളിൽ പുനരുപയോഗ ഊർജത്തിന്റെ സംഭാവന മൂന്നിരട്ടിയാക്കും. ത്വരിതഗതിയിലുള്ള സാമ്പത്തിക വളർച്ച കാരണം രാജ്യത്ത് വർധിച്ചുവരുന്ന ഊർജ ആവശ്യം നിറവേറ്റുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഹൈഡ്രജനിനായുള്ള ദേശീയ തന്ത്രവും അംഗീകരിച്ചു. അത് അടുത്തിടെ ഏറ്റവും പ്രധാനപ്പെട്ട ശുദ്ധ ഊർജ സ്രോതസ്സുകളിലൊന്നായി ഉയർന്നുവന്നിട്ടുണ്ട്. ഹൈഡ്രജൻ മേഖലയ്ക്കായി ഒരു പ്രത്യേക ദേശീയ ഗവേഷണ വികസന കേന്ദ്രം സ്ഥാപിക്കുമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)