
യുഎഇയിൽ ചൂടേറുന്നു : കുട്ടികളെ വാഹനത്തിൽ തനിച്ചാക്കിയാൽ കടുത്ത ശിക്ഷ നൽകാനൊരുങ്ങി അധികൃതർ..
യുഎഇ: യുഎഇയിൽ ചൂടേറുകയാണ്. ചൂടുകാലത്ത് കുട്ടികളെ വാഹനത്തിൽ തനിച്ചിരുത്തി പോകുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അബുദാബി പൊലീസ് അറിയിപ്പ് നൽകി. എസി ഇട്ടിട്ടു പോയാലും വെയിലത്തു കിടക്കുന്ന വണ്ടി ചൂടായി ഉള്ളിലെ താപനില മാറും. ഇത് കുട്ടികളിൽ അസ്വസ്ഥതയുണ്ടാക്കും. താപനില ഉയരുന്നതോടെ ശ്വാസതടസ്സം ഉണ്ടായി കുട്ടി മരിക്കും. 40 ഡിഗ്രിക്കു മുകളിലാണ് പുറത്തെ ചൂട്. ബന്ധുക്കളുടെയും സ്കൂൾ ബസ് ജീവനക്കാരുടെയും അശ്രദ്ധമൂലം അടച്ചിട്ട വാഹനത്തിൽ ശ്വാസം മുട്ടി കുട്ടികൾ മരിച്ച സംഭവങ്ങൾ പരാമർശിച്ചാണ് പൊലീസിന്റെ മുന്നറിയിപ്പ്.കടകളിൽ സാധനങ്ങൾ വാങ്ങാൻ പോകുന്നവരാണ് ലാഘവത്തോടെ കുട്ടികളെ വാഹനത്തിലാക്കുന്നത് എന്നാണ് ശ്രദ്ധയിൽപ്പെട്ട കേസുകളിൽ കൂടുതലും.
ഗൾഫ് രാജ്യങ്ങളിൽ ജൂൺ മുതൽ ഓഗസ്റ്റ് വരെ കടുത്ത ചൂടനുഭവപ്പെടുന്നതിനാൽ വാഹനങ്ങൾ പാർക്ക് ചെയ്തു പോകുന്നവർ വളരെയധികം ശ്രദ്ധിക്കണം. തുറന്ന സ്ഥലങ്ങളിൽ താപനില 60 ഡിഗ്രിയിലെത്താനും സാധ്യതയുണ്ട്. . ഈ സാഹചര്യത്തിൽ വാഹനത്തിൽ പൂട്ടിയിട്ടു പോകുന്ന കുട്ടികളുടെയും വയോധികരുടെയും ജീവൻ അപകടത്തിലാകും.
Comments (0)