ഗതാഗത സംവിധാനം വൈദ്യുതി വാഹനങ്ങളിലേക്ക് മാറ്റാൻ ലക്ഷ്യമിട്ട് യുഎഇ
യുഎഇയിൽ 2050ഓടെ ഗതാഗത സംവിധാനങ്ങളിൽ 50 ശതമാനം വൈദ്യുതി വാഹനങ്ങളിലേക്ക് മാറ്റാനുള്ള നയങ്ങൾക്ക് രൂപം നൽകി ഊർജ-അടിസ്ഥാന വികസന മന്ത്രാലയം. അടുത്തിടെ മന്ത്രിസഭ അംഗീകരിച്ച ദേശീയ വൈദ്യുതി വാഹന നയം സംബന്ധിച്ച് വിശദീകരിക്കവേ വകുപ്പ് മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് അൽ മസ്രൂയിയാണ് ഇക്കാര്യം അറിയിച്ചത്. വാഹന ഗതാഗത രംഗത്ത് 2050ഓടെ പരമ്പരാഗത ഊർജ ഉപഭോഗം 40 ശതമാനം കുറച്ച് കാർബൺ ബഹിർഗമനം 10 ദശലക്ഷം ടൺ കുറക്കുകയാണ് ലക്ഷ്യം. ഇതിനായി ഹരിത ഗതാഗത രംഗത്തെ പ്രോത്സാഹിപ്പിക്കുകയും ഇലക്ട്രിക് വാഹന വിപണിയിൽ കാര്യമായി ഇടപെടൽ നടത്തുകയും ചെയ്യും. ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യ വികസനത്തിനായി പ്രത്യേക മാർഗനിർദേശങ്ങൾ അടങ്ങിയ ചട്ടക്കൂടിനും വകുപ്പ് രൂപംനൽകും. പ്രാദേശികമായി ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററികൾ റീസൈക്ലിങ് നടത്തുന്നതിനുള്ള നിയമപരവും സാങ്കേതികവുമായ നിയമ ചട്ടക്കൂടിനും രൂപം നൽകും. അതോടൊപ്പം ഹൈബ്രിഡ് വാഹനങ്ങളുടെയും ഇലക്ട്രിക് വാഹനങ്ങളുടെയും വിൽപന പ്രോത്സാഹിപ്പിക്കാനുള്ള നടപടികളും ത്വരിതപ്പെടുത്തും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)