കള്ളപ്പണം തടയുന്നതിൽ വീഴ്ച വരുത്തി യുഎഇ ബാങ്കിന് 11.1 ദശലക്ഷം ദിർഹം പിഴയിട്ട് അധികൃതർ
ദുബൈ: കള്ളപ്പണം തടയുന്നതിനുള്ള സംവിധാനം (എ.എം.എൽ) ഒരുക്കുന്നതിൽ വീഴ്ചവരുത്തിയ ബാങ്കിന് വൻപിഴ ചുമത്തി ദുബൈ ഫിനാൻസ് സർവിസസ് അതോറിറ്റി (ഡി.എഫ്.എസ്.എ). ദുബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന മിറാബൂദ് (മിഡിലീസ്റ്റ്) ബാങ്കിനാണ് ഡി.എഫ്.എസ്.എ 11.1 ദശലക്ഷം ദിർഹം പിഴയിട്ടത്. ഇതിൽ 3.58 ദശലക്ഷം ദിർഹം മിറാബൂദ് പണമിടപാടിലൂടെ നേടിയ കമീഷൻ തുകയാണ്. ഇത് നൽകാമെന്ന് മിറാബൂദ് സമ്മതിച്ചതായി ഡി.എഫ്.എസ്.എ അറിയിച്ചു. അടുത്തിടെ ഡി.എഫ്.എസ്.എ നടത്തിയ പരിശോധനയിൽ 2018-2021 കാലയളവിൽ പരസ്പര ബന്ധമുള്ള ഒമ്പത് ഇടപാടുകാരുടെ ഒരു സംഘവുമായി ബാങ്കിലെ റിലേഷൻഷിപ് മാനേജർ നടത്തിയ പണമിടപാടുകളിൽ കള്ളപ്പണം വെളുപ്പിക്കലിനെതിരായ നിയമങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തിയിരുന്നു.ഈ സംഘവുമായി ബാങ്ക് നടത്തിയ ഇടപാടുകളിൽ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട നിരവധി സംശയങ്ങൾ ഉയരുകയും ചെയ്തിരുന്നു. എന്നാൽ, ബാങ്കിടപാടുകളിൽ കള്ളപ്പണം വെളുപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ഡി.എഫ്.എസ്.എ അറിയിച്ചു. എങ്കിലും ഇത്തരം ഇടപാടുകളിൽ ബാങ്കിൻറെ ഭാഗത്തുനിന്ന് സുരക്ഷാവീഴ്ച സംഭവിച്ച സാഹചര്യത്തിലാണ് പിഴ ചുമത്തിയത്. ബാങ്കിൽ എ.എം.എൽ നയങ്ങൾ നടപ്പാക്കിയിട്ടുണ്ടെങ്കിലും അവ കാര്യക്ഷമമല്ലായിരുന്നെന്നും അന്വേഷണത്തിൽ ബോധ്യമായിരുന്നു. അതോടൊപ്പം സംശയകരമായ ഇത്തരം ഇടപാടുകൾ നടത്തുന്നതിനുമുമ്പ് അക്കൗണ്ട് ഉടമകളെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കാനോ സംശയങ്ങൾ അധികൃതരെ അറിയിക്കാനോ ബാങ്ക് തയാറായിട്ടില്ലെന്ന് ഡി.എഫ്.എസ്.എ വ്യക്തമാക്കി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)