Posted By user Posted On

ഈ കുഞ്ഞുങ്ങളെയോർത്തു മടങ്ങി വരൂ…’; കാണാതായ ഭർത്താവിനെ കണ്ടെത്താൻ സൗദിയിലെത്തി യുവതി; വൈറലായി വിഡിയോ

രണ്ടു വർഷമായി നാട്ടിലെത്താത്ത ഭർത്താവിനെ തേടി യുവതി. പിഞ്ചു കുഞ്ഞിനെയും ഒക്കത്തിരുത്തി മക്കളെ ചേർത്ത് പിടിച്ച് മക്കയിൽ നിന്ന് യുവതിയുടെ വിഡിയോ കഴിഞ്ഞ ദിവസം പ്രവാസി ഗ്രൂപ്പുകളിൽ വൈറലായിരുന്നു. രണ്ടു വർഷത്തിലേറെയായി കുടുംബവുമായി ബന്ധമില്ലാത്ത ഭർത്താവിനെ കണ്ടെത്താൻ സഹായിക്കണമെന്ന അപേക്ഷയുമായാണ് ഉംറ നിർവഹിക്കാനെത്തിയ യുവതിയും മക്കളും ദമാമിലെത്തിയത്. ഒടുവിൽ തങ്ങളെ ഉപേക്ഷിച്ചു സൗദിയിൽ ജീവിക്കുന്ന ഭർത്താവിനെ തേടി കടലു കടന്നെത്തിയ യുവതിക്കും മക്കൾക്കും നിരാശയോടെ മടക്കം.

ഉംറ വീസയിൽ സൗദിയിലെത്തിയ തെലുങ്കാന സ്വദേശിനി സീമ നൗസീൻ ആണ് മക്കളെയും കൂട്ടി ഭർത്താവ് പർവേസിനെ തിരക്കി ദമാമിൽ എത്തിയത്. 15 വർഷം മുമ്പാണ് യുവതിയെ മുഹമ്മദ് പർവേസ് വിവാഹം കഴിച്ചത്. ഈ ബന്ധത്തിൽ ഒരു ആൺകുട്ടിയും രണ്ട് പെൺകുട്ടികളുമുണ്ട്. ദമാമിൽ ഒരു കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന ഭർത്താവ് കഴിഞ്ഞ രണ്ടു വർഷമായി കുടുബവുമായി യാതൊരു ബന്ധവുമില്ലാതെ ജീവിക്കുകയിരുന്നുവെന്നു യുവതി പറയുന്നു. ഇയാളെ കണ്ടെത്താനും ബന്ധപ്പെടുവാനും സാധ്യമായ ഇടങ്ങളിലൊക്കെ സീമ ശ്രമിച്ചു. സമൂഹമാധ്യമത്തിലും ഫോണിലുമൊക്കെയായി സാധ്യമായ വഴികളിലൊക്കെ സന്ദേശം നൽകി നോക്കിയിട്ടും പ്രതികരണമില്ലാതായതോടെ നാട്ടിലെ സാമൂഹിക സംഘടനകൾ വഴിയും ശ്രമം നടത്തി. എന്നിട്ടും ഫലമൊന്നുമില്ലെന്നറിഞ്ഞതോടെയാണ് യുവതി നേരിട്ടിറങ്ങി അന്വേഷിക്കാൻ ധൈര്യം കാണിച്ചത്.

ഇയാൾ സൗദിയിൽ തന്നെയുണ്ടെന്നും മനപൂർവം തന്നെയും മക്കളെയും ഒഴിവാക്കുന്നതാണെന്നും മനസ്സിലാക്കിയ യുവതി ഉംറ വീസയിൽ മൂന്ന് മക്കളെയും പിതാവിനെയും കൂട്ടി സൗദിയിലെത്തുകയായിരുന്നു. മക്കയിൽ നിന്നാണ് കണ്ണീരോടെ യുവതി കുട്ടികൾക്കൊപ്പമുള്ള അഭ്യർഥന വിഡിയോ പോസ്റ്റ് ചെയ്തത്. പ്രവാസി ഗ്രൂപ്പുകളിലടക്കം തെലുങ്ക്, ഹിന്ദി, ആന്ധ്രാ സമൂഹം വിഡിയോ ഷെയർ ചെയ്തെങ്കിലും പ്രതികരണമൊന്നുമില്ലായിരുന്നു.

ഉംറ പൂർത്തീകരിച്ചതിനു ശേഷം റിയാദ് ഇന്ത്യൻ എംബസിയെ സമീപിച്ച് തന്റെയും കുട്ടികളുടെയും അവസ്ഥ യുവതി അറിയിച്ചു. യുവതിയുടെ അവസ്ഥ ബോധ്യമായ എംബസി അധികൃതർ ദമാമിലുള്ള പൊലീസ് സ്റ്റേഷനില്‍ ഔദ്യോഗിക കത്ത് നൽകി. ഒപ്പം സഹായം ചെയ്യുന്നതിനായി ഇന്ത്യൻ എംബസി സാമൂഹിക വിഭാഗം വൊളന്റിയർ മഞ്ജു മണിക്കുട്ടനെയും മണിക്കുട്ടൻ പത്മനാഭനെയും അധികൃതർ ബന്ധപ്പെടുത്തി. അവരെയും കൂട്ടി യുവതി ദമാമിൽ പൊലീസ് സ്റ്റേഷനിലെത്തി, ഭർത്താവിന്റെ ഇഖാമ കോപ്പിയിൽ നിന്നും കമ്പനിയും മറ്റുവിവരങ്ങളും മനസ്സിലാക്കി. തുടർന്ന് സാമൂഹിക പ്രവർത്തകർക്കൊപ്പം സീമയും ഇളയകുട്ടിയും പിതാവും കമ്പനിയിലേക്ക് പോയി. അവിടെ പർവേസ് ഇല്ലെന്ന വിവരമാണ് ആദ്യം കമ്പനിയിലുള്ളവർ നൽകിയത്. ഓഫിസിലേക്ക് കയറാൻ അനുവദിക്കാത്ത കമ്പനി അധികൃതർ എംബസിയിൽ നിന്നുള്ള കത്ത് കാണിച്ചപ്പോൾ അനുവാദം നൽകുകയും ചെയ്തു.

എന്നാൽ, പർവേസ് സീമയെ തലാഖ് ചൊല്ലി ഒഴിവാക്കിയെന്നും മറ്റുമുള്ള വിവരങ്ങളാണ് കമ്പനിയിൽ നിന്നുള്ളവരിൽ നിന്നും ലഭിച്ചത്. ഇത് സംബന്ധിച്ച് തനിക്കോ കുടുംബത്തിനോ യാതൊരു വിവരവും അറിയില്ലെന്ന് സീമ പറയുന്നു.

‘കടം വാങ്ങിയും സുഹൃത്തുക്കളിൽ നിന്നും വായ്പവാങ്ങിയുമാണ് ഭർത്താവിനെ കണ്ടെത്തുന്നതിനായി ഉംറ വീസയ്ക്ക് പണം കണ്ടെത്തിയത്. ഭർത്താവ് രണ്ടു വർഷമായി വീട്ടിൽ ബന്ധപ്പെടുന്നില്ല. കുട്ടികളെ നോക്കുന്നില്ല. കുടുംബം പട്ടിണിയിൽ ആണ്. ഭർത്താവിനെ കണ്ട് പിടിച്ച് തന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും തെറ്റ് ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കണം. ഭർത്താവിനെ തിരിച്ചു കിട്ടാൻ സഹായിക്കണം’ – സീമയുടെ കണ്ണീരോടെയുള്ള അഭ്യർഥന കണ്ടു നിന്നവരുടേയെല്ലാം കണ്ണുനനയിച്ചെന്ന് സാമൂഹിക പ്രവർത്തകർ പറയുന്നു.

ഭർത്താവിനെ കാണാതെ തനിക്കും കുട്ടികൾക്കും മടങ്ങാനാവില്ലെന്ന് കേണപേക്ഷിച്ച യുവതിയെ കാണാൻ കമ്പനിയിലുള്ളവരും സാമൂഹിക പ്രവർത്തകരും ആവശ്യപ്പെട്ടുവെങ്കിലും പർവേസ് പ്രതികരിക്കാൻ തയാറായില്ല. മൊബൈൽ ഓഫാക്കിയിരുന്നു. വീസ കാലവധി തീരുവാൻ മണിക്കൂറുകൾ മാത്രമുള്ളതിനാൽ അവിടെ കാത്തിരുന്നിട്ട് കാര്യമില്ലെന്നു മനസിലാക്കിയ സാമൂഹിക പ്രവർത്തകർ യുവതിയെയും കുടുംബത്തെയും കൂട്ടി നിരാശയോടെ മടങ്ങി. നിയമനടപടികൾ സ്വീകരിച്ച് പർവേസിനെ നാട്ടിലെത്തിക്കാനാവുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്ന് സാമൂഹിക പ്രവർത്തക മഞ്ജു മണിക്കുട്ടനും മണിക്കുട്ടൻ പത്മനാഭനും പറയുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *