Posted By user Posted On

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; നിങ്ങളുടെ യുപിഐ വിദേശ നമ്പറുമായും എന്‍ആര്‍ഐ അക്കൗണ്ടുമായും ബന്ധിപ്പിക്കാം

പ്രവാസികൾക്ക് ഇനി മുതൽ നിങ്ങളുടെ യുപിഐ വിദേശ നമ്പറുമായും എന്‍ആര്‍ഐ അക്കൗണ്ടുമായും ബന്ധിപ്പിക്കാം. ചെറുകിട കടകളില്‍ പോലും ലഭ്യമായ യുപിഐ പേയ്‌മെന്റ് സംവിധാനം പ്രവാസികള്‍ക്കും വിദേശ വിനോദ സഞ്ചാരികള്‍ക്കും ഇനി മുതല്‍ ഉപയോഗിക്കാം. യുപിഐയുടെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തു പണം ഡിജിറ്റലായി കൈമാറാം. ഇതുവരെ ഇന്ത്യന്‍ ഫോണ്‍ നമ്പറുകളില്‍ നിന്നു മാത്രമായിരുന്നു യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫെയ്‌സ് (യുപിഐ) വഴി പണമിടപാട് സാധിച്ചിരുന്നത്. പുതിയ സംവിധാനത്തില്‍ വിദേശ നമ്പറുകളുമായും എന്‍ആര്‍ഐ അക്കൗണ്ടുമായും യുപിഐ ബന്ധിപ്പിക്കാമെന്ന് ധനകാര്യ സഹമന്ത്രി ഡോ. ഭഗവന്ത് കിസാന്റാവു കരാട് പറഞ്ഞു.
യുഎഇ, ഒമാന്‍, ഖത്തര്‍, സൗദി എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ യുപിഐ സൗകര്യം ലഭിക്കുകയെന്ന് ഇന്ത്യന്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയില്‍ മന്ത്രി പറഞ്ഞു. മൊത്തം 10 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുപിഐ ഉപയോഗിക്കാം. അതില്‍ 4 രാജ്യങ്ങളാണ് ഗള്‍ഫ് മേഖലയില്‍ നിന്നുള്ളത്. എടിഎം, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ സൗകര്യമില്ലാത്ത കടകളില്‍ പോലും യുപിഐ പേയ്‌മെന്റ് സംവിധാനമുണ്ട്. വഴിയോരക്കച്ചവടക്കാര്‍ പോലും ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം പ്രയോജനപ്പെടുത്തുന്നു. പ്രവാസികള്‍ക്കും വിദേശികള്‍ക്കും ഉപയോഗിക്കത്തക്ക നിലയില്‍ പ്രീപെയ്ഡ് പേയ്‌മെന്റ് സംവിധാനത്തില്‍ ആവശ്യമായ പരിഷ്‌കാരം വരുത്താന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കി.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും ഇന്ത്യയിലെ ബാങ്കുകളും ചേര്‍ന്നു രൂപം നല്‍കിയ ദേശീയ പേയ്‌മെന്റ് കോര്‍പറേഷനാണ് യുപിഐ സംവിധാനങ്ങളെ നിയന്ത്രിക്കുന്നത്. യുഎഇയില്‍ രൂപയില്‍ വ്യാപാരം നടത്താനുള്ള കരാര്‍ യാഥാര്‍ഥ്യമായതോടെ യുപിഐ സംവിധാനം പ്രവാസികള്‍ക്ക് കൂടുതലായി പ്രയോജനപ്പെടും. ഇന്ത്യ ആതിഥ്യം വഹിക്കുന്ന ജി20 രാജ്യങ്ങളുടെ സമ്മേളനത്തിനു മുന്നോടിയായാണ് യുപിഐ സംവിധാനം വിദേശികള്‍ക്കും പ്രവാസികള്‍ക്കുമായി തുറന്നു കൊടുക്കാന്‍ തീരുമാനിച്ചത്. പ്രവാസികള്‍ക്ക് ലഭിക്കുന്നതു പോലെ എല്ലായിടത്തം യുപിഐ ഉപയോഗിക്കാനുള്ള സൗകര്യം വിദേശ വിനോദ സഞ്ചാരികള്‍ക്ക് ആദ്യ ഘട്ടത്തില്‍ ലഭിക്കില്ല. ബെംഗളൂരു, മുംബൈ, ഡല്‍ഹി വിമാനത്താവളങ്ങളില്‍ ഇറങ്ങുന്നവര്‍ക്കാണ് സേവനം ലഭിക്കുക.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *