യുഎഇയിൽ പ്രവാസി കൗമാരക്കാരൻറെ മൂക്കിൽനിന്ന് 105 ഗ്രാം ട്യൂമർ നീക്കംചെയ്തു
ദുബൈ: കൗമാരക്കാരൻറെ മൂക്കിൽനിന്ന് 105 ഗ്രാം ട്യൂമർ നീക്കംചെയ്തു. ഷാർജയിലെ മെഡ്കെയർ ഹോസ്പിറ്റലിൽ നടന്ന സ്കാർലെസ് എൻഡോസ്കോപിക് ശസ്ത്രക്രിയയിലൂടെയാണ് ട്യൂമർ നീക്കിയത്. മൊറോക്കൻ പൗരനായ 14കാരൻ യൂസഫ് മസ്ബാഹിക്കാണ് 150,000 വ്യക്തികളിൽ ഒരാൾക്ക് സംഭവിക്കുന്ന അപൂർവ ട്യൂമറായ ജുവനൈൽ നാസോഫറിംഗൽ ആൻജിയോഫിബ്രോമ (ജെ.എൻ.എ) ഘട്ടം-അഞ്ച് ബാധിച്ചത്. 105 ഗ്രാം ഭാരമുള്ള ട്യൂമർ നീക്കംചെയ്യാനുള്ള സങ്കീർണ ശസ്ത്രക്രിയ നടത്താൻ മൊറോക്കോയിലെയും യൂറോപ്പിലെയും ഡോക്ടർമാർ വിസമ്മതിച്ചതിനെത്തുടർന്ന് ഷാർജയിലെ മെഡ്കെയർ ആശുപത്രിയിലെ ഡോക്ടർമാർ വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു.ഇ.എൻ.ടി സ്പെഷലിസ്റ്റ് പ്രഫ. ഡോ. ടി.എൻ. ജാനകിറാം, കൺസൾട്ടൻറ് ഒട്ടോലാരിംഗോളജി ഡോ. സെയ്ദ് അൽഹബാഷ് എന്നിവരുടെ നേതൃത്വത്തിൽ ഇ.എൻ.ടി ഡോക്ടർമാർ, ന്യൂറോ സർജന്മാർ, അനസ്തെറ്റിസ്റ്റുകൾ, തീവ്രപരിചരണ വിദഗ്ധർ എന്നിവരടങ്ങിയ മൾട്ടി ഡിസിപ്ലിനറി ടീം ആറുമണിക്കൂർ നീണ്ട സങ്കീർണ ശസ്ത്രക്രിയയിലൂടെയാണ് ട്യൂമർ നീക്കിയത്.അത്യാധുനിക സാങ്കേതികവിദ്യകളുടെ ഒരു പരമ്പര ഉൾപ്പെട്ട ഈ ശസ്ത്രക്രിയ, ആധുനിക വൈദ്യശാസ്ത്രത്തിൻറെ മുന്നേറ്റത്തെ അടയാളപ്പെടുത്തുന്ന അതുല്യ നേട്ടമാണെന്ന് ഷാർജ മെഡ്കെയർ ഹോസ്പിറ്റലിലെ സ്പെഷലിസ്റ്റ് ഇ.എൻ.ടി ഡോ. ടി.എൻ. ജാനകി റാം പറഞ്ഞു. ലോകമെമ്പാടുമുള്ള രോഗികളുടെ ആവശ്യങ്ങളെ പിന്തുണക്കുന്നതിനായി നൂതന സാങ്കേതിക വിദ്യകൾ തുടർച്ചയായി കൊണ്ടുവരുന്നതിലൂടെ രോഗികൾക്ക് സാധ്യമായ ഏറ്റവും മികച്ച പരിചരണം നൽകുക എന്നതാണ് മെഡ്കെയറിൻറെ ലക്ഷ്യമെന്നും ഡോ. ജാനകിറാം കൂട്ടിച്ചേർത്തു
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)