യുഎഇയിലെ ഫാം ഹൗസകൾ ഇനി അവധിക്കാല വീടുകളാകും; പുതിയ നീക്കവുമായി വിനോദസഞ്ചാര വകുപ്പ്
അബൂദബി: ഫാം ഹൗസുകൾ അവധിക്കാല വീടുകളായി മാറ്റുന്നതിന് അബൂദബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് അനുമതി നൽകി. എമിറേറ്റിൽ വ്യത്യസ്ത താമസസൗകര്യങ്ങൾ പ്രദാനം ചെയ്യുന്നതിനും ഫാം ഉടമകൾക്ക് സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നതിനുമാണ് പുതിയ നീക്കം. ഹോളിഡേ ഹോമുകൾ ഒരുക്കുന്നതിന് ഫാം ഹൗസ് ഉടമകൾക്ക് വകുപ്പിൽനിന്ന് ലൈസൻസ് കരസ്ഥമാക്കാം. ഫാം സ്റ്റേ, കാരവൻ, വിനോദ വാഹനം തുടങ്ങിയവ ഉൾപ്പെടെയുള്ള ഹോളിഡേ ഹോം നയമാണ് സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് പുതുക്കിയത്. ഭൂ ഉടമകൾക്കും താമസകേന്ദ്ര ഉടമകൾക്കും ഒന്നിലേറെ ഹോളിഡേ ഹോം ലൈസൻസുകൾ തരപ്പെടുത്താം.അബൂദബിയുടെ ആതിഥ്യത്തെയും കാർഷിക-ടൂറിസം മേഖലയെയും പിന്തുണക്കുന്നതാണ് പുതിയ തീരുമാനമെന്ന് വകുപ്പ് ഡയറക്ടർ ജനറൽ സാലിഹ് മുഹമ്മദ് അൽ ജെസീരി പറഞ്ഞു. ഹോളിഡേ ഹോമുകളുടെ ലൈസൻസ് മാനദണ്ഡം പാലിക്കുന്നതിന് ആറുമാസം ഫാം ഹൗസ് ഉടമകൾക്ക് സാവകാശം നൽകും. പ്രാദേശിക ടൂറിസം വികസനത്തിൻറെ സാധ്യതകൾ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫാം ടൂറിസത്തിനും അബൂദബിയിൽ അധികൃതർ അനുമതി നൽകുകയായിരുന്നു. മുൻവർഷത്തെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണത്തിൽ 13 ശതമാനത്തിൻറെ വർധനയുണ്ടായി. ഹോട്ടലുകളിലെ മുറികളിൽ 70 ശതമാനവും ബുക്കിങ് ചെയ്യപ്പെടുകയും ചെയ്തിരുന്നു. പശ്ചിമേഷ്യയിലെ ശരാശരി 67 ശതമാനമാണെന്നിരിക്കെയാണ് അബൂദബി 70 ശതമാനം കൈവരിച്ചത്. ഏറ്റവും കൂടുതൽ സന്ദർശകർ അബൂദബിയിലെത്തിയത് ഇന്ത്യ, സൗദി, ബ്രിട്ടൻ, യു.എസ് എന്നീ രാജ്യങ്ങളിൽനിന്നാണ്. അബൂദബിയിൽ സംഘടിപ്പിച്ച വിനോദ, കായിക, വ്യാപാര, റോഡ് ഷോ മുതലായവയാണ് സന്ദർശകരുടെ വർധനക്ക് സഹായകമായത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)