യുഎഇ-കേരള പുതിയ സർവീസ് ആരംഭിച്ച് സലാം എയർ
ഒമാനിലെ ബജറ്റ് വിമാന കമ്പനിയായ സലാം എയർ ഫുജൈറയിൽനിന്ന് കോഴിക്കോട്ടേക്കും സർവിസ് ആരംഭിക്കുന്നു. ഒക്ടോബര് രണ്ടുമുതലാണ് ഫുജൈറ വിമാനത്താവളത്തിൽനിന്ന് സലാം എയർ കോഴിക്കോട്ടേക്ക് സർവിസുകൾ ആരംഭിക്കുന്നത്. ഫുജൈറയിൽനിന്ന് മസ്കത്ത് വഴിയാണ് സർവിസ്. കോഴിക്കോട്ടേക്ക് എല്ലാ തിങ്കളാഴ്ചകളിലും രാവിലെ 10.20നും വൈകീട്ട് 7.50നുമാണ് സർവിസ്. അന്നേ ദിവസം വൈകീട്ട് 4.20ന് തിരിച്ച് ഫുജൈറയിലേക്കും സർവിസ് ഉണ്ടായിരിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. സലാം എയർ കഴിഞ്ഞ മാസം ഫുജൈറയിൽനിന്ന് തിരുവനന്തപുരത്തേക്ക് സര്വിസ് ആരംഭിച്ചിരുന്നു. കേരളം കൂടാതെ ഇന്ത്യയിലെ മറ്റ് നഗരങ്ങളായ ജയ്പുർ, ലഖ്നോ എന്നിവിടങ്ങളിലേക്കും ഫുജൈറയിൽനിന്ന് നേരത്തെ സർവിസുകൾ ആരംഭിച്ചിരുന്നു.
തിരുവനന്തപുരത്തേക്ക് തിങ്കൾ, ബുധൻ ദിവസങ്ങളിലായി രാവിലെ ഒമ്പതിനും വൈകീട്ട് 8.15നും ആയി ആഴ്ചയിൽ നാല് സർവിസുകളാണ് ഇപ്പോഴുള്ളത്. മസ്കത്ത് കേന്ദ്രമായി പ്രവർത്തിക്കുന്ന സലാം എയർ താരതമ്യേന കുറഞ്ഞ നിരക്ക് ഈടാക്കുന്നതിനാൽ മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് പുതിയ സർവിസ് ഏറെ പ്രയോജനം ചെയ്യുമെന്നാണ് വിലയിരുത്തൽ. കുറഞ്ഞ നിരക്കിനൊപ്പം 40 കിലോ ലഗേജും അനുവദിക്കുന്നുണ്ട്. എയർ ഇന്ത്യ ഉൾപ്പെടെയുള്ള കമ്പനികൾ ടിക്കറ്റ് നിരക്കിൽ വൻ വർധന വരുത്തുന്ന സാഹചര്യത്തിൽ സലാം എയറിന്റെ പുതിയ സർവിസ് സമീപപ്രദേശങ്ങളിൽനിന്നും മറ്റു എമിറേറ്റ്സുകളിൽനിന്നും യാത്രക്കാരെ ഫുജൈറയിലേക്ക് ആകർഷിക്കുന്നു. അതേസമയം, ഇന്ത്യയിൽ നിന്നുള്ള പ്രമുഖ വിമാന കമ്പനികൾ ഫുജൈറയിൽനിന്ന് സർവിസ് ആരംഭിക്കാനുള്ള ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി എയർ ഇന്ത്യ അധികൃതർ ഫുജൈറ വിമാനത്താവളം സന്ദർശിച്ചിരുന്നു. കാർഗോ വിമാനങ്ങളുടെ സർവിസും ഫുജൈറയിൽനിന്ന് വിപുലപ്പെടുത്താനുള്ള ചർച്ചകളും നടന്നുവരുകയാണ്. ചരക്കുകൾ സൂക്ഷിക്കാനുള്ള സംഭരണശേഷി ഫുജൈറയിൽ വർധിപ്പിച്ചിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)