യു.എ.ഇ ഫെഡറൽ നാഷനൽ കൗൺസിൽ തെരഞ്ഞെടുപ്പ്; അന്തിമ സ്ഥാനാർഥിപ്പട്ടികക്ക് അംഗീകാരം
ദുബൈ: ഈവർഷം നടക്കുന്ന യു.എ.ഇ ഫെഡറൽ നാഷനൽ കൗൺസിൽ തെരഞ്ഞെടുപ്പിനുള്ള അന്തിമ സ്ഥാനാർഥിപ്പട്ടികക്ക് ദേശീയ തെരഞ്ഞെടുപ്പ് കമീഷൻ (എൻ.ഇ.സി) അംഗീകാരം നൽകി. 309 പേരുടെ പട്ടികയിൽ 118 പേർ അബൂദബിയിൽനിന്നാണ്. ദുബൈ 57, ഷാർജ 50, അജ്മാൻ 21, റാസൽ ഖൈമ 34, ഉമ്മുൽ ഖുവൈൻ 14, ഫുജൈറ 15 എന്നിങ്ങനെയാണ് മറ്റ് എമിറേറ്റുകളിലെ സ്ഥാനാർഥികളുടെ എണ്ണം. പട്ടികയിൽ 59 ശതമാനം പുരുഷൻമാരും 41 ശതമാനം സ്ത്രീകളുമാണ്. 36 സ്ഥാനാർഥികൾ 25നും 35നും ഇടയിൽ പ്രായമുള്ള യുവതീയുവാക്കളാണ്. 273 പേർ 36 വയസ്സിനും അതിന് മുകളിലുള്ളവരാണ്.പ്രാഥമിക പട്ടികക്കെതിരെ പരാതി സമർപ്പിക്കാനുള്ള സമയം ആഗസ്റ്റ് 26 മുതൽ 28വരെ തീയതികളിൽ ആയിരുന്നു. എന്നാൽ, ഒരു സ്ഥാനാർഥിക്കെതിരെയും പരാതി സമർപ്പിക്കപ്പെട്ടിരുന്നില്ല. പിന്നാലെയാണ് അന്തിമ പട്ടിക തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗീകരിച്ചത്. 40 അംഗങ്ങളുള്ള ഫെഡറൽ നാഷനൽ കൗൺസിലിൽ 20 പേരെയാണ് തെരഞ്ഞെടുക്കുന്നത്. അബൂദബിയിലും ദുബൈയിലും നാലു വീതവും ഷാർജ, റാസൽ ഖൈമ എമിറേറ്റുകളിൽ മൂന്നു വീതവും അജ്മാൻ ഉമ്മുൽ ഖുവൈൻ, ഫുജൈറ എന്ന് എമിറേറ്റുകളിൽ രണ്ട് വീതം സീറ്റുകളുമാണുള്ളത്. ഈ മാസം 11 മുതൽ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കും. നാമനിർദേശം പിൻവലിക്കാനുള്ള അവസാന തീയതി ഈമാസം 26 ആണ്. ഒക്ടോബർ ഏഴിനാണ് തെരഞ്ഞെടുപ്പ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)