യുഎഇ; മുൻസിപ്പൽ പിഴകളിൽ അൻപത് ശതമാനം ഇളവ്
മുനിസിപ്പൽ നിയമലംഘനങ്ങളുടെ പിഴയിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് ഷാർജ എക്സിക്യൂട്ടിവ് കൗൺസിൽ. 90 ദിവസത്തേക്കാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബർ അഞ്ച് ചൊവ്വാഴ്ച വരെ രേഖപ്പെടുത്തിയ എല്ലാ മുനിസിപ്പൽ നിയമലംഘനങ്ങളുടെ പിഴയിലും ഉത്തരവ് ബാധകമാണ്. ആകെ പിഴ മൂല്യത്തിന്റെ പകുതിയാണ് ഇളവ് ലഭിക്കുക. മറ്റു വിശദ വിവരങ്ങൾ വൈകാതെ അധികൃതർ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഷാർജ കിരീടാവകാശിയും ഉപഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ അധ്യക്ഷതയിൽ ഷാർജ ഭരണാധികാരിയുടെ ഓഫിസിലാണ് എക്സിക്യൂട്ടിവ് കൗൺസിൽ യോഗം ചേർന്നത്.
വിവിധ സർക്കാർ പദ്ധതികളുടെ പുരോഗതി വിലയിരുത്തിയ യോഗം പുതിയ വികസന പദ്ധതികൾ സംബന്ധിച്ചും ചർച്ച ചെയ്തു. എമിറേറ്റിൽ പ്രകൃതിക്ഷോഭങ്ങളിൽ വീട് നഷ്ടപ്പെട്ടവർക്ക് സഹായം നൽകാനും യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.
ഷാർജ സാമൂഹിക സേവന വകുപ്പിനാണ് സഹായം എത്തിക്കുന്നതിനുള്ള ചുമതല നൽകിയിട്ടുള്ളത്. ഷാർജ എമിറേറ്റിലെ എൻവയോൺമെന്റ് ആൻഡ് പ്രൊട്ടക്റ്റഡ് ഏരിയാസ് അതോറിറ്റിയുമായി അഫിലിയേറ്റ് ചെയ്ത ഡോഗ് കെയർ സെന്റർ ഷാർജ സ്പോർട്സ് കൗൺസിലുമായി ബന്ധിപ്പിക്കാനുള്ള തീരുമാനവും യോഗത്തിൽ സ്വീകരിച്ചു. ഷാർജ ഉപഭരണാധികാരിയും എക്സിക്യൂട്ടിവ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാനുമായ ശൈഖ് അബ്ദുല്ല ബിൻ സാലിം ബിൻ സുൽത്താൻ അൽ ഖാസിമി, ഷാർജ ഉപഭരണാധികാരിയും എക്സിക്യൂട്ടിവ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാനുമായ ശൈഖ് സുൽത്താൻ ബിൻ അഹ്മ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി എന്നിവരും കൗൺസിൽ യോഗത്തിൽ സന്നിഹിതരായിരുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)