അഭിമാന നിമിഷം; പ്രവർത്തനമികവിൽ കുതിച്ചു പാഞ്ഞ് ദുബൈ മെട്രോ
ദുബൈ: ട്രെയിനുകളുടെ കൃത്യനിഷ്ഠതയിലും പരിപാലനത്തിലും മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ട് ദുബൈ മെട്രോ. 2009ൽ പ്രവർത്തനം ആരംഭിച്ചതു മുതൽ ഇതുവരെ മെട്രോ റെയിലുകളുടെ പരിപാലനത്തിനായി ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) ചെലവിട്ടത് 1.68 കോടി മണിക്കൂർ.റെയിലുകൾ, തുരങ്കങ്ങൾ, ഗാരേജുകൾ എന്നിവയുടെ അറ്റകുറ്റപ്പണികൾക്കായാണ് ഇത്രയധികം സമയം ചെലവിട്ടിരിക്കുന്നത്. അന്താരാഷ്ട്ര സുരക്ഷ മാനദണ്ഡങ്ങളെ പോലും പിന്നിലാക്കി സമയനിഷ്ഠ നിരക്ക് 99.9 ശതമാനം നേടാനും ദുബൈ മെട്രോക്ക് സാധിച്ചു. അതോടൊപ്പം കഴിഞ്ഞ 14 വർഷത്തിനിടെ പത്തുലക്ഷം കിലോമീറ്റർ സഞ്ചാര ദൂരവും ദുബൈ മെട്രോ പിന്നിട്ടുകഴിഞ്ഞു. ലോകോത്തര നിലവാരത്തിലുള്ള സേവനങ്ങളാണ് ദുബൈ മെട്രോ യാത്രക്കാർക്കായി ഒരുക്കിയിട്ടുള്ളതെന്ന് ആർ.ടി.എ പ്രസ്താവനയിൽ വ്യക്തമാക്കി. റെയിലുകളുടെ പരിശോധനകൾക്കായി മെയിൻറനൻസ് ജീവനക്കാർ ഇതുവരെ കാൽനടയായി നടന്നത് 30,000 കിലോമീറ്ററാണ്.അറ്റകുറ്റപ്പണികൾ തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോകാനായി പ്രത്യേക ആപ്പുകളും ആർ.ടി.എ വികസിപ്പിച്ചിരുന്നു. കാര്യക്ഷമത വർധിപ്പിക്കുന്നതിനും പേപ്പർ രഹിത നയങ്ങൾ സാക്ഷാത്കരിക്കുന്നതിൻറെയും ഭാഗമായായിരുന്നു ഈ നടപടികൾ. നഗര ഗതാഗത രംഗത്ത് ആഗോള നിലവാരം കാത്തുസൂക്ഷിക്കുന്നതിൽ ദുബൈ മെട്രോയുടെ പ്രതിബദ്ധതയാണ് ഈ മികവിലൂടെ പ്രതിഫലിക്കുന്നതെന്നും ആർ.ടി.എ വ്യക്തമാക്കി.ദൈനംദിന പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ പ്രത്യേക മാനേജ്മെൻറ്, അറ്റകുറ്റപ്പണികൾക്കായുള്ള വിവിധ പ്രോഗ്രാമുകൾ, റെയിലുകളുടെ നീളം കൂട്ടുന്നതുമായി ബദ്ധപ്പെട്ട റെയിൽ ഗ്രൈൻഡിങ്, ഗ്രീൻ ലൈനിലും റെഡ്ലൈനിലുമായി 14 കിലോമീറ്റർ നീളമുള്ള തുരങ്കപാതയുടെ സുരക്ഷ പരിശോധനക്കായി ഡ്രോൺ ഉൾപ്പെടെയുള്ള നൂതന സംവിധാനങ്ങൾ, യാത്രക്കാരുടെ സുരക്ഷക്കായി ഒരുക്കിയ 10,000 സി.സി കാമറകൾ, സുഗമമായ യാത്രാസൗകര്യം ഒരുക്കുന്നതിനായി ആസൂത്രണം ചെയ്ത വ്യത്യസ്ത രീതിയിലുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്നിവ മെട്രോയുടെ മികവ് ഉയർത്തുന്നതിലും സുസ്ഥിരമായി നിലനിർത്തുന്നതിലും നിർണായക പങ്കുവെച്ചിട്ടുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibh
Comments (0)