യുഎഇയിൽ വാണിജ്യ ഏജൻസി നിയമം ലംഘിച്ചാൽ കനത്ത പിഴ; നടപടി കടുപ്പിച്ച് സാമ്പത്തികകാര്യ മന്ത്രാലയം
ദുബൈ: പരിഷ്കരിച്ച വാണിജ്യ ഏജൻസി നിയമം ലംഘിച്ചാൽ സാമ്പത്തികകാര്യ മന്ത്രാലയം കനത്ത പിഴ ചുമത്തും. നിയമം കർശനമായി നടപ്പിലാക്കുന്നതിൻറെ ഭാഗമായി ഒരു ലക്ഷം ദിർഹം മുതൽ നാലുലക്ഷം ദിർഹം വരെ പിഴ ഏർപ്പെടുത്തുമെന്നാണ് അറയിച്ചിരിക്കുന്നത്. അന്താരാഷ്ട്ര ബിസിനസ് സംരംഭം കരാറിൽ ഏർപ്പെട്ടിരിക്കുന്ന ഏജൻറിനല്ലാതെ സ്ഥാപനങ്ങൾക്കോ വ്യക്തികൾക്കോ ഉൽപന്നങ്ങൾ വിൽപന നടത്തിയാൽ ഇതനുസരിച്ച് പിഴ ചുമത്തപ്പെടും. ഇത്തരം നിയമലംഘനങ്ങളിൽ പിഴ ചുമത്തുന്നതുകൂടാതെ ദുബൈ കസ്റ്റംസ് ചരക്കുകൾ പിടിച്ചെടുക്കുമെന്നും സാമ്പത്തികകാര്യ മന്ത്രാലയത്തിലെ സീനിയർ ലീഗൽ കോൺസൽ ഹസൻ അൽ കിലാനി പറഞ്ഞു.മുമ്പുണ്ടായിരുന്ന നിയമത്തിൽ സുപ്രധാനമായ മാറ്റമാണ് പുതുതായി ഉണ്ടായിരിക്കുന്നത്. നേരത്തെ ഇത്തരം വിഷയങ്ങൾ സിവിൽ കോടതിയുടെ പരിഗണനക്ക് വിടാറാണ് പതിവ്. പുതിയ നിയമത്തിൽ രണ്ടുതരത്തിൽ പിഴ ചുമത്തുന്നതിനാണ് വകുപ്പുള്ളത്. നിയമലംഘനത്തിന് ആദ്യം വാണിങ് നൽകും. ആവർത്തിച്ചാൽ ഒരു ലക്ഷം മുതൽ രണ്ടുലക്ഷം വരെ പിഴ ചുമത്തുകയും ചരക്ക് പിടിച്ചെടുക്കുകയും ചെയ്യും. വീണ്ടും തെറ്റ് ആവർത്തിക്കുന്ന സാഹചര്യമുണ്ടായാലാണ് നാലു ലക്ഷംവരെ പിഴ ചുമത്തുക. കരാർലംഘനങ്ങൾ കുറ്റകൃത്യമായി പരിഗണിക്കുമെന്ന സന്ദേശം അന്താരാഷ്ട്ര സ്ഥാപനങ്ങൾക്ക് നൽകുകയാണ് നിയമം കർശനമാക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. നേരത്തെ മന്ത്രിസഭയുടെ അംഗീകാരം നേടിയ നിയമം ജൂൺ മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. പ്രാബല്യത്തിൽ വരുന്നതിനുമുമ്പ് നിലവിൽ വന്ന കരാറുകൾക്കും പുതിയ നിയമം ബാധകമാണ്. എല്ലാ നിലവിലുള്ള കരാറുകളും ഇതോടെ പുതിയ നിയമത്തിന് കീഴിൽവരും. എന്നാൽ, കരാർ പുതുക്കാതിരിക്കുകയോ ഒഴിവാക്കുകയോ ചെയ്താൽ ബാധകമായിരിക്കില്ല.പുതിയ നിയമപ്രകാരം, കുറഞ്ഞത് 51 ശതമാനം യു.എ.ഇ പൗരന് അവകാശമുള്ള പൊതു ഓഹരി ഉടമകളുടെ കമ്പനികൾക്ക് വാണിജ്യ ഏജൻസി പ്രവർത്തനങ്ങളിൽ ഏർപ്പെടാം. കരാറിൽ മറ്റുതരത്തിൽ പ്രസ്താവിച്ചിട്ടില്ലെങ്കിൽ കെട്ടിടങ്ങൾ, വെയർഹൗസുകൾ, അല്ലെങ്കിൽ മെയിന്റനൻസ് സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്ന വാണിജ്യ ഏജൻസി കരാറുകൾ സാധാരണയായി അഞ്ച് വർഷത്തേക്കായാണ് കണക്കാക്കുക. അതോടൊപ്പം സാമ്പത്തിക മന്ത്രാലയത്തിലെ വാണിജ്യ ഏജൻസികളുടെ രജിസ്റ്ററിലുള്ള സ്ഥാപനങ്ങൾക്കുമാത്രമേ വാണിജ്യ ഏജൻസി പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കഴിയൂവെന്നും പുതിയ നിയമം വ്യക്തമാക്കുന്നുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF
Comments (0)