ബാങ്ക് രസീതിൽ കൃത്രിമം നടത്തി ലക്ഷങ്ങൾ തട്ടി; യുഎഇയിലെ പ്രവാസി മലയാളിക്കെതിരെ ആരോപണവുമായി സുഹൃത്ത്
അബൂദബി: ബാങ്ക് രസീതിൽ കൃത്രിമം നടത്തി ലക്ഷങ്ങൾ തട്ടിയെടുത്തതായി ആരോപണം. യു.എ.ഇയിൽ താമസിക്കുന്ന പ്രവാസി മലയാളിക്കെതിരെ സ്വന്തം നാട്ടുകാരൻതന്നെയാണ് രംഗത്തെത്തിയത്. യു.എ.ഇയിൽ നാട്ടിലെ 10 ലക്ഷം രൂപക്ക് തുല്യമായ ദിർഹം ബാങ്കിലൂടെ അയച്ചതായി കാണിച്ച് സുഹൃത്ത് വ്യാജ രസീത് നൽകുകയായിരുന്നു. പണം അക്കൗണ്ടിലേക്ക് എത്തിയെന്ന ഔദ്യോഗിക രേഖ ലഭിച്ചതോടെ ഇടപാടുകാരൻ നാട്ടിൽ 10 ലക്ഷം രൂപ ഇയാൾ പറയുന്ന ആൾക്ക് കൈമാറുകയും ചെയ്തു. അക്കൗണ്ടിൽ ദിർഹം ക്രെഡിറ്റാകാൻ സമയമെടുക്കുമെന്നും അത്യാവശ്യമായി നാട്ടിൽ പണം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു ഇയാൾ സുഹൃത്തിനെ വിശ്വസിപ്പിച്ചത്. പണം കൈമാറിയശേഷം അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി തിരിച്ചറിഞ്ഞത്. 10 ലക്ഷം രൂപക്ക് തുല്യമായ ദിർഹത്തിനുപകരം ചെറിയ തുക ബാങ്കിൽ നിക്ഷേപിച്ച് രസീതിൽ കൃത്രിമം നടത്തുകയുമായിരുന്നു. ഈ പണമിടപാട് അനധികൃതമായതിനാൽ കേസ് കൊടുത്ത് വാങ്ങിയെടുക്കാനുള്ള സാഹചര്യവും അയച്ച വ്യക്തിക്കില്ല എന്നതാണ് പ്രതിസന്ധി.ഇത്തരത്തിൽ അനധികൃതമായി പണമിടപാടുകൾ നടത്തുന്നതിനെതിരെ അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും പലരും ഗൗരവത്തിൽ പരിഗണിക്കാറില്ല. ഇതാണ് വൻതുകകൾ നഷ്ടപ്പെടാനുള്ള കാരണവും. പണമിടപാടുമായി ബന്ധപ്പെട്ട നിരവധി തട്ടിപ്പുകളാണ് ഓൺലൈനായും നേരിട്ടുമൊക്കെ നടക്കുന്നത്. പലർക്കും മുമ്പും സമാന സ്വഭാവമുള്ള തട്ടിപ്പുകളിലൂടെ പണം നഷ്ടപ്പെട്ടിട്ടുമുണ്ട്. സൈബർ കുറ്റകൃത്യത്തിന് പിടിക്കപ്പെട്ടാൽ രണ്ടു ലക്ഷം മുതൽ 29 ലക്ഷം ദിർഹം വരെ പിഴയും തടവും നാടുകടത്തലുമാണ് ശിക്ഷ.അതേസമയം, 13 ഇന്ത്യക്കാരും അവരുടെ ഏഴു കമ്പനികളും കള്ളപ്പണം വെളുപ്പിക്കൽ, നികുതിവെട്ടിപ്പ് കുറ്റം ചെയ്തതായി അബൂദബി ക്രിമിനൽ കോടതി അടുത്തിടെ കണ്ടെത്തിയിരുന്നു. 510 ദശലക്ഷം ദിർഹമിന്റെ വ്യാപാരമാണ് ഇവർ അനധികൃതമായി നടത്തിയത്. കുറ്റവാളികളിൽ നാലുപേരെ അഞ്ചു മുതൽ 10 വർഷം വരെ തടവിനും ജയിൽ കാലാവധി പൂർത്തിയാക്കിയശേഷം നാടുകടത്താനും ഉത്തരവിട്ടു. 50 ലക്ഷം ദിർഹം മുതൽ ഒരു കോടി ദിർഹം വരെ പിഴയും ഇവർ കെട്ടണം. കുറ്റകൃത്യത്തിൽ ഉൾപ്പെട്ട കമ്പനി ഒരു കോടി ദിർഹമാണ് പിഴയൊടുക്കേണ്ടത്. ട്രാവൽ ഏജൻസിയുടെ ആസ്ഥാനമാണ് ഇവർ അനധികൃത സാമ്പത്തിക പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചത്. ഇതിലൂടെ അഞ്ചു ബില്യൺ ദിർഹം സ്വന്തമാക്കുകയും ചെയ്തതെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF
Comments (0)