യുഎഇയിൽ കൃത്യസമയത്ത് ശമ്പളം നൽകിയില്ലെങ്കിൽ കമ്പനിക്കെതിരെ കനത്ത നടപടി; ജീവനക്കാർക്ക് മലയാളത്തിലും പരാതി നൽകാം
അബുദാബി ∙ യുഎഇയിൽ കൃത്യസമയത്ത് ശമ്പളം നൽകാത്ത സ്വകാര്യ കമ്പനികൾക്കെതിരെ നടപടി ശക്തമാക്കി മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. വൻതുക പിഴ ചുമത്തുന്നതിനു പുറമെ ഈ കമ്പനികൾക്കുള്ള മന്ത്രാലയ സേവനങ്ങൾ തടയും. നിയമലംഘനം ആവർത്തിക്കുന്ന കമ്പനികളുടെ ലൈസൻസ് റദ്ദാക്കുന്നത് അടക്കം കടുത്ത നടപടി ഉണ്ടാകും. നിശ്ചിത തീയതിക്കകം ശമ്പളം നൽകേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്തമാണ്. വേതനം ലഭിക്കാതിരിക്കുകയോ കാലതാമസം നേരിടുകയോ ചെയ്താൽ യഥാസമയം പരാതിപ്പെടണമെന്ന് ജീവനക്കാരോടും അഭ്യർഥിച്ചു.വേതന സംരക്ഷണ സംവിധാനം (ഡബ്ല്യുപിഎസ്) വഴിയാണ് ശമ്പളം നൽകേണ്ടത്. തൊഴിൽ കരാറിൽ രേഖപ്പെടുത്തിയ തീയതിയിലോ തൊട്ടടുത്ത ദിവസമോ ശമ്പളം നൽകണം. പ്രത്യേക കാലയളവ് വ്യക്തമാക്കിയിട്ടില്ലെങ്കിൽ മാസത്തിൽ ഒരിക്കൽ 15 ദിവസം വൈകാതെ ശമ്പളം നൽകണം. ജോലി ചെയ്ത് ഒരു മാസം പൂർത്തിയാക്കിയിട്ടും ശമ്പളം നൽകിയില്ലെങ്കിൽ കുടിശിക വരുത്തിയതായി കണക്കാക്കും. ജീവനക്കാരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിന് മാന്യമായ ശമ്പളം നൽകണം.വേതനം വൈകിപ്പിക്കുന്ന കമ്പനിക്കു 5,000 മുതൽ 50,000 ദിർഹം പിഴ ഈടാക്കും. ശമ്പളം ലഭിച്ചതായി വ്യാജ പേ സ്ലിപ് കാണിക്കാൻ തൊഴിലാളികളെ നിർബന്ധിക്കുക, നിയമ നടപടിയിൽനിന്ന് രക്ഷപ്പെടാൻ വേതന സുരക്ഷാ പട്ടികയിൽ തെറ്റായ വിവരം നൽകുക എന്നീ കുറ്റങ്ങൾക്കും ആളൊന്നിനു 5000 ദിർഹവുംപരമാവധി 50,000 ദിർഹം പിഴ അടയ്ക്കേണ്ടിവരും.മലയാളം, തമിഴ്, ഹിന്ദി, പഞ്ചാബി, തെലുങ്ക്, ഉറുദു, ബംഗാളി, നേപ്പാളി, അറബിക്, ഇംഗ്ലിഷ്, ഫ്രഞ്ച് തുടങ്ങി 20 ഭാഷകളിൽ പരാതിപ്പെടാം.
∙ ഫോൺ 600 590000
∙ ഇമെയിൽ [email protected]
∙ വെബ്സൈറ്റ് www.mohre.gov.ae
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF
Comments (0)