Posted By user Posted On

യുഎഇയിൽ 3.77 കോടി ദിർഹത്തിൻറെ ലഹരിമരുന്ന് പിടികൂടി; ആറ് പേർ അറസ്റ്റിൽ

ദുബായ്∙ ടൺ കണക്കിന് ലഹരി ഗുളികകൾ പിടിച്ചെടുത്ത ഓപറേഷൻ സ്റ്റോമിന്റെ വിശദാംശങ്ങൾ പുറത്ത് വിട്ട് ദുബായ് പൊലീസ്. കപ്പലിലെ അഞ്ച് കണ്ടെയ്നറുകളിൽ നിന്നായി 14 ടണ്ണോളം ലഹരി മരുന്നാണ് പൊലീസ് പിടിച്ചെടുത്തത്. ആറുപേരെ അറസ്റ്റു ചെയ്തു.
കഴിഞ്ഞ ആഴ്ച ദുബായിലെത്തിയ കപ്പലിലെ അഞ്ച് കണ്ടെയ്നറുകളിൽ നിന്നായി പിടിച്ചെടുത്ത ലഹരി മരുന്നിന് 3.77 കോടി ദിർഹം മൂല്യമുണ്ട്. 13.76 ടൺ നിരോധിക്കപ്പെട്ട കാപ്റ്റഗൺ ഗുളികകളാണ് കടത്താൻ ശ്രമിച്ചത്. 651 വാതിലുകൾക്കും 432 അലങ്കാരപാനലുകൾക്കും ഉള്ളിലാണ് ലഹരിമരുന്ന് ഒളിപ്പിച്ചത്. ഇപ്പോൾ ഓപ്പറേഷൻ സ്റ്റോമിന്റെ വിശദാംശങ്ങൾ ഡോക്യുമെന്ററി രൂപത്തിൽ പുറത്തുവിട്ടിരിക്കുകയാണ് ദുബായ് പൊലീസ്.

ചരക്ക് കപ്പലിലെ അഞ്ച് കണ്ടെയനറുകളിലായി ലഹരിമരുന്ന് വരുന്നുണ്ടെന്ന സൂചന ലഭിക്കുന്നതോടെയാണ് അന്വേഷണം തുടങ്ങുന്നത്. അതീവ രഹസ്യമായാണ് കണ്ടെയനുകൾ തിരിച്ചറിയാൻ നീക്കം നടത്തിയതെന്ന് പൊലീസ് ഡോക്യുമെന്ററിയിൽ പറയുന്നു. പ്രാഥമിക പരിശോധനയിൽ ഒന്നും കണ്ടെത്തിയിരുന്നില്ല. എക്സ്റെ സ്കാനിലാണ് ഫർണിച്ചറുകൾക്കുള്ളിൽ തിരിച്ചറിയാനാകാത്ത വസ്തുക്കളുണ്ടെന്ന് കണ്ടെത്തിയത്.

പിന്നാലെ ഡോഗ് സ്ക്വാഡ് ലഹരി മരുന്നിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. വാതിലുകളിലും ഫർണിച്ചർ പാനലുകളിലും നിരനിരയായി അടുക്കിയാണ് ഗുളികൾ ഒളിപ്പിച്ചിരുന്നത്. ഇതിന് പിന്നിലുള്ളവരെ കണ്ടെത്താൻ കണ്ടെയനറുകൾ തുറമുഖത്തേക്ക് തിരിച്ചയച്ചു. മൂന്നു കണ്ടെയനറുകളുടെ ക്ലിയറിൻസിന് അപേക്ഷിച്ച പ്രതികളിൽ ഒരാളെ അറസ്റ്റ് ചെയ്തു. രണ്ട് കണ്ടെയനറുകളെ പിന്തുടർന്ന് അത് കൈപ്പറ്റിയ ആളെയും പിടികൂടി.

മറ്റൊരു എമിറേറ്റിലെ ഗോഡൗണിൽ നിന്ന് മൂന്നാമനെയും കസ്റ്റഡിയിലെടുത്തു. ബാക്കിയുള്ള കണ്ടെയ്നറുകൾ നീക്കം ചെയ്യാനെത്തിയപ്പോഴാണ് മറ്റുള്ളവർ പിടിയിലായത്. ദിവസങ്ങളെടുത്താണ് ഫർണിച്ചറുകളിൽനിന്ന് 860 ലക്ഷം ഗുളികകൾ വേർതിരിച്ച് എടുത്തത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF

Comments (0)

Leave a Reply

Your email address will not be published. Required fields are marked *