
യാത്രക്കാരൻറെ കൈവശം കോഫി മേക്കർ, തുറന്ന് പരിശോധിച്ചപ്പോൾ കോടികളുടെ സ്വർണം; യുഎഇയിൽ നിന്നെത്തിയ യുവാവ് പിടിയിൽ
നാഗ്പുർ: നാഗ്പുരിൽ വിമാനയാത്രക്കാരൻ കോഫി മേക്കറിനുള്ളിൽ കടത്തിയ കോടികളുടെ സ്വർണം പിടികൂടി. നാഗ്പുർ രാജ്യാന്തര വിമാനത്താവളത്തിൽ വെള്ളിയാഴ്ചയാണ് സംഭവം. യു.എ.ഇയിലെ ഷാർജയിൽനിന്നും നാഗ്പുരിലെത്തിയ യാത്രക്കാരനിൽനിന്നാണ് കസ്റ്റംസ് അധികൃതർ സ്വർണം പിടികൂടിയത്. 2.10 കോടിയുടെ സ്വർണം കോഫി മേക്കറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. എയർ അറേബ്യയുടെ വിമാനത്തിലെത്തിയ യാത്രക്കാരെ പരിശോധിക്കുന്നതിനിടെയാണ് സ്വർണം കണ്ടെത്തിയത്. കോഫി മേക്കറിനുള്ളിൽ 3497 ഗ്രാം സ്വർണമാണുണ്ടായിരുന്നതെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു. കൂടുതൽ അന്വേഷണം നടക്കുന്നതിനാൽ യാത്രക്കാരൻറെ പേരുവിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. അടുത്തിടെ നാഗ്പുർ വിമാനത്താവളത്തിൽ പിടികൂടുന്ന ഏറ്റവും വലിയ സ്വർണ വേട്ടകളിലൊന്നാണിത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF
Comments (0)