യുഎഇയിൽ നിയമലംഘനം കൂടുന്നു; രണ്ടു ദിവസത്തിനിടെ 36 വാഹനങ്ങൾ പിടികൂടി
ദുബൈ: ദുബൈയിൽ കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ചവരുത്തിയ 36 വാഹനങ്ങൾ പിടികൂടിയതായി ദുബൈ പൊലീസ് അറിയിച്ചു.
അശ്രദ്ധവും അപകടകരവുമായ ഡ്രൈവിങ്, റോഡിലെ മറ്റു വാഹനങ്ങൾക്ക് ശല്യമുണ്ടാക്കുക, വാഹനങ്ങളുടെ എൻജിൻ, ചേസിസ് എന്നിവയിൽ നിയപരമല്ലാത്ത രീതിയിൽ മാറ്റം വരുത്തുക, നഗരവാസികൾക്ക് ശല്യമാവുക, നമ്പർ പ്ലേറ്റിൽ വ്യക്തതയില്ലായ്മ, ഡ്രൈിവിങ്ങിനിടെ റോഡിൽ മാലിന്യങ്ങൾ വലിച്ചെറിയുക തുടങ്ങിയ കുറ്റങ്ങൾ കണ്ടെത്തിയ വാഹനങ്ങളാണ് പിടികൂടിയത്.
ഇത്തരം നിയമലംഘകർക്കെതിരെ കർശനമായ നടപടിയെടുക്കുമെന്ന് ജനറൽ ഡിപ്പാർട്ട്മെൻറ് ഓഫ് ട്രാഫിക്കിൻറെ ഡെപ്യൂട്ടി ഡയറക്ടർ കേണൽ മുഹമ്മദ് അബ്ദുല്ല ഖൽഫാൻ അൽ ഖുവേദി പറഞ്ഞു. 2023ൽ പാസാക്കിയ ഫെഡറൽ നിയമപ്രകാരം ഇത്തരം നിയമലംഘനങ്ങൾക്ക് 50,000 ദിർഹം വരെയാണ് പിഴ ശിക്ഷയെന്നും അദ്ദേഹം ഓർമിപ്പിച്ചു. നിയമലംഘനങ്ങൾക്കെതിരെ ദുബൈ ട്രാഫിക് പൊലീസ് നേരത്തെ മുന്നറിയിപ്പു നൽകിയിരുന്നു.
മറ്റുള്ളവരുടെ ജീവന് അപകടമുണ്ടാക്കുകയോ റോഡുകൾക്ക് കേടുപാടു വരുത്തുകയോ ചെയ്യുന്ന രീതിയിൽ അമിത വേഗത്തിൽ വാഹനമോടിക്കുന്നവർക്കെതിരേയും ശക്തമായ പിഴ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമം ലംഘിക്കുന്നവരിൽ 80 ശതമാനം പേരും വലിയ അപകടങ്ങളിൽപ്പെടുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്യുന്നുണ്ട്.
നിയമലംഘകരെ പിടികൂടുന്നതിൽ പൊലീസ് വിട്ടുവീഴ്ച കാണിക്കില്ല. ദുബൈ പൊലീസ് ആപ്പിലെ പൊലീസ് ഐ സേവനങ്ങൾ ഉപയോഗിച്ച് നിയമലംഘനങ്ങൾ അറിയിക്കാമെന്നും അദ്ദേഹം ഓർമപ്പെടുത്തി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF
Comments (0)