ശൈത്യകാലത്തെ വരവേൽക്കാൻ യുഎഇ; ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബറിൽ, അറിയാം വിശദമായി
കഠിന ചൂടിനെവിട്ട് ശൈത്യക്കുളിരിനെ വരവേൽക്കാനൊരുങ്ങുന്ന ജനങ്ങൾക്ക് ആസ്വാദനത്തിൻറെയും ആനന്ദത്തിൻറെയും അനന്ത സാധ്യതകളാണ് എമിറേറ്റ് ഒരുക്കുന്നത്. വരുന്ന ആറുമാസമിനി അബൂദബിക്ക് ആഘോഷ നാളുകൾക്കൂടിയാണ്. വിവിധങ്ങളായ അനവധി പരിപാടികൾക്ക് അരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി വരികയാണ്. തണുപ്പുകാല ആഘോഷങ്ങളിൽ രാജ്യത്തെ തന്നെ പ്രധാനപ്പെട്ട ആഘോഷമായ ശൈഖ് സായിദ് ഫെസ്റ്റിവലിൻറെ പുതിയ പതിപ്പ് നവംബർ 17ന് ആരംഭിക്കും. അബൂദബിയിലെ കുടുംബസമേതമുള്ള ഉല്ലാസങ്ങൾക്ക് നിറംപകരാൻ സിനിമാ ഇൻ ദ പാർക്കും പാർക്ക് മാർക്കറ്റും മടങ്ങിവരുന്നു എന്നതാണ് ശൈത്യകാല വിനോദങ്ങളിലെ മറ്റൊരുകാര്യം. കാലാവസ്ഥ അനുകൂലമാവുന്നതോടെയാണ് ഔട്ട്ഡോർ സിനിമാ പ്രദർശനം ആരംഭിക്കുക. ഒക്ടോബർ ആറു മുതൽ ആരംഭിക്കുന്ന ഔട്ട്ഡോർ സിനിമാ പ്രദർശനം 2024 ഏപ്രിൽ 27 വരെ തുടരും. വെള്ളിയാഴ്ചകളിലും ശനിയാഴ്ചകളിൽ വൈകീട്ട് ആറിനും എട്ടിനുമായാണ് പ്രദർശനങ്ങൾ. കഴിഞ്ഞവർഷത്തെ ഔട്ട്ഡോർ സിനിമാ പ്രദർശനങ്ങളിൽ കുട്ടികൾക്ക് പ്രിയങ്കരമായ ചാർലി, ചോക്കലേറ്റ് ഫാക്ടറി, ദ ലയൺ കിങ് മുതലായ ചിത്രങ്ങളായിരുന്നു ഇടംപിടിച്ചിരുന്നത്.
റമദാനിൽ പ്രദർശന സമയം രാത്രി ഏഴിനും ഒമ്പതിനു ആയി മാറ്റുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഉമ്മുൽ ഇമാറാത്ത് പാർക്കിൽ പ്രസിദ്ധമായ പാർക്ക് മാർക്കറ്റും തിരികെയെത്തുന്നത് കുടുംബങ്ങൾക്ക് ആവേശംപകരുന്ന വാർത്തയായി. നാൽപതിലേറെ വ്യാപാരികളാവും ഭക്ഷണവും കരകൗശലവസ്തുക്കളും അടക്കമുള്ളവയുമായി പാർക്കിലെ വിപണിയെ സജീവമാക്കാനെത്തുക. കലാ പ്രദർശനങ്ങൾ, കുടുംബ സൗഹൃദ വിനോദപരിപാടികൾ, ഫിറ്റ്നസ്, വെൽനസ് ക്ലാസുകൾ തുടങ്ങിയവയും ഇതോടൊപ്പം പാർക്കിൽ സജ്ജമാക്കുന്നുണ്ട്. വൈകീട്ട് നാലു മുതൽ രാത്രി 10 വരെയാണ് പാർക്കിലെത്തുന്ന സന്ദർശകർക്കായി വിപണി പ്രവർത്തിക്കുക. 2024 മാർച്ച് 30 വരെ പാർക്ക് മാർക്കറ്റ് ഉണ്ടാവും. കൂടുതൽ വിവരങ്ങൾക്കായി ummalemaratpark.ae വെബ്സൈറ്റ് സന്ദർശിക്കാം. അബൂദബി അൽവത്ബയിൽ ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 17 മുതൽ 2024 മാർച്ച് ഒമ്പത് വരെയായിരിക്കും അരങ്ങേറുക. സാംസ്കാരിക, വിനോദ, സാമൂഹിക, കായിക പരിപാടികൾ മേളയുടെ ഭാഗമാണ്. ദേശീയ പൈതൃകം സംരക്ഷിക്കുക, ഇമാറാത്തി നാഗരികതയുടെ ആഴം ഉറപ്പിക്കുക, ഭാവി തലമുറകളിലേക്ക് രാജ്യത്തിൻറെ ചരിത്രവും പൈതൃകവും പകരുക തുടങ്ങിയ പ്രധാന സന്ദേശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ ഫെസ്റ്റിവൽ ശ്രദ്ധ കേന്ദ്രീകരിക്കും. മുൻ കാലങ്ങളിലേതുപോലെ തന്നെ ഹെറിറ്റേജ് വില്ലേജ്, ഇമാറാത്തി സിവിലൈസേഷൻസ് പവലയിനുകൾ, ഫൺ ഫെയർ സിറ്റി, ചിൽഡ്രൻസ് സിറ്റി, ആർട്ട് ഡിസ്ട്രിക്ട്, ഗോ കാർട്ടിങ് മൽസങ്ങൾ, ക്രേസി കാർ, ഗ്ലോ ആൻഡ് ഫ്ളവർ ഗാർഡൻ, സെൽഫി സ്ട്രീറ്റ്, ഡെസർട്ട് മ്യൂസിയും തുടങ്ങിയ ഇടങ്ങളിലെ പ്രദർശനങ്ങളും ഷോകളുമൊക്കെ ആഘോഷത്തിൻറെ പ്രധാന ആകർഷണങ്ങളാണ്. ശൈഖ് സായിദ് ഫെസ്റ്റിവൽ വേദിയിൽ പുതുവർഷ രാവിൽ പത്തുലക്ഷത്തിലേറെ പേരെ സാക്ഷിയാക്കി നടത്തിയ കരിമരുന്ന് പ്രകടനവും ഡ്രോൺ ഷോയും നാല് ലോകറെക്കോഡുകൾ തകർത്തിരുന്നു. ഒരുമണിക്കൂറോളം സമയം നീണ്ട കരിമരുന്ന് പ്രകടനവും ഡ്രോൺ ഷോയും മേഖലയിൽ തന്നെ ആദ്യത്തെ അനുഭവമായിരുന്നു. ലോകത്തിലെ വിനോദസഞ്ചാര, സാംസ്കാരിക കേന്ദ്രമെന്ന അബൂദബിയുടെ പദവിയെ പ്രോൽസാഹിപ്പിക്കുന്നതിലും ഫെസ്റ്റിവൽ സുപ്രധാന പങ്കാണു വഹിച്ചുവരുന്നത്. യൂനിയൻ പരേഡ്, ദേശീയദിന ആഘോഷങ്ങൾ, പുതുവർഷ ആഘോഷങ്ങൾ, ഗ്ലോബൽ പരേഡ്, അൽ വത്ബ കസ്റ്റം ഷോ തുടങ്ങി കുടുംബങ്ങളെയടക്കം സന്തുഷ്ടപ്പെടുന്ന പരിപാടികൾ ഫെസ്റ്റിവലിൻറെ പ്രത്യേകതകളാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF
Comments (0)