ലിബിയയിലേക്ക് 37 സഹായ വിമാനങ്ങൾ അയച്ച് യുഎഇ
യുഎഇയിൽനിന്ന് ചുഴലിക്കാറ്റും വെള്ളപ്പൊക്കവും നാശംവിതച്ച ലിബിയയിലേക്ക് ഇതുവരെ 37 വിമാനങ്ങളിലായി 815 ടൺ ദുരിതാശ്വാസ സാമഗ്രികൾ അയച്ചു. ഭക്ഷണം, പാർപ്പിടസാമഗ്രികൾ, മെഡിക്കൽ കിറ്റുകൾ എന്നിവയാണ് അയക്കുന്നത്. ദുരിതബാധിതർക്ക് അടിയന്തരസഹായം നൽകാനുള്ള യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരം നേരത്തേ എയർ ബ്രിഡ്ജ് സ്ഥാപിച്ചിരുന്നു. പ്രദേശങ്ങളിൽ രോഗങ്ങൾ പടരുന്നത് ഒഴിവാക്കാൻ വ്യക്തിശുചിത്വ കിറ്റുകൾ വിതരണം ചെയ്യുന്നുണ്ട്. യു.എ.ഇ.യിലെ എമിറേറ്റ്സ് റെഡ് ക്രസൻറ്് (ഇ.ആർ.സി.), സായിദ് ബിൻ സുൽത്താൻ അൽനഹ്യാൻ ചാരിറ്റബിൾ ആൻഡ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ, ഖലീഫ ബിൻ സായിദ് അൽനഹ്യാൻ ഫൗണ്ടേഷൻ, മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം ചാരിറ്റി ആൻഡ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ എന്നിവയിൽനിന്നുള്ള സംഘങ്ങളാണ് ലിബിയയിൽ ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. കഴിഞ്ഞമാസം 10-നായിരുന്നു ലിബിയയെ നടുക്കിയ പ്രകൃതിദുരന്തമുണ്ടായത്. വെള്ളപ്പൊക്കത്തിലും കൊടുങ്കാറ്റിലും അകപ്പെട്ട് ആയിരക്കണക്കിന് ആളുകൾ മരിക്കുകയും ഒട്ടേറെപ്പേരെ കാണാതാവുകയും ചെയ്തിരുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF
Comments (0)