യുഎഇ; നിയമവിരുദ്ധമായി കടത്താൻ ശ്രമിച്ച 3 ലക്ഷം ഗുളികകൾ പിടികൂടി
യുഎഇയിലേക്ക് കാർഗോ കണ്ടെയ്നറിൽ കടത്താൻ ശ്രമിച്ച 3 ലക്ഷം ഗുളികകൾ ദുബായ് കസ്റ്റംസ് പിടികൂടി. 136 പെട്ടികളിലായി കടത്തുകയായിരുന്ന മാനസികാരോഗ്യ ചികിത്സക്കുള്ള ഗുളികകളാണ് പിടികൂടിയത്. വിദേശ രാജ്യത്തുനിന്ന് ജബൽ അലി തുറമുഖത്തെത്തിയ കണ്ടെയ്നറിൽ കസ്റ്റംസ് അധികൃതർ നടത്തിയ പരിശോധനയിലാണിത് കണ്ടെത്തിയത്. വാണിജ്യാടിസ്ഥാനത്തിലെത്തിയ കപ്പലിൽ ദുബൈ കസ്റ്റംസിന്റെ ‘സിയാജ്’ പദ്ധതിയുടെ ഭാഗമായാണ് പ്രത്യേക പരിശോധന നടത്തിയത്. കണ്ടെയ്നറിന്റെ റൂട്ടിന്റെയും ഇന്റലിജൻസ് വിവരങ്ങളുടെയും അടിസ്ഥാനത്തിൽ ശരിയായ അന്വേഷണവും വിശകലനവും നടത്തിയാണ് പരിശോധന നടത്തിയത്. കണ്ടെയ്നർ തുറമുഖത്തേക്ക് എത്തുമ്പോൾത്തന്നെ ട്രാക്ക് ചെയ്യുകയും അവിടെയെത്തിയ ഉടൻ കസ്റ്റംസ് പരിശോധനക്കായി റെഡ് ലൈനിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു. തുടർന്ന് പ്രത്യേക സംഘം കാർഗോ കണ്ടെയ്നർ പരിശോധിച്ചപ്പോഴാണ് ബോക്സിനുള്ളിൽ ഒളിപ്പിച്ച നിലയിൽ മാനസികരോഗ്യ ചികിത്സക്കായി ഉപയോഗിക്കുന്ന വിവിധതരം ഗുളികകൾ കണ്ടെത്തിയത്. അനധികൃതമായി മരുന്നുകൾ അടക്കമുള്ളവ കടത്തുന്നത് കണ്ടെത്താൻ ആഗോള തലത്തിൽ ഏറ്റവും മികച്ച സംവിധാനങ്ങളാണ് ദുബൈ കസ്റ്റംസ് ഉപയോഗിക്കുന്നത്. കസ്റ്റംസ് ഇൻസ്പെക്ഷൻ ഡിവിഷൻ വിപുലമായ സാങ്കേതിക വിദ്യകൾ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. സമാന രീതിയിലുള്ള കള്ളക്കടത്ത് ചെറുക്കാനുള്ള ശ്രമങ്ങൾ ദുബൈ കസ്റ്റംസ് ശക്തമാക്കിയതായി ജബൽ അലി കസ്റ്റംസ് ഇൻസ്പെക്ഷൻ സെന്റർ സീനിയർ മാനേജർ മർവാൻ അൽ മുഹൈരി പറഞ്ഞു. ചെക്ക്പോസ്റ്റുകളിലൂടെയുള്ള കള്ളക്കടത്ത് ശ്രമം തടയാൻ വിപുലമായ സന്നാഹങ്ങളാണുള്ളത്. കസ്റ്റംസ് റിസ്ക് മാനേജ്മെന്റ്, ടാർഗറ്റിങ്, ഇൻസ്പെക്ഷൻ എന്നീ മേഖലകളിലെല്ലാം ഏറ്റവും മികച്ച സംവിധാനമുണ്ട്. ഇത് അപകടസാധ്യതയുള്ള കയറ്റുമതിയെ എളുപ്പത്തിൽ പിടികൂടാനും സഹായിക്കുന്നു -അദ്ദേഹം കൂട്ടിച്ചേർത്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF
Comments (0)