യുഎഇയിൽ ക്രൂസ് സീസൺ തുടങ്ങി; ആദ്യ കപ്പലെത്തി
ദുബൈ: വിനോദ സഞ്ചാരികളുമായി ക്രൂസ് കപ്പലുകൾ ദുബൈ തുറമുഖത്ത് വൈകാതെ എത്തിത്തുടങ്ങി. വ്യാഴാഴ്ച സീസണിലെ ആദ്യ കപ്പൽ മെയിൻ ഷിഫ്-2 മിന റാശിദിലെ ഹംദാൻ ബിൻ മുഹമ്മദ് ക്രൂസ് ടെർമിനലിൽ എത്തിച്ചേർന്നു. വരും ആഴ്ചകളിൽ 150ഓളം കപ്പലുകൾ എമിറേറ്റിലെ രണ്ട് തുറമുഖങ്ങളിലായി നങ്കൂരമിടും. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് വലിയ വളർച്ചയാണ് ഈ വർഷം ഈ മേഖലയിൽ പ്രതീക്ഷിക്കപ്പെടുന്നത്. മിന റാശിദിലും ദുബൈ ഹാർബറിലുമായാണ് കപ്പലുകളെത്തുക.
പ്രധാന ക്രൂസ് കപ്പൽ കമ്പനികളായ എം.എസ്സി ക്രൂസ്, ടി.യു.ഐ ക്രൂസ്, എയ്ഡ ക്രൂസ്, കോസ്റ്റ ക്രൂസ്, പൊനന്റ് ക്രൂസ് എന്നിവ ദുബൈയിൽ നിന്ന് സർവീസ് നടത്തും. ഇതിന് പുറമെ, കുനാർഡ്, പി ആൻഡ് ഒ ക്രൂസസ്, പ്രിൻസസ് ക്രൂസ്, റോയൽ കരീബിയൻ ക്രൂസ്, സെലിബ്രിറ്റി, കോർഡെലിയ ക്രൂസ് എന്നിവ എമിറേറ്റ് വഴി സർവീസ് നടത്തുകയും ചെയ്യും. കഴിഞ്ഞ സീസണിൽ ക്രൂസ് മേഖലയിലെ വളർച്ചക്കും വികാസത്തിനും വലിയ മുന്നേറ്റം ഉണ്ടായതായി ദുബൈ ഹാർബറിന്റെ ഉടമയും ക്യൂറേറ്ററുമായ ഷമാൽ ഹോൾഡിങിലെ ചീഫ് പോർട്ട്ഫോളിയോ മാനേജ്മെന്റ് ഓഫീസർ അബ്ദുല്ല ബിൻ ഹബ്തൂർ പറഞ്ഞു. കഴിഞ്ഞ സീസണിൽ മൂന്നു ലക്ഷം യാത്രക്കാരെത്തി. മുൻ സീസണേക്കാൾ 40ശതമാനം വളർച്ചയായിരുന്നു ഇത്.കൂടുതൽ പ്രമുഖ കമ്പനികൾ സർവീസിന് സന്നദ്ധമായതോടെ വരും മാസങ്ങളിൽ വലിയ വളർച്ചയാണ് പ്രതീക്ഷിക്കുന്നത് -അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv
Comments (0)